
ആരാധകർ ഡിക്യു എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന താരമാണ് ദുൽഖർ സൽമാൻ. അദ്ദേഹത്തിന്റെ പല സിനിമകൾക്കും പ്രേക്ഷകർക്കിടയിൽ പ്രത്യേക ഫാൻബേസുണ്ട്. എന്നാൽ, പലരും നെപ്പോകിഡ് എന്ന് വിളിച്ച് അദ്ദേഹത്തിന്റെ അഭിനയത്തെ ചോദ്യം ചെയ്യാറുണ്ട്. പൊതുവെ മാതാപിതാക്കളുടെ പാതപിന്തുടർന്ന് സിനിമയിലേക്കുൾപ്പെടെ എത്തുന്നവരെ പരാമർശിക്കാൻ ആ പേര് പലരും ഉപയോഗിക്കാറുണ്ട്.
ഇപ്പോഴിതാ, അത്തരം പരാമർശങ്ങളോട് പ്രതികരിക്കുകയാണ് ദുൽഖർ സൽമാൻ. നെപ്പോകിഡ് എന്ന പേരിന്റെ യാഥാർത്ഥ്യത്തെക്കുറിച്ചും ബഹുമുഖ നടൻ മമ്മൂട്ടിയുടെ മകനെന്ന നിലയിൽ ലഭിക്കുന്ന പ്രിവിലേജിനെക്കുറിച്ചും അദ്ദേഹം മനസ് തുറന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം 'കാന്താ' നവംബർ 14ന് തിയേറ്ററിലെത്തുകയാണ്. അതിന്റെ ഭാഗമായി ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ദുൽഖർ സൽമാന്റെ പ്രതികരണം.
ഒരു സിനിമാ കുടുംബത്തിൽ ജനിച്ചുവെന്നത് തനിക്ക് ഒരുപാട് ഗുണം ചെയ്‌തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിനിമാ കുടുംബത്തിൽ ജനിച്ചത് ഒരു നേട്ടമാണെന്നും അതൊരു പോരായ്മയല്ലെന്നും അദ്ദേഹം പറഞ്ഞു.
'ചിലപ്പോൾ, ചിലർ നമ്മെ ലക്ഷ്യം വയ്‌ക്കുന്നതായി തോന്നിയേക്കാം. പക്ഷേ, ഒരു പ്രത്യേക തലത്തിലുള്ള പ്രശസ്തിയോ വിജയമോ കൈവരിക്കുന്ന ഏതൊരാളെയും ഇത്തരത്തിൽ ലക്ഷ്യം വയ്ക്കുമെന്നാണ് ഞാൻ കരുതുന്നത്' ദുൽഖർ കൂട്ടിച്ചേർത്തു.
'ചുപ്' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ സമയത്തും നെപ്പോട്ടിസത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ ദുൽഖർ സൽമാൻ പങ്കുവച്ചിരുന്നു. 'എന്റെ ആദ്യ വേഷത്തിനായി തിരഞ്ഞെടുത്തപ്പോൾ എനിക്ക് വെറും 10 വയസ്സായിരുന്നു. എന്റെ അച്ഛനുമായി അതിന് യാതൊരു ബന്ധവുമില്ല. അത് തീർച്ചയായും നെപ്പോട്ടിസത്തിന്റെ നേട്ടമായിരുന്നില്ല' എന്ന് അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |