
ഇറാൻ യുദ്ധം ലോകത്തെ പലതും പഠിപ്പിക്കുകയും മാറാത്തത് മാറ്റാൻ പ്രേരിപ്പിക്കുകയും അതിനുവേണ്ടി ചിന്തിപ്പിക്കുകയും ചെയ്തു. ഇതിൽ ഏറ്റവും പ്രധാനം ഫോസിൽ ഇന്ധനങ്ങൾക്ക് ബദൽ കണ്ടുപിടിക്കുക എന്നതായിരുന്നു. ഇക്കാര്യത്തിൽ സുപ്രധാന ചുവടുമായി മുന്നേറുകയാണ് ഇൻഡോനേഷ്യ. പാമോയിൽ അധിഷ്ഠിത ബയോഡീസലാണ് ഇൻഡോനേഷ്യയുടെ പുതിയ സംഭാവന. അസംസ്കൃത പാമോയിലിൽനിന്ന് രാസപ്രക്രിയയിലൂടെ വേർതിരിക്കുന്ന ഇന്ധനമാണ് പാമോയിൽ ബയോ ഡീസൽ. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ഇന്ധനങ്ങൾക്കായി മറ്റുരാജ്യങ്ങളെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യവും പാമോയിൽ ബയോഡീസൽ നിർമാണത്തിന് പിന്നിലുണ്ട്.
ഇൻഡോനേഷ്യൻ ഓയിൽ പാം പ്ളാന്റേഷൻ ഫണ്ട് മാനേജ്മെന്റ് ഏജൻസിയുടെ ധനസഹായത്തോടെയാണ് പാമോയിൽ ബയോഡീസൽ ഗവേഷണത്തിന് തുടക്കമിട്ടത്. പമോയിൽ എങ്ങനെ ബയോ ഡീസലാകുന്നു എന്നത് ഇത്തിരി കടുകട്ടി സയൻസാണ്. അത് എങ്ങനെയെന്ന് നോക്കാം. എണ്ണക്കുരു ആട്ടിയെടുക്കുന്ന അസംസ്‌കൃത പാമോയിലിൽനിന്ന് സസ്യകൊഴുപ്പിനെ കത്താൻ ശേഷിയുള്ള മീഥൈൽ എസ്റ്ററുകളായി മാറ്റിയാണ് ഇത് നിർമിക്കുന്നത്. ട്രാൻസെസ്റ്ററിഫിക്കേഷൻ എന്നാണ് പ്രധാന ഉത്പാദനരീതി അറിയപ്പെടുന്നത്. ഇതിൽ ഒരു കാറ്റലിസ്റ്റിന്റെ (ഉത്പ്രേരകം-ഒരു രാസപ്രവർത്തനത്തിന്റെ വേഗത വർദ്ധിപ്പിക്കുകയോ, പ്രധാനപ്പെട്ട ഒരു മാറ്റത്തിന് കാരണമാവുകയോ ചെയ്യുന്ന വസ്തുവിനെയാണ് കാറ്റലിസ്റ്റ് എന്ന് വിളിക്കുന്നത്) സാന്നിദ്ധ്യത്തിൽ പാമോയിൽ മെഥനോളുമായി പ്രതിപ്രവർത്തിക്കുന്നു. ഇതിലൂടെ ബയോഡീസലും ഗ്ലിസറോളും വേർതിരിച്ചെടുക്കുന്നു. കൂടുതൽ ശുദ്ധീകരണത്തിനായി അല്പം ചില രാസപ്രവർത്തനങ്ങൾ കൂടി നടത്തുന്നുണ്ട്.
കഴിഞ്ഞമാസം മുതൽ പാമോയിൽ അധിഷ്ഠിത ബയോഡീസൽ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ജൂലായോടെ വാഹനങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകിയേക്കും എന്നാണ് ഇപ്പോഴുള്ള റിപ്പോർട്ടുകൾ. പാമോയിൽ ബയോഡീസലിനെ സാധാരണ ഡീസലുമായി കലർത്തി ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
ഇൻഡോനേഷ്യയുടെ പരീക്ഷണം വിജയിച്ചാൽ ആ രാജ്യത്തിന്റെ മൊത്തത്തിലുള്ള ഭാവി ശോഭനമാകും. ഫോസിൽ ഇന്ധനഇറക്കുമതി കുറയ്ക്കുന്നതോടെ രാജ്യത്തിന്റെ വിദേശനാണ്യശേഖരം വർദ്ധിപ്പിക്കാനാവും. ഇപ്പോഴത്തെ കണക്കിൽ പ്രതിവർഷം 900 കോടി ഡോളറിലധികം ലാഭിക്കാനാവുമെന്നാണ് കണക്കാക്കുന്നത്.
പാമോയിൽ ബയോഡീസലിന്റെ സുസ്ഥിരതയെക്കുറിച്ച് ആഗോളതലത്തിൽത്തന്നെ ചർച്ചകൾ നടക്കുന്നുണ്ട്. അതിനാൽ കൂടുതൽ രാജ്യങ്ങൾ പാമോയിൽ ബയോഡീസലിന് പുറകേപോകും. ഇതും ഇൻഡോനേഷ്യക്ക് ഗുണകരമാകും. ലോകത്തുതന്നെ ഏറ്റവും പ്രധാന പാമോയിൽ ഉത്പാദകരാണ് ഇൻഡോനേഷ്യ. ആവശ്യംകൂടുന്നതോടെ എണ്ണക്കുരു കയറ്റുമതിലൂടെ രാജ്യത്തിന് വൻ വരുമാനമുണ്ടാക്കാൻ കഴിയും. ലോകത്തെ ഏറ്റവുംകൂടുതൽ പാമോയിൽ ഇറക്കുമതിചെയ്യുന്നത് ഇന്ത്യയാണ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്നതിൽ കൂടുതലും ഇൻഡോനേഷ്യയിൽ നിന്നാണ്. മലേഷ്യയിലും പാമോയിൽ ഉത്പാദനം കൂടുതലാണ്. കുറഞ്ഞസ്ഥലത്ത് കൂടുതൽ കൃഷിയും കൂടുതൽ ഉത്പാദനവും എന്നതാണ് പാമോയിൽ കൃഷിയുടെ നേട്ടം.
ഇൻഡോനേഷ്യ പാമോയിൽ ബയോഡീസൽ ഉത്പാദനം വർദ്ധിപ്പിച്ചാൽ അവർ പാമോയിൽ കയറ്റുമതി കുറയ്ക്കുകയോ നിറുത്തുകയോ ചെയ്തേക്കാം. അങ്ങനെവന്നാൽ ഇന്ത്യയ്ക്ക് പാമാേയിലിനായി മറ്റുരാജ്യങ്ങളെ ആശ്രയിക്കേണ്ടിവരും. പാചക ആവശ്യത്തിന് പുറമേ ഭക്ഷ്യ സംസ്കരണം, സോപ്പ് നിർമാണം, രാസവസ്തുക്കളുടെ നിർമാണം എന്നിവയ്ക്കെല്ലാം പാമോയിൽ ഉണ്ടെങ്കിലേ പറ്റൂ. ഇൻഡോനേഷ്യ കയറ്റുമതി അവസാനിപ്പിച്ചാൽ പാമോയിൽ വില കൂടാൻ കാരണമാകും. മാത്രമല്ല പാമോയിൽ അധിഷ്ഠിത ഉത്പന്നങ്ങളുടെ വിലക്കറ്റത്തിനും ഇടയാക്കും. പാമോയിലിന് പകരം മറ്റ് എണ്ണകൾ ഉപയോഗിക്കുന്നത് പ്രാവർത്തികമല്ല. സൂര്യകാന്തി എണ്ണ, സോയാബീൻ എണ്ണ തുടങ്ങിയവയാണ് പാമോയിലിന് പകരമായി ഉപയോഗിക്കാവുന്നത്. എന്നാൽ ഇവയ്ക്ക് വില കൂടുതലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |