മലപ്പുറം: താനൂരിൽ നിന്നും കാണാതായ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ മുംബയിൽ കണ്ടെത്തി. മുംബയ്-ചെന്നൈ എക്സ്‌പ്രസ് ട്രെയിൻ യാത്രയ്ക്കിടെ ലോണാവാല സ്റ്റേഷനിൽ നിന്നാണ് ആർ.പി.എഫ് സംഘം ഇന്നലെ പുലർച്ചെ കണ്ടെത്തിയത്. പൂനെയിലെ ജുവനൈൽ ബോർഡിന്റെ കെയർ ഹോമിലേക്ക് മാറ്റിയ കുട്ടികളെ താനൂർ പൊലീസിന് കൈമാറി. ഇന്നലെ വൈകിട്ട് 5.30ന് ഗരീബ് എക്സ്‌പ്രസിൽ യാത്ര തിരിച്ച സംഘം ഇന്നുച്ചയ്ക്ക് 12ന് നാട്ടിലെത്തും. ശേഷം കുട്ടികൾക്കും മാതാപിതാക്കൾക്കും കൗൺസലിംഗ് നൽകും.
വ്യാഴാഴ്ച രാത്രി ഒമ്പതിന് മൊബൈൽ ഫോണിൽ പുതിയ സിം ഇട്ടതോടെയാണ് പൊലീസിന് ടവർ ലൊക്കേഷൻ ലഭിച്ചത്. മുംബയ് സി.എസ്.ടി റെയിൽവേ സ്റ്റേഷൻ പരിസരത്താണ് ലൊക്കേഷനെന്ന് മനസിലാക്കിയ പൊലീസ് മുംബയിലെ മലയാളി അസോസിയേഷൻ പ്രവർത്തകരുടെ സഹായത്തോടെ തെരച്ചിൽ നടത്തി. പുലർച്ചെ 1.45ന് ട്രെയിൻ ലോണാവാലയിൽ എത്തിയപ്പോഴാണ് റെയിൽവേ പൊലീസ് വിദ്യാർത്ഥിനികളെ കണ്ടെത്തിയത്.
അതേസമയം,വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നും നാട്ടിൽ വന്നാൽ വീട്ടിലേക്കില്ലെന്നും സന്നദ്ധപ്രവർത്തകൻ സുധീറുമായി പെൺകുട്ടികൾ നടത്തിയ ഫോൺ സംഭാഷണത്തിൽ പറഞ്ഞു. ഒരു ജോലി ശരിയാക്കി തരാമോയെന്നും ആവശ്യപ്പെട്ടിരുന്നു. കുട്ടികളെ കണ്ടെത്തുന്നതിന് മുൻപായിരുന്നു സുധീറുമായി സംസാരിച്ചത്.
അതിനിടെ,വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പെൺകുട്ടികൾ മുംബയിലെ ബ്യൂട്ടി പാർലറിലെത്തിയിരുന്നു. സുഹൃത്തിന്റെ വിവാഹത്തിനാണ് മുംബയിൽ എത്തിയതെന്നാണ് പെൺകുട്ടികൾ ബ്യൂട്ടി പാർലർ ഉടമയോട് പറഞ്ഞത്. ഒപ്പം പോയ എടവണ്ണ സ്വദേശിയായ യുവാവ് യാത്രയ്ക്ക് സഹായം നൽകിയെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |