
കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായ സഹപ്രവർത്തകൻ മലപ്പുറം എടപ്പാൾ സ്വദേശി സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്. സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി രാവിലെ തള്ളിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു കീഴടങ്ങൽ. അറസ്റ്റിനുള്ള സാദ്ധ്യത മുന്നിൽകണ്ടാണ് പ്രതി കീഴടങ്ങിയതെന്നാണ് വിവരം.
ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് സുകാന്തിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഐബി ഉദ്യോഗസ്ഥയുടെമേൽ പ്രതിക്ക് വ്യക്തമായ സ്വാധീനമുണ്ടായിരുന്നതായി കോടതി നിരീക്ഷിച്ചിരുന്നു. പ്രതി സാമ്പത്തികമായും മാനസികമായും ശാരീരികമായും പെൺകുട്ടിയെ ഉപദ്രവിച്ചതായി സംശയിക്കാനുള്ള സാഹചര്യങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിക്ക് മുന്നിലുള്ള തെളിവുകൾ പ്രതിക്ക് എതിരാണ്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടെന്നും കോടതി ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പറഞ്ഞു.
സുകാന്തിന്റെ അറസ്റ്റ് വൈകുന്നതിൽ ഹൈക്കോടതി കഴിഞ്ഞദിവസം അതൃപ്തി വ്യക്തമാക്കിയിരുന്നു. ആധുനിക കാലത്ത് ഒരാൾക്ക് രണ്ടു മാസത്തോളം എങ്ങനെ ഒളിവിൽ കഴിയാനാകുമെന്ന് ആരാഞ്ഞ കോടതി, പൊലീസിന്റെ വിശദീകരണം തള്ളുകയും ചെയ്തിരുന്നു. പ്രതി മറ്റൊരു സഹപ്രവർത്തകയെയും ചൂഷണം ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു. യുവതിയെ പ്രതി മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. സാമ്പത്തികമായും ചൂഷണം ചെയ്തു. വിവാഹബന്ധത്തിൽ നിന്നു സുകാന്ത് പിൻമാറിയതാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് യുവതിയുടെ വീട്ടുകാരുടെ ആരോപണം. വിവാഹത്തെ യുവതിയുടെ വീട്ടുകാർ എതിർത്തതാണ് യുവതിയെ മാനസിക സമ്മർദ്ദത്തിലാക്കിയതെന്നായിരുന്നു സുകാന്തിന്റെ ഹർജിയിലെ വാദം.
ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചത് പ്രതി സുകാന്താണെന്ന് തെളിയിക്കുന്ന ടെലഗ്രാം ചാറ്റ് പൊലീസ് കഴിഞ്ഞദിവസം വീണ്ടെടുത്തിരുന്നു. നീ എപ്പോൾ മരിക്കുമെന്ന സുകാന്തിന്റെ ആവർത്തിച്ചുള്ള ചോദ്യത്തിന് ഓഗസ്റ്റ് ഒമ്പതിനെന്നായിരുന്നു യുവതിയുടെ മറുപടി. ഫെബ്രുവരി ഒമ്പതിനാണ് ചാറ്റ് നടന്നത്. അതിനുശേഷം ചാറ്റ് നടന്നിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |