
ചെന്നെെ: വിമാനം ലാൻഡ് ചെയ്തശേഷം ടാക്സിവേയിലൂടെ നീങ്ങുന്നതിനിടെ യുവാവ് എമർജൻസി വാതിൽ തുറന്ന് പുറത്തേക്ക് ചാടി. ഇന്ന് രാവിലെ ഷാർജയിൽ നിന്ന് ചെന്നെെയിലേക്ക് വന്ന എയർ അറേബ്യ വിമാനത്തിലാണ് സംഭവം നടന്നത്. തമിഴ്നാട് സ്വദേശിയായ 34കാരനാണ് പുറത്തേക്ക് ചാടിയത്.
സംഭവത്തിൽ യാത്രക്കാർക്ക് ജീവഹാനിയോ പരിക്കോ സംഭവിച്ചിട്ടില്ലെന്നും വിമാനത്തിന് കേടുപാടുകൾ ഉണ്ടായിട്ടില്ലെന്നും ചെന്നൈ വിമാനത്താവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. യാത്രയ്‌ക്കിടയിൽ ശാരീരിക അസ്വസ്ഥതകളും ഛർദ്ദിയും അനുഭവപ്പെട്ട ഇയാൾ വിമാനം നിർത്തുന്നതിന് മുൻപ് പുറത്തേക്ക് ചാടുകയായിരുന്നു. യാത്രക്കിടെ ഇയാൾ രണ്ട് തവണ ഛർദ്ദിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. ശാരീരിക അസ്വസ്ഥതകൾ കാരണമാകാം യുവാവ് ഇത്തരത്തിൽ പ്രവർത്തിച്ചതെന്നാണ് നിഗമനം.
യാത്രക്കാരൻ പുറത്തേക്ക് ചാടിയ ഉടൻതന്നെ പെെലറ്റ് ഗ്രൗണ്ട് സെക്യൂരിറ്റിയെ വിവരമറിയിച്ചു. പിന്നാലെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥർ എത്തി യുവാവിനെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. യുവാവിനെ കൂടുതൽ അന്വേഷണത്തിനായി പൊലീസിന് കെെമാറി.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചെന്നെെ വിമാനത്താവളത്തിലെ പ്രധാന റൺവേ പുലർച്ചെ 3.23 മുതൽ 4.23 വരെ അടച്ചിട്ടു. ഈ സമയത്ത് വിമാനങ്ങൾ സെക്കൻഡറി റൺവേയിലേക്ക് വഴിതിരിച്ചുവിട്ടു. യാത്രക്കാരന്റെ പേര് വിവിരങ്ങൾ പുറത്തുവിട്ടിട്ടില്ല. പുതുക്കോട്ട ജില്ലയിൽ നിന്നുള്ള ആളാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. 231 യാത്രക്കാരാണ് വിമാനത്തിലുണ്ടായതിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |