
കൊച്ചി:വ്യാജവാർത്ത സംപ്രേഷണം ചെയ്തെന്ന് ആരോപിച്ച് റിപ്പോർട്ടർ ചാനലിനും നടത്തിപ്പുകാർക്കും ജീവനക്കാർക്കുമെതിരെ 250കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കിറ്റെക്സ് എം.ഡി സാബു എം.ജേക്കബ് നിയമനടപടി തുടങ്ങി.സാബു എം.ജേക്കബ് പ്രസിഡന്റായി പ്രവർത്തിക്കുന്ന ട്വന്റി20 പാർട്ടി കഴിഞ്ഞദിവസം എൻ.ഡി.എ ഘടകകക്ഷിയായി.ഇ.ഡി അറസ്റ്റ് ഭയന്നാണ് പാർട്ടി ഘടകകക്ഷിയായതെന്ന വ്യാജവാർത്ത സംപ്രേഷണം ചെയ്തെന്നാണ് പരാതി.തുടർച്ചയായ ദിവസങ്ങളിൽ ടാക്സ് വെട്ടിച്ചുവെന്നും നിരവധി നിയമലംഘനങ്ങൾ നടത്തിയതായും നിരന്തരം വ്യാജവാർത്തകൾ സംപ്രേഷണം ചെയ്തതിനെതിരെയാണ് നിയമനടപടികളിലേക്ക് കടന്നത്.
മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിൻ,മാനേജിംഗ് ഡയറക്ടർ കെ.ജെ.ജോസ്,ഡയറക്ടർ മെൽബി ജോസ്,ചെയർമാൻ റോജി അഗസ്റ്റിൻ,വൈസ് ചെയർമാൻ ജോസ്‌കുട്ടി അഗസ്റ്റിൻ,ജീവനക്കാരും ചാനലിലെ റിപ്പോർട്ടർമാരുമായ അരുൺകുമാർ,സ്മൃതി പരുത്തിക്കാട്,ടി.വി.സുനിൽ,ജിമ്മി ജെയിംസ്,ടി.വി.പ്രസാദ്,എസ്.എസ്.സരൻ,വിനീത വേണു,അർജുൻ മട്ടന്നൂർ എന്നിവർക്കും ഇൻഡോ ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കും മാനേജിംഗ് ഡയറക്ടർ നികേഷ്‌കുമാർ,ഡയറക്ടർ റാണി വർഗീസ് എന്നിങ്ങനെ 16 പേർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.ഇവർക്കെതിരെ സിവിലായും ക്രിമിനലായും കേസുകൾ ഫയൽ ചെയ്യുന്നതിനൊപ്പം പ്രതികളുടെ വസ്തുവകകൾ കണ്ടുകെട്ടുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് സാബു എം. ജേക്കബ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അനേകം കേസുകളിൽ പ്രതികളായ ഇവർക്ക് ചാനൽ നടത്തിപ്പിനുള്ള ലൈസൻസ് മിനിസ്ട്രി ഒഫ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗിന്റെയോ മിനിസ്ട്രി ഒഫ് ഹോം അഫേഴ്സിൽ നിന്നോ ലഭിച്ചിട്ടില്ലെന്നും ചാനൽ ലൈസൻസിനായുള്ള ഇവരുടെ അപേക്ഷ ദേശീയ സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി മന്ത്രാലയങ്ങൾ നിരസിച്ചിട്ടുള്ളതാണെന്നും സാബു ആരോപിച്ചു.രാജ്യത്തെ പല നിയമവ്യവസ്ഥയും കാറ്റിൽ പറത്തിയാണ് ചാനൽ നടത്തുന്നതെന്നും ഇതിനെതിരെ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുമെന്നും സാബു എം. ജേക്കബ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |