
യോഗത്തിൽ തർക്കിച്ച് വ്യവസായ, വൈദ്യുതി മന്ത്രിമാർ
എല്ലാ നടപടികളും നിറുത്തിച്ച് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനം രൂക്ഷമായ വൈദ്യുതിക്ഷാമം നേരിടുമ്പോൾ, 12 മെഗാവാട്ട് വൈദ്യുതി സ്ഥിരമായി ഉത്പാദിപ്പിക്കുന്ന മണിയാർ പദ്ധതി കാർബോറാണ്ടം ലിമിറ്റഡിൽ നിന്ന് ഏറ്റെടുത്ത കെ.എസ്.ഇ.ബി ഉത്തരവ് മരവിപ്പിച്ച് മന്ത്രിസഭായോഗം. കരാർ കാലാവധി കഴിഞ്ഞിട്ടും കമ്പനി കൈവശം വച്ചിരിക്കുകയാണ്.
ഏറ്റെടുക്കലിനെ അനുകൂലിച്ച് വൈദ്യുതിമന്ത്രിയും എതിർത്ത് വ്യവസായമന്ത്രിയും യോഗത്തിൽ രൂക്ഷമായി തർക്കിച്ചു. ഏറ്റെടുക്കാനുള്ള ഊർജ്ജവകുപ്പിന്റെ തീരുമാനം സംസ്ഥാനത്തെ വ്യവസായാനുകൂല സാഹചര്യത്തിന് എതിരാണെന്നായിരുന്നു വ്യവസായ മന്ത്രിയുടെ വാദം. ഒടുവിൽ സ്വകാര്യകമ്പനിക്ക് അനുകൂലമായി തീരുമാനമെടുത്ത് ഇന്നലെ ഓൺലൈനായി ചേർന്ന യോഗം പിരിയുകയായിരുന്നു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നിയമ,വ്യവസായ,ഊർജ്ജ വകുപ്പ് സെക്രട്ടറിമാരടങ്ങിയ സമിതി പഠനം നടത്തി തീരുമാനിക്കാൻ മന്ത്രിസഭ നിർദ്ദേശിച്ചു. പിന്നാലെ, പദ്ധതി ഏറ്റെടുക്കൽ നിറുത്തിവയ്ക്കാൻ കെ.എസ്.ഇ.ബിക്കും പത്തനംതിട്ട കളക്ടർക്കും ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി.
കഴിഞ്ഞയാഴ്ചയാണ് മണിയാർ പദ്ധതി ഏറ്റെടുക്കാൻ ഊർജ്ജവകുപ്പ് ഉത്തരവിറക്കിയത്. മന്ത്രിസഭാ തീരുമാനത്തിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് കടുത്ത അതൃപ്തിയാണെന്നാണ് അറിയുന്നത്.
ഏറ്റെടുക്കൽ തടഞ്ഞു
ബോർഡ് നശിപ്പിച്ചു
ഊർജ്ജ വകുപ്പിന്റെ ഉത്തരവനുസരിച്ച് പദ്ധതി ഏറ്റെടുക്കാൻ എത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ കാർബോറാണ്ടം കമ്പനി അധികൃതർ തടഞ്ഞിരുന്നു. കെ.എസ്.ഇ.ബി സ്ഥാപിച്ച ബോർഡും നശിപ്പിച്ചു. തുടർന്ന് പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് കെ.എസ്.ഇ.ബി പത്തനംതിട്ട എസ്.പിക്ക് പരാതി നൽകി. ജില്ലാ കളക്ടറുടെയും സഹായം തേടി. ഇന്നലെ കളക്ടർ പദ്ധതി പ്രദേശം സന്ദർശിക്കാനിരിക്കെയാണ് മന്ത്രിസഭാ തീരുമാനം വന്നത്.
കാലാവധി 2024ൽ കഴിഞ്ഞു;
25 വർഷം കൂടി വേണമത്രെ
1 കാർബോറാണ്ടവും കെ.എസ്.ഇ.ബിയും തമ്മിൽ 1991ലാണ് 30 വർഷത്തെ ബി.ഒ.ടി കരാർ ഒപ്പിട്ടത്. 2024 ഡിസംബറിൽ കരാർ കാലാവധി അവസാനിച്ചിട്ടും വിട്ടുനൽകാൻ കമ്പനി തയ്യാറായിട്ടില്ല
2 2018ലെയും 2019ലെയും പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ വലിയ തുക ചെലവായെന്നും കരാർ കാലാവധി 25 വർഷം കൂടി നീട്ടണമെന്നുമാണ് ആവശ്യം
3 ശബരിഗിരി പദ്ധതിയിൽ നിന്ന് പുറന്തള്ളുന്ന വെള്ളം ഉപയോഗിക്കുന്നതിനാൽ വേനൽക്കാലത്തും ഒരേ നിലയിൽ വൈദ്യുതി ഉൽപ്പാദനം നടത്താനാകും
4 പദ്ധതിയിലൂടെ 18 കോടിയുടെ വാർഷിക വരുമാനമാണ് കമ്പനിക്ക് ലഭിക്കുന്നത്. 30 വർഷത്തിനിടെ 300 കോടി രൂപയിലധികം ലാഭം കിട്ടി. ഉത്പാദിപ്പിച്ച് കൂടുതലും വിൽക്കുകയാണ്
കാലാവധി കഴിഞ്ഞ മണിയാർ ജലവൈദ്യുത പദ്ധതി ഏറ്റെടുക്കാനുള്ള നടപടികൾ നിറുത്തി വയ്ക്കണമെന്ന് കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ട മുഖ്യമന്ത്രിക്കും വ്യവസായമന്ത്രിക്കും രഹസ്യ അജൻഡയാണ്. ബോർഡിന്റെ നിയന്ത്രണത്തിലാണെങ്കിൽ 40 പൈസയ്ക്ക് ഉല്പാദിപ്പിക്കാവുന്ന വൈദ്യുതിയാണ് നമുക്ക് നഷ്ടപ്പെട്ടത്.
- രമേശ് ചെന്നിത്തല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |