SignIn
Kerala Kaumudi Online
Sunday, 24 May 2026 1.05 AM IST

രാമൻകുളങ്ങര–മരുത്തടി റോഡ്... പൊട്ടി​പ്പൊളി​ഞ്ഞ റോഡി​ൽ നട്ടം തി​രി​ഞ്ഞ് നാട്ടുകാർ

r
രാമൻകുളങ്ങര- മരുത്തടി റോഡിന്റെ ദുരവസ്ഥ

​കൊല്ലം: കോർപ്പറേഷനിലെ അഞ്ച് ഡിവിഷനുകളിലൂടെ കടന്നുപോകുന്ന, ഏകദേശം മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള രാമൻകുളങ്ങര- മരുത്തടി റോഡ് പൊട്ടിപ്പൊളിഞ്ഞ് നാടിന് ദുരിതമായിട്ടും തിരിഞ്ഞു നോക്കാൻ ആളില്ല. നേരേ ചൊവ്വേ സഞ്ചരിക്കാനാവാത്ത അവസ്ഥയിലാണ് റോഡ്.

​ആലാട്ട്കാവ്, കന്നിമേൽ വെസ്റ്റ്, കന്നിമേൽ തുടങ്ങി അഞ്ച് കോർപറേഷൻ ഡിവിഷനുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന റോഡാണിത്. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പുറമെ മരുത്തടി സ്കൂൾ, പള്ളിക്കാവ് സ്കൂൾ, കേന്ദ്രീയ വിദ്യാലയം, സെന്റ് മേരീസ് സ്കൂൾ, അങ്കണവാടികൾ തുടങ്ങിയ ഒട്ടേറെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഈ ഭാഗങ്ങളിലുണ്ട്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോഴും ഇവിടമൊന്നു ശ്രദ്ധിക്കാൻ ആരും തയ്യാറാവുന്നില്ല. രാമൻകുളങ്ങര, കോട്ടൂർകുളങ്ങര ക്ഷേത്രത്തിന് സമീപം, ഗോപിക്കട ജംഗ്ഷൻ, കെ.ബി.സി ജംഗ്ഷൻ, പഴവൂർ ജംഗ്ഷൻ തുടങ്ങിയ ഭാഗങ്ങളി​ലെല്ലാം റോഡ് പൊളിഞ്ഞു കിടക്കുകയാണ്.

​മുമ്പ് മരുത്തടി ഉത്സവത്തോടനുബന്ധിച്ച് പാച്ച് വർക്ക് ചെയ്യാൻ കോർപ്പറേഷൻ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ കത്ത് നൽകിയിരുന്നു. തുടർന്ന് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റോഡ് പൂർണ്ണമായി നവീകരിക്കാൻ സംസ്ഥാന സർക്കാർ 2 കോടിയോളം രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ റീ-ടെൻഡറിൽ പദ്ധതി തുകയേക്കാൾ 28 ശതമാനം അധികത്തി​ലാണ് കരാർ ഉറപ്പിച്ചത്.

പരമാവധി​ 20 ശതമാനം

പൊതുമരാമത്ത് വകുപ്പിന് പരമാവധി 20 ശതമാനം അധികത്തുക മാത്രമേ സ്വന്തം നിലയ്ക്ക് അനുവദിക്കാൻ നിയമപരമായ അധികാരമുള്ളൂ. അതിൽക്കൂടുതൽ തുക അനുവദിക്കണമെങ്കിൽ മന്ത്രിസഭയുടെ പ്രത്യേക അനുമതി ആവശ്യമാണ്. ഈ ഭരണാനുമതി ലഭിക്കാത്തതാണ് നിലവിൽ പണി മുടങ്ങാൻ കാരണം. മന്ത്രിസഭയുടെ അനുമതി വേഗത്തിലാക്കി റോഡ് പണി ഉടൻ പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അധികൃതർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അല്ലെങ്കി​ൽ ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും പ്രദേശവാസികൾ പറയുന്നു.

​മഴ പെയ്തു കഴിഞ്ഞാൽ പിന്നെ ഞങ്ങൾക്ക് അങ്ങോട്ട് പോകാൻ ഒട്ടും പറ്റില്ല; കുഴിയേത്, റോഡേത് എന്ന് അറിയാൻ പറ്റാത്ത അവസ്ഥയാണ്. രണ്ടര മാസമായി ഞങ്ങളുടെ നടുവ് പൊളി​യുകയാണ്. ഇതിനൊരു ശാശ്വത പരിഹാരം വേണം

രാജീവൻ, ഓട്ടോറിക്ഷാ ഡ്രൈവർ, രാമൻകുളങ്ങര

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL