
കണ്ണൂർ: രാഹുൽ ഗാന്ധിക്കും കേരളത്തിന്റെ മുഖ്യമന്ത്രിയാകാമെന്നും ഹൈക്കമാൻഡിന് വേണമെങ്കിൽ അങ്ങനെ തീരുമാനിക്കാമെന്നും പി വി അൻവർ. യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചയെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തോറ്റതിന് തുല്യമായ വിജയമേ മുഖ്യമന്ത്രി പിണറായി വിജയന് ധർമ്മടത്ത് ഉണ്ടാവൂ എന്നും അൻവർ പറഞ്ഞു.
'പിണറായിയുടെ ഭൂരിപക്ഷം പതിനായിരം വോട്ടിന് താഴെപ്പോകും. തോറ്റാൽപ്പോലും ഞെട്ടേണ്ട. പിണറായിസവും മരുമോനിസവുമായിരുന്നു ഈ തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയങ്ങൾ. ബെറ്റ് വയ്ക്കാനാണ് മുഹമ്മദ് റിയാസിനെ കോഴിക്കോട് പ്രസ്ക്ലബിലേക്ക് ക്ഷണിച്ചത്. അവിടെവച്ച് മൊട്ടയടിക്കുന്നത് സംബന്ധിച്ച് എഗ്രിമെന്റിൽ ഒപ്പിടാമെന്നാണ് പറഞ്ഞത്. ഞാൻ തോറ്റാൽ ഞാൻ മൊട്ടയടിക്കാം. റിയാസ് തോറ്റാൽ അദ്ദേഹം മൊട്ടയടിക്കണം. ഇങ്ങനെ കരാറിൽ ഒപ്പിടാമെന്നാണ് പറഞ്ഞത്. കമ്മൽ റിയാസിന് ഒഴിവാക്കിക്കൊടുത്തതാണ്. കോഴിക്കോടിന്റെ ചാർജ് റിയാസിനായിരുന്നു. പക്ഷേ, റിയാസിന് ബേപ്പൂരിന്റെ ബൗണ്ടറി കടക്കാനായില്ല. കോഴിക്കോട്ടെ മറ്റുസ്ഥാനാർത്ഥികൾ നിരായുധരായി'- അൻവർ പറഞ്ഞു.
കഴിഞ്ഞദിവസമാണ് മന്ത്രി മുഹമ്മദ് റിസായിനെ വെല്ലുവിളിച്ച് പി വി അൻവർ രംഗത്തെത്തിയത്. ബേപ്പൂർ മണ്ഡലത്തിൽ തനിക്ക് ജയമുറപ്പെന്നും മുഹമ്മദ് റിയാസ് ജയിച്ചാൽ മൊട്ടയടിച്ച് കമ്മലിട്ട് കിഡ്സൺ കോർണർ മുതൽ എസ്എം സ്ട്രീറ്റ് വഴി റെയിൽവേ സ്‌റ്റേഷൻ വരെ നടക്കുമെന്നായിരുന്നു അൻവർ പറഞ്ഞത്. മറിച്ച് സംഭവിച്ചാൽ റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോ എന്നും അൻവർ ചോദിച്ചിരുന്നു. മണ്ഡലത്തിൽ അൻവറിന് കാര്യമായ ചലനമുണ്ടാക്കാൻ കഴിയില്ലെന്നും വോട്ടുശതമാനത്തിൽ കുറവുവരുമെങ്കിലും ബേപ്പൂർ ഉറച്ച എൽഡിഎഫ് കോട്ടയായി തന്നെ നിൽക്കുമെന്ന എക്സിറ്റ് പോൾ പ്രവചനത്തിന് തൊട്ടുപിന്നാലെയായിരുന്നു പ്രതികരണം. ബേപ്പൂരിൽ 25000 വോട്ടിന് ജയിക്കുമെന്നായിരുന്നു അൻവറിന്റെ അവകാശവാദം. പി വി അൻവറിന്റെ വെല്ലുവിളിക്ക് മറുപടി പറഞ്ഞ് സമയം കളയേണ്ട ആവശ്യമില്ലെന്നായിരുന്നു റിയാസിന്റെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |