
കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത വികസനപദ്ധതിയുടെ ഉദ്‌ഘാടനച്ചടങ്ങ് ബഹിഷ്‌കരിച്ച് സർക്കാർ. മുഖ്യമന്ത്രി ഉൾപ്പടെയുള്ള മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കില്ല. ദേശീയപാത 66ലെ തലപ്പാടി- ചെങ്കള- വെങ്ങളം- രാമനാട്ടുകര ആറുവരി പാതയുടെ ഉദ്‌ഘാടനചടങ്ങാണ് സംസ്ഥാന സർക്കാർ ബഹിഷ്‌കരിച്ചത്. ചടങ്ങിൽ നിന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് ചടങ്ങ് ബഹിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് നോട്ടീസിലുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രിമാരായ എം ബി രാജേഷിനും കെ കൃഷ്‌ണൻ കുട്ടിക്കും ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും ഇരുവരും ചടങ്ങിനെത്തില്ല. ക്ഷണം ലഭിച്ചത് അവസാന നിമിഷമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എംബി രാജേഷ് ചടങ്ങിൽ നിന്ന് ഒഴിവായത്.
അതേസമയം,ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി ജോർജ് കുര്യനും അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനുവരെ ക്ഷണമുള്ള ചടങ്ങിൽ നിന്നും സംസ്ഥാനത്തെ പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയതിനെ സിപിഎം ശക്തമായി വിമർശിക്കുന്നുണ്ട്. ദേശീയപാത ഉദ്‌ഘാടനം ബിജെപി ഒറ്റയ്‌ക്കാണ് പൂർത്തിയാക്കിയതെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തെ മന്ത്രിമാരെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയതെന്ന് സിപിഎം ആരോപിക്കുന്നു.
കേരളത്തിൽ 10,800 കോടിയുടെ വികസനപദ്ധതികൾ ഉദ്‌ഘാടനം ചെയ്യുന്ന ചടങ്ങിലാണ് ദേശീയപാതയുടെ ആദ്യ റീച്ചിന്റെ ഉദ്‌ഘാടനവും നിശ്‌ചയിച്ചിരിക്കുന്നത്. സംസ്ഥാനസർക്കാരിന്റെ കൂടി പങ്കാളിത്തത്തോടെ പണിത ദേശീയപാത ഉദ്ഘാടനമാണ് നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |