
മാവേലിക്കര : കഴിഞ്ഞ ഞായറാഴ്ച കാണാതായ യുവതിയുടെ മൃതേഹം പമ്പ ആറ്റിൽ കണ്ടെത്തി. ചെട്ടികുളങ്ങര ഈരേഴ വടക്ക് ദേവീവിലാസത്തിൽ ധന്യ കൃഷ്ണ (29)യുടെ മൃതദേഹമാണ് പമ്പ ആറ്റിൽ പുളിക്കീഴ് ഭാഗത്ത് നിന്നും അഴുകിയ നിലയിൽ വെള്ളിയാഴ്ച കണ്ടെത്തിയത്.
തിരുവല്ലയിൽ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നീഷനായ ധന്യ ഏപ്രിൽ 26-ന് വൈകിട്ട് ജോലിക്കായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വീട്ടിൽ നിന്നിറങ്ങിയിരുന്നു. വൈകിട്ട് 6.30ന് ഭർത്താവാണ് സ്വകാര്യ ബസിൽ കയറ്റി വിട്ടത്. എന്നാൽ ഡ്യൂട്ടിക്ക് കയറേണ്ട 11.30നും ആശുപത്രിയിൽ എത്തിയിരുന്നില്ല. ഫോൺ സ്വി ച്ച് ഓഫ് ആയിരുന്നു. തുടർന്ന് യുവതിയെ കാണാനില്ലെന്ന് ഭർത്താവ് രഞ്ജു ആർ.പിള്ള മാവേലിക്കര പൊലീസിൽ പരാതി നൽകി.
യുവതി തിരുവല്ലയിൽ ഇറങ്ങിയെന്ന് ഇവർ കയറിയ ബസിലെ ജീവനക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഈ വിവരം തെറ്റാണെന്ന് മനസിലാക്കിയ അന്വേഷണസംഘം യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും സി.സി.ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി വരികയായിരുന്നു. 10 വർഷം മുമ്പാണ് ധന്യ കൃഷ്ണയും രഞ്ജു ആർ.പിള്ളയും വിവാഹിതരായത്. ഇവർക്ക് 6 വയസ്സുള്ള ഒരു മകളുണ്ട്. മരണകാരണം വ്യക്തമല്ലെന്നും കുടുംബ പ്രശ്നങ്ങളാകാൻ സാദ്ധ്യതയുണ്ടെന്നും മാവേലിക്കര പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |