ആലപ്പുഴ: ടൂറിസം കേന്ദ്രങ്ങളും ബീച്ചുകളും ഹിൽസ്റ്റേഷനുകളുമെല്ലാം കേന്ദ്രീകരിച്ചുള്ള വെൽനെസ് ടൂറിസം സെന്ററുകൾ കേരളത്തെ ആയുർവേദത്തിന്റെ യൂണിക്ക് സെല്ലിംഗ് പോയിന്റാക്കി മാറ്റിയിരിക്കുകയാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കേരളകൗമുദി ആലപ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ റോയൽപാർക്ക് ഹോട്ടലിൽ സംഘടിപ്പിച്ച ആയുർവേദിക് കോൺക്ളേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ടൂറിസം രംഗത്ത് കേരളത്തിൽ സ്വകാര്യ നിക്ഷേപം സാദ്ധ്യമാക്കുന്നതിനായി ഇൻവെസ്റ്റേഴ്സ് മീറ്റിൽ വലിയൊരു നിരതന്നെ തയ്യാറായി എത്തിയിട്ടുണ്ട്. സ്വന്തമായി എയർവേയ്സ് തുടങ്ങുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാനം ഗൗരവമായ ചർച്ചകൾ നടത്തിവരികയാണ്. ടൂറിസത്തിൽ പരീക്ഷണങ്ങളാണ് ആവശ്യം. പരമ്പരാഗത ശൈലി തുടർന്നാൽ വിജയിക്കില്ല.
കാരവനും ഹെലി ടൂറിസവുമുൾപ്പടെ നിരവധി പരീക്ഷണങ്ങളാണ് കേരളം നടത്തിയത്. ടൂറിസം രംഗത്ത് സംസ്ഥാനം രാജസ്ഥാനുപോലും വെല്ലുവിളിയാകുന്ന നിലയിൽ ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകളുടെ കേന്ദ്രമായി മാറി. ഹൗസ് ബോട്ടുകളിൽ നടന്ന വിവാഹങ്ങളുൾപ്പെടെ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് സെന്ററായി ആലപ്പുഴയെയും മാറ്റാം. മുസിരീസ് ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ആലപ്പുഴയിലെ കനാലുകളുടെ വികസനം കൂടുതൽ വേഗത്തിലാക്കും.
നാഷണൽ ജിയോഗ്രാഫിക് ട്രാവലർ ലോകത്തെ പത്ത് പറുദീസകളിലൊന്നായി കേരളത്തെ അംഗീകരിച്ചതും വിദേശ രാജ്യങ്ങളിലെ ടൂറിസം മീറ്റുകളിൽ കേരളത്തിന്റെ ടൂറിസവും പരമ്പരാഗത ആയുർവേദ ചികിത്സയും അംഗീകരിക്കപ്പെട്ടതും സംസ്ഥാനത്തിന് അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു.
കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം എന്നിവർ പ്രഭാഷണം നടത്തി. ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ് മുഖ്യാതിഥിയായിരുന്നു. ഡോ.എ.വി.ആനന്ദരാജ് സംസാരിച്ചു. കേരളകൗമുദി ആലപ്പുഴ യൂണിറ്റ് ചീഫ് കെ.എസ്.സന്ദീപ് സ്വാഗതവും ന്യൂസ് എഡിറ്റർ എം.പി.സുനിൽ നന്ദിയും പറഞ്ഞു. ആയുർവേദ, ടൂറിസം രംഗത്തെ പ്രമുഖർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വെളിയിൽ ഗ്രൂപ്പ് ചെയർമാൻ വി.എൻ.ബാബു, മരിയാസ് നാച്ചുറൽസ് മാനേജിംഗ് ഡയറക്ടർ മരിയാ സാജൻ, കൃപാസനം സ്ഥാപക ഡയറക്ടർ ഫാ.വി.പി.ജോസഫ് വലിയവീട്ടിൽ, ശ്രീരുദ്ര ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ചെയർമാൻ ഡോ.കെ.എസ്.വിഷ്ണു നമ്പൂതിരി, വളവനാട് ലക്ഷ്മിനാരായണ ക്ഷേത്രം രക്ഷാധികാരി പ്രകാശ് സ്വാമി, ആന്റണീസ് അക്കാഡമി മാനേജിംഗ് ഡയറക്ടർ എ.എസ്.ആന്റണി, സാഹിത്യകാരൻ ഡോ.എസ്.അരുൺ കുമാർ (എഴുത്താളൻ), എയർവേ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജിംഗ് ഡയറക്ടർ രാഖി കൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മരിയാസ് നാച്ചുറൽസ് ഏർപ്പെടുത്തിയ വിദ്യാഭ്യാസ, ചികിത്സാ ധനസഹായ പദ്ധതികളുടെ വിതരണവും ചടങ്ങിൽ നടന്നു.
'വിവാദമല്ല, വികസനമാണ് ആവശ്യമെന്ന
കേരളകൗമുദിയുടെ നയം ശ്രദ്ധേയം'
വിവാദമല്ല, വികസനമാണ് ആവശ്യമെന്ന കേരളകൗമുദിയുടെ നയം ശ്രദ്ധേയമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അനാവശ്യവിവാദങ്ങൾ ടൂറിസം പോലുള്ള വ്യവസായങ്ങളെ പിന്നോട്ടടിക്കാനേ ഉപകരിക്കൂ. നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ചൂരൽമല ദുരന്തത്തെ വയനാട് ദുരന്തമെന്ന പേരിൽ മാദ്ധ്യമങ്ങളും സമൂഹവും വിശേഷിപ്പിച്ചത് വയനാട്ടിൽ വികസിച്ചുവന്ന ബംഗളൂരു വയനാട് വീക്കെൻഡ് ടൂറിസത്തെയാണ് ബാധിച്ചത്. എന്റെ കേരളം എത്ര സുന്ദരമെന്ന ഗംഭീര ക്യാമ്പയിനിലൂടെയാണ് വീണ്ടും വയനാടിനെ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റിയത്. ടൂറിസം രംഗത്ത് അനാവശ്യ വിവാദത്തെ പ്രോത്സാഹിപ്പിക്കാതെ പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ കേരളകൗമുദിക്ക് കഴിഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |