
ഇടുക്കി: അരിക്കൊമ്പന്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ വീണ്ടും ലഭിച്ചുതുടങ്ങി. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കേരള- തമിഴ്‌നാട് അതിർത്തി പ്രദേശമായ മാവടിയിലാണ് അവസാനമായി സിഗ്നൽ ലഭിച്ചത്. ഇതിനുശേഷം ഇന്ന് രാവിലെ മുതലാണ് സിഗ്നൽ വീണ്ടും ലഭിച്ചുതുടങ്ങിയത്. നിലവിൽ തമിഴ്‌നാട് അതിർത്തിക്കടുത്തുള്ള മുല്ലക്കുടിയിലാണ് അരിക്കൊമ്പൻ ഉള്ളതെന്നാണ് വിവരം.
റേഡിയോ കോളറിൽ നിന്ന് സിഗ്നൽ കിട്ടാതായതോടെ ജനവാസമേഖലയിലേയ്ക്ക് അരിക്കൊമ്പനിറങ്ങിയോയെന്ന ആശങ്ക ഉയർന്നിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അരിക്കൊമ്പനെ പെരിയാറിലെ ഉൾവനത്തിൽ തുറന്നുവിട്ടത്. മൂന്ന് ദിവസം കൊണ്ട് ആന 20 കിലോമീറ്ററോളം സഞ്ചരിച്ചതായാണ് വിവരം. നിലവിൽ അരിക്കൊമ്പന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്.
ഇന്നലെ വൈകുന്നേരം മുതൽ ഇടുക്കിയിലെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. ഇതാകാം സിഗ്നൽ നഷ്ടമാകാൻ കാരണമെന്നാണ് വിലയിരുത്തൽ. അരിക്കൊമ്പൻ ഉൾക്കാട്ടിലേയ്ക്ക് കടന്നാലും സിഗ്നൽ നഷ്ടമാകാൻ ഇടയുണ്ട്. സിഗ്നൽ നഷ്ടപ്പെട്ടതിന് പിന്നാലെ രണ്ട് ടീമുകളിലായി തിരിഞ്ഞ് വനംവകുപ്പ് തിരച്ചിലും ആരംഭിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |