തുടക്കത്തിൽ മാറിമറിയും ട്രെൻഡ്
കോഴിക്കോട്: ജില്ലയിലെ 13 നിയമസഭ മണ്ഡലങ്ങളിലെ സാരഥികൾ ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. മുന്നണികളുടെയും സ്ഥാനാർത്ഥികളുടെയും നെഞ്ചിടിപ്പിനും അറുതിയാകും. ഉയർന്ന പോളിംഗ് ശതമാനം യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നുണ്ട്. ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ടെണ്ണലിന്റെ നില അറിയുമെങ്കിലും ട്രെൻഡ് മാറിമറിയും. മുന്നണിയുടെ ശക്തികേന്ദ്രങ്ങളിൽ വോട്ടെണ്ണുമ്പോൾ ട്രെൻഡ് അവർക്ക് അനുകൂലമാകും. എന്നാൽ ദുർബല മേഖലകളിലെത്തുമ്പോൾ ലീഡ് കുറയും. വോട്ടെണ്ണി കഴിയും വരെ ആകാംക്ഷ നിലനിൽക്കും. എന്നാൽ ചില മണ്ഡലങ്ങളിൽ ആദ്യ റൗണ്ടുകളിൽ തന്നെ ചിത്രം ഏതാണ്ട് വ്യക്തമാകും. കണക്കു കൂട്ടലിന്റെ അവസാന ദിവസമായിരുന്നു മുന്നണികൾക്കും സ്ഥാനാർത്ഥികൾക്കും ഇന്നലെ. എല്ലാ മണ്ഡലങ്ങളിലെയും ഫലത്തെപ്പറ്റി ആകാംക്ഷയുണ്ടെങ്കിലും മന്ത്രിമാർ മത്സരിക്കുന്ന ബേപ്പൂർ, എലത്തൂർ മണ്ഡലങ്ങൾ ശ്രദ്ധാകേന്ദ്രങ്ങളാണ്. എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ മത്സരിക്കുന്ന പേരാമ്പ്ര മണ്ഡലത്തിലെ ഫലവും ജനങ്ങൾ ഉറ്റുനോക്കുന്നുണ്ട്. സ്ട്രോംഗ് റൂം വിവാദത്തിലൂടെ ശ്രദ്ധേയമായ മണ്ഡലങ്ങളാണ് പേരാമ്പ്രയും കൊയിലാണ്ടിയും. ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ അട്ടിമറി ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് കൊടുത്ത പരാതി തള്ളിയിരുന്നു.
മന്ത്രി മണ്ഡലങ്ങൾ ശ്രദ്ധാകേന്ദ്രം
ബേപ്പൂരിൽ മന്ത്രി റിയാസിനെതിരെ വെല്ലുവിളിയുമായി പി.വി അൻവർ രംഗത്തെത്തിയിരുന്നു. താൻ തോറ്റാൽ കോഴിക്കോട് അങ്ങാടിയിലൂടെ മൊട്ടയടിച്ച് നടക്കുമെന്നാണ് പറഞ്ഞത്. വെല്ലുവിളി ഏറ്റെടുക്കാൻ മുഹമ്മദ് റിയാസ് തയ്യാറുണ്ടോ എന്നായിരുന്നു അൻവറിന്റെ ചോദ്യം. രാഷ്ട്രീയം ഗുസ്തി മത്സരമല്ലെന്നാണ് ഇതിനോട് മുഹമ്മദ് റിയാസ് പ്രതികരിച്ചത്. ഏറ്റവുമധികം അപരന്മാരുള്ളതും അൻവറിനായിരുന്നു. എലത്തൂരിൽ മന്ത്രി ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ എൻ.സി.പിയിൽ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഇത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചോ എന്ന് ഇന്നറിയാം. പാർട്ടിയുടെ ക്ളോക്ക് ചിഹ്നം മറ്റൊരു സ്ഥാനാർത്ഥിക്കാണ് കിട്ടിയത്. പേരാമ്പ്രയിൽ മതം പറഞ്ഞ് വോട്ടുപിടിച്ചെന്ന ആക്ഷേപമുയർത്തിയത് വിവാദത്തിന് തിരി കൊളുത്തിയിരുന്നു. എൽ.ഡി.എഫിനെതിരെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതിപ്പെട്ടു. യു.ഡി.എഫിനെതിരെയും ചിലർ ഇതേ ആരോപണമുന്നയിച്ചിരുന്നു.
2021 ൽ കോഴിക്കോട്ടെ എം.എൽ.എമാരുടെ ഭൂരിപക്ഷം
മണ്ഡലം, എം.എൽ.എ (മുന്നണി), ഭൂരിപക്ഷം
ബേപ്പൂർ മുഹമ്മദ് റിയാസ് എൽ.ഡി.എഫ് (സി.പി.എം) 28747
കോഴിക്കോട് സൗത്ത് അഹമ്മദ് ദേവർകോവിൽ (എൽ.ഡി.എഫ്-ഐ.എൻ.എൽ) 12459
കോഴിക്കോട് നോർത്ത് തോട്ടത്തിൽ രവീന്ദ്രൻ (എൽ.ഡി.എഫ്-സി.പി.എം) 12928
എലത്തൂർ എ.കെ.ശശീന്ദ്രൻ (എൽ.ഡി.എഫ് - എൻ.സി.പി) 38502
കൊയിലാണ്ടി അന്തരിച്ച കാനത്തിൽ ജമീല (എൽ.ഡി.എഫ്-സി.പി.എം) 8472
വടകര കെ.കെ.രമ (യു.ഡി.എഫ് സ്വതന്ത്ര-ആർ.എം.പി.ഐ) 7491
നാദാപുരം ഇ.കെ വിജയൻ (എൽ.ഡി.എഫ്-സി.പി.ഐ) 4035
കുറ്റ്യാടി കെ.പി.കുഞ്ഞമ്മദ്കുട്ടി (എൽ.ഡി.എഫ്-സി.പി.എം) 333
പേരാമ്പ്ര ടി.പി.രാമകൃഷ്ണൻ (എൽ.ഡി.എഫ്-സി.പി.എം) 22592
തിരുവമ്പാടി ലിന്റോ ജോസഫ് ( എൽ.ഡി.എഫ് -സി.പി.എം) 5596
ബാലുശ്ശേരി കെ.എം.സച്ചിൻദേവ് (എൽ.ഡി.എഫ്-സി.പി.എം) 20375
കൊടുവള്ളി എം.കെ മുനീർ ( യു.ഡിഎഫ്- ലീഗ്-) 6344
കുന്ദമംഗലം പി.ടി.എ.റഹീം (എൽ.ഡി.എഫ് സ്വതന്ത്രൻ) 10276
ആദ്യം എണ്ണുക പോസ്റ്റൽ വോട്ടുകൾ: ഇ.വി.എം വോട്ടെണ്ണൽ 8.30ന്
കോഴിക്കോട്: വോട്ടെണ്ണലിന് മുന്നോടിയായി സ്ട്രോംഗ് റൂം രാവിലെ ആറുമണിക്ക് തുറക്കും. ആദ്യം എണ്ണിത്തുടങ്ങുക പോസ്റ്റൽ വോട്ടുകളും ഇ.ടി.പി.ബി.എസ് വോട്ടുകളുമാണ്. ഇ.വി.എം വോട്ടുകൾ 8.30ന് എണ്ണും. ഇ.വി.എം വോട്ടെണ്ണൽ അവസാന റൗണ്ടിന് ശേഷം ഓരോ നിയമസഭാ മണ്ഡലത്തിലെയും തത്സമയം തെരഞ്ഞെടുക്കുന്ന അഞ്ച് പോളിംഗ് സ്റ്റേഷനുകളിലെ വി.വി പാറ്റ് സ്ലിപ്പുകൾ എണ്ണി ഒത്തുനോക്കും. ഇതിനുശേഷമാണ് ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാവുക.
മൂന്ന് കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. വടകര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളുടേത് മടപ്പള്ളി ഗവ. കോളേജിലും തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങളുടെ വോട്ടെണ്ണൽ കൂടത്തായി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലും നടക്കും. കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂർ, കുന്ദമംഗലം മണ്ഡലങ്ങളിലെ വോട്ടെണ്ണൽ വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം കോംപ്ലക്സിലാണ്. പ്രത്യേകം തയാറാക്കിയ കൗണ്ടിംഗ് ഹാളുകളിലാണ് ഓരോ മണ്ഡലത്തിലെയും വോട്ടെണ്ണൽ. ഇ.വി.എം വോട്ടെണ്ണാൻ ഓരോ മണ്ഡലത്തിലും 14 ടേബിളുകൾ വീതമാണ് സജ്ജീകരിച്ചിട്ടുള്ളത്. പോസ്റ്റൽ ബാലറ്റുകൾ, ഇ.ടി.പി.ബി.എസ് വോട്ടുകൾ എന്നിവ എണ്ണാൻ ഓരോ നിയോജകമണ്ഡലത്തിലെയും ബാലറ്റുകളുടെ എണ്ണത്തിനനുസരിച്ചാണ് ടേബിൾ സജ്ജീകരിച്ചിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |