SignIn
Kerala Kaumudi Online
Monday, 04 May 2026 1.01 AM IST

ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം, ലോകായുക്ത ഉത്തരവ് സർക്കാരിന് തിരുത്താം

Increase Font Size Decrease Font Size Print Page

kk

തിരുവനന്തപുരം: പൊതുപ്രവർത്തകരുടെ അഴിമതി തെളിഞ്ഞാൽ ഔദ്യോഗിക സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു ലോകായുക്തയ്ക്കു വിധിക്കാനാവുന്ന പതിന്നാലാം വകുപ്പ് ഭേദഗതി ചെയ്തുള്ള ബിൽ രാഷ്ട്രപതി അംഗീകരിച്ചു. 2022ആഗസ്റ്റ് 30ന് നിയമസഭ പാസാക്കിയെങ്കിലും ഗവർണർ തടഞ്ഞുവച്ചിരുന്ന ബിൽ, കഴിഞ്ഞ നവംബറിലാണ് ഗവർണർ രാഷ്ട്രപതിക്കയച്ചത്. മുഖ്യമന്ത്രിക്കും കഴിഞ്ഞ സർക്കാരിലെ മന്ത്രിമാർക്കുമെതിരായ ദുരിതാശ്വാസ നിധി ദുർവിനിയോഗക്കേസ് അട്ടിമറിക്കാനാണ് ഭേദഗതിയെന്ന് അന്ന് ആക്ഷേപമുയർന്നിരുന്നു. ബന്ധുനിയമനക്കേസിൽ കെ.ടി.ജലീലിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത് ലോകായുക്ത 14-ാം വകുപ്പനുസരിച്ചുള്ള ഉത്തരവുകാരണമായിരുന്നു.

നിയമഭേദഗതി അംഗീകരിക്കപ്പെട്ടതോടെ, ലോകായുക്ത ആരെയെങ്കിലും അഴിമതിക്കാരനായി തീർപ്പു കൽപ്പിച്ചാലും മുഖ്യമന്ത്രിക്കും നിയമസഭയ്ക്കും നിയമന അധികാരിക്കും മറിച്ചു തീരുമാനമെടുക്കാം. ഗവർണറുടെ അപ്പലേറ്റ് അധികാരവും ഇല്ലാതാവും. മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത വിധിയുണ്ടായാൽ ഗവർണറല്ല, നിയമസഭയായിരിക്കും ഇനിമുതൽ അപ്പലേറ്റ് അതോറിട്ടി. മന്ത്രിമാർക്കെതിരായ വിധികളിൽ മുഖ്യമന്ത്രിയും എം.എൽ.എമാർക്കെതിരായ വിധിയിൽ സ്പീക്കറുമായിരിക്കും അപ്പലേറ്റ് അതോറിട്ടി.

ബില്ലുകളിൽ ഒപ്പിടാത്തതിന് ഗവർണർക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടർന്നാണ് രാഷ്ട്രപതിക്ക് ബിൽ അയച്ചത്. 1999ൽ രാഷ്ട്രപതിയുടെ അനുമതി നേടിയ ശേഷമാണ് ലോകായുക്ത ബിൽ സഭയിൽ അവതരിപ്പിച്ചത്. അതിനാൽ ഭേദഗതിക്കും രാഷ്ട്രപതിയുടെ അനുമതി വേണമെന്നായിരുന്നു ഗവർണറുടെ നിലപാട്. ബിൽ നിയമമായാൽ സർക്കാരിന് സ്വന്തം കേസിൽ വിധിപറയാൻ സാഹചര്യമുണ്ടാവുമെന്നും പ്രതിപക്ഷത്തെ വേട്ടയാടാനുള്ള ആയുധമാക്കുമെന്നും വിലയിരുത്തിയാണ് ഗവർണർ ബില്ലിലൊപ്പിടാതിരുന്നത്.

ഉത്തരവുകൾ ഇനി ശുപാർശ

1.ലോകായുക്തയുടെ ഉത്തരവുകൾ ശുപാർശയായി മാറുന്നതോടെ, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാതിരിക്കാം, നടപടിക്കുള്ള നിർദ്ദേശം തള്ളാം

2.ലോകായുക്ത അന്വേഷണവും വിചാരണയും തെളിവെടുപ്പും നടത്തി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ സർക്കാർ നിരസിച്ചാൽ അതിന്റെ പ്രസക്തിയില്ലാതാവും

3.ഐ.ജി തലവനായ ലോകായുക്തയുടെ അന്വേഷണ ഏജൻസി അന്വേഷിച്ച് അഴിമതി കണ്ടെത്തുന്ന നടപടി പ്രഹസനമായി മാറും

സാധാരണക്കാരുടെ ആശ്രയമായ ലോകായുക്ത

പൊതുപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും അഴിമതിയെക്കുറിച്ച് സാധാരണക്കാർക്ക് പരാതിപ്പെടാനും പണച്ചെലവില്ലാതെ നിയമപോരാട്ടം നടത്താനുമുള്ള സംവിധാനം.

സുപ്രീംകോടതി / ഹൈക്കോടതി മുൻ ചീഫ്ജസ്റ്റിസ് തലവനും ഹൈക്കോടതിയിലെ രണ്ട് മുൻ ജഡ്ജിമാർ ഉപലോകായുക്തയും ജില്ലാ ജഡ്ജി രജിസ്ട്രാറും സബ് ജഡ്ജി ഡെപ്യൂട്ടി രജിസ്ട്രാറുമായ അർദ്ധജുഡിഷ്യൽ അധികാരമുള്ള സംവിധാനം.

പൊതുസേവകരുടെ അഴിമതി, ദുർഭരണം, നീതിനിഷേധം, പദവിദുരുപയോഗം, സ്വഭാവനിഷ്ഠയില്ലായ്മ തുടങ്ങിയ പരാതികളിൽ സർക്കാരിന്റെ അനുമതിയില്ലാതെ കേസെടുക്കാൻ കഴിയുന്ന ഏകസംവിധാനം ലോകായുക്തയാണ്.

4.08കോടി

ലോകായുക്തയുടെ ഓഫീസ് പ്രവർത്തനത്തിന് പ്രതിവർഷം ചെലവ്

56.68 ലക്ഷം

ലോകായുക്തയുടെയും ഉപലോകായുക്തയുടെയും വാർഷികശമ്പളം

''ലോകായുക്ത സംസ്ഥാന നിയമസഭകളുടെ നിയമനിർമ്മാണ അധികാരത്തിൽപെട്ട കാര്യമാണെന്ന് പാർലമെന്റ് വ്യക്തമാക്കിയതാണ്. ഇതിനായി മാതൃകാ നിയമവും നൽകി. ലോകായുക്തബിൽ രാഷ്ട്രപതിയുടെ അനുമതിക്ക് വിടേണ്ട കാര്യമില്ലായിരുന്നു. ബിൽ നിയമപ്രകാരമാണ്, ഭരണഘടനാ അനുസൃതവും

-പി.രാജീവ്

നിയമമന്ത്രി

TAGS: LOKAYUKTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.