
തിരുവനന്തപുരം: യൂട്യൂബർ കെഎം ഷാജഹാന്റെ ഉള്ളൂരിലെ വീട്ടിൽ പൊലീസ് പരിശോധന. ഷാജഹാൻ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ജാതിസ്‌പർദ്ധ പ്രചരിപ്പിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി എഡിജിപി ശ്രീജിത്ത് നൽകിയ പരാതിയെ തുടർന്നാണ് പരിശോധന. കോടതിയിൽ നിന്ന് സെർച്ച് വാറണ്ട് ലഭിച്ചതിനെ തുടർന്നാണ് നടപടി. ഷാജഹാനും കുടുംബവും വീട്ടിൽ ഇല്ലാത്ത സമയത്താണ് പരിശോധന നടന്നത്. പൊലീസെത്തിയപ്പോൾ വീട്ടിൽ ജോലിക്കാരി മാത്രമാണുണ്ടായിരുന്നത്. തടയാൻ ശ്രമിച്ച ജോലിക്കാരിയെ മറികടന്ന് പൊലീസ് അകത്ത് കടക്കുകയായിരുന്നു.
മ്യൂസിയം പൊലീസ് സ്‌റ്റേഷനിൽ എഡിജിപി നൽകിയ പരാതിയെ തുടർന്ന് ഷാജഹാനെ ദിവസങ്ങൾക്ക് മുൻപ് അറസ്‌റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടിരുന്നു. ഷാജഹാന്റെ 'പ്രതിപക്ഷം' യൂട്യൂബ് ചാനലിലൂടെ എഡിജിപിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു കേസ്. ശബരിമല സ്വർണകൊള്ളയിൽ എഡിജിപി ശ്രീജിത്തിന് പങ്കുണ്ടെന്ന ഉള്ളടക്കത്തിൽ ഷാജഹാൻ വീഡിയോ ചെയ്‌തിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം പരാതി നൽകിയത്. ഇത്തരത്തിൽ ചെയ്‌ത മൂന്ന് വീഡിയോകളിൽ തനിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതായി എഡിജിപി പരാതിയിൽ പറയുന്നു.
എഡിജിപിയെ അപകീർത്തിപ്പെടുത്തുന്നതും പൊലീസ് സേനയ്‌ക്ക് പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുന്നതുമാണ് പരാമർശമെന്ന് എഫ്ഐആറിൽ പറയുന്നു. സിപിഎം നേതാവ് ജെ ഷൈനും വൈപ്പിൻ എംഎൽഎ ഉണ്ണികൃഷ്‌ണനും എതിരെ സൈബർ അധിക്ഷേപം നടത്തിയ കേസിൽ സെപ്‌തംബറിലും കെഎം ഷാജഹാനെ പൊലീസ് അറസ്‌റ്റ‌് ചെയ്‌തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |