SignIn
Kerala Kaumudi Online
Monday, 04 May 2026 2.09 AM IST

പുതുപ്പള്ളിയിൽ റെക്കോഡ് നേട്ടവുമായി യു ഡി എഫിന്റെ സർവാധിപത്യം, ജെയ്ക്കിന് ജയം ഇനിയും സുന്ദര സ്വപ്നം മാത്രം

Increase Font Size Decrease Font Size Print Page
chandy-oommen

കോട്ടയം:പുതുപ്പള്ളി മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വിജയത്തോടെ യു ഡി എഫ് രചിച്ചത് പുതുചരിത്രം . 37719 എന്ന റെക്കോഡ് ഭൂരിപക്ഷം നേടിയാണ് ഉമ്മൻചാണ്ടിയുടെ മണ്ഡലം മകൻ നിലനിറുത്തിയത്.മുഖ്യ എതിരാളിയായിരുന്ന സി പി എമ്മിലെ ജെയ്ക്ക് സി തോമസ് 42425 വോട്ട് ലഭിച്ചപ്പോൾ ചാണ്ടി ഉമ്മന് 80144 വോട്ടുകൾ ലഭിച്ചു. ബി ജെ പി സ്ഥാനാർത്ഥി ലിജിൻ ലാലിന് വെറും 6558 വോട്ടുമാത്രമാണ് ലഭിച്ചത്. മണ്ഡലത്തിലെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ച് വരണാധികാരി വിജയിച്ചതായുള്ള സർട്ടിഫിക്കറ്റ് ചാണ്ടി ഉമ്മന് കൈമാറി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 53 വർഷം തുടർച്ചയായി നിലനിറുത്തിയിരുന്ന മണ്ഡലമാണ് അദ്ദേഹത്തിന്റെ മരണശേഷം വൻ ഭൂരിപക്ഷത്തോടെ മകൻ ചാണ്ടി ഉമ്മൻ വിജയിച്ചത് യു ഡി എഫ് കേന്ദ്രങ്ങൾക്ക് പുത്തനുണർവാണ് സമ്മാനിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 9044 ആക്കിയ ജെയ്ക്കിനോടുള്ള ചാണ്ടി ഉമ്മന്റെയും യു ഡി എഫിന്റെയും ഒരു മധുര പ്രതികാരം കൂടിയായി ഉജ്ജ്വല വിജയം. ഇത്തവണ എൽ ഡി എഫിന് വൻ വോട്ടുചോർച്ചയാണ് ഉണ്ടായത്. 11,903 വോട്ട് ഇത്തവണ കുറഞ്ഞു എന്നാണ് ഇപ്പോഴത്തെ കണക്ക്. ഇതിൽ അടിയുറച്ചതെന്ന് വിശ്വസിച്ചിരുന്ന പാർട്ടി വോട്ടുകളും ഉണ്ടെന്നതാണ് പാർട്ടി കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നത്. ചാണ്ടി ഉമ്മന്റെ വിജയം യു ഡി എഫിനൊപ്പം എൽ ഡി എഫും പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ഇത്രയും ഉയർന്ന ഭൂരിപക്ഷം കിട്ടുമെന്ന് എൽ ഡി എഫ് കേന്ദ്രങ്ങൾ കരുതിയിരുന്നില്ല. ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹ ബഹുമാനങ്ങൾ മകനോടും പുതുപ്പള്ളിക്കാർ കാണിച്ചപ്പോൾ എൽ ഡി എഫ് വോട്ടുകൾ പോലും യു ഡി എഫ് പക്ഷത്തേക്കെത്തി എന്നുവേണം കരുതാൻ. എൽ ഡി എഫ് ഭരിക്കുന്നതുൾപ്പടെ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും സമ്പൂർണ ആധിപത്യം പുലർത്താൻ യു ഡി എഫിന് കഴിഞ്ഞതും ഇതുകൊണ്ടുതന്നെ.

പുതുപ്പള്ളിയിലെ വിജയം കോൺഗ്രസിൽ അത്യപൂർവമായ ഒത്തൊരുമയുടെ വിജയം കൂടിയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്പുതന്നെ മണ്ഡലം റെക്കാഡ് ഭൂരിപക്ഷത്തിൽ നിലനിറുത്തുമെന്ന് ഉറപ്പിച്ച് മുന്നണി ഒന്നടങ്കം എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചു.സ്ഥാനാർത്ഥി നിർണയത്തിലോ പ്രഖ്യാപനത്തിലോ ഒരു അസ്വാരസ്യവും ഉണ്ടായില്ല. ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് എതിരെ ഉയർന്ന ആരോപണങ്ങളെ നേരിടാനും ഇതേ ഒത്തൊരുമ കാണിക്കുകയും ചെയ്തു.

പുതുപ്പള്ളിയിലെ പരാജയം ഏറ്റവും ദോഷംചെയ്യുക ബി ജെ പിക്കായിരിക്കും. വോട്ടുകച്ചവടം നടത്തുന്നവർ എന്നുളള ആരോപണം നേരത്തേയും കേൾക്കേണ്ടിവന്ന പാർട്ടിക്ക് വോട്ടെണ്ണുതിന് മുമ്പുതന്നെ അത് കേൾക്കേണ്ടി വന്നു. കഴിഞ്ഞ തവണ കിട്ടിയ വോട്ടിന്റെ ഏറെക്കുറെ പകുതിയോളം മാത്രമാണ് ഇക്കുറി ലഭിച്ചത്. ഇത് ആരോപണത്തിന്റെ ശക്തി കൂട്ടിയിട്ടുണ്ട്. യു ഡി എഫ് ലീഡ് നില ഉയർന്നുതുടങ്ങിയപ്പോൾ തന്നെ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ ബി ജെ പിക്കെതിരെ രംഗത്തെത്തിയിരുന്നു.

TAGS: CHANDY OOMMEN, PUTHUPALLY, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.