SignIn
Kerala Kaumudi Online
Thursday, 19 February 2026 7.12 AM IST

'അദാനിയെ രക്ഷിക്കാൻ ഇന്ത്യയെ മോദി അമേരിക്കയ്‌ക്ക് വിറ്റു'; വിമർശനവുമായി രാഹുൽ ഗാന്ധി

Increase Font Size Decrease Font Size Print Page
pm-modi

ന്യൂഡൽഹി: ഇന്ത്യ- യുഎസ് വ്യാപാരക്കരാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ട്രംപിന്റെ സമ്മർദത്തിന് വഴങ്ങിയ പ്രധാനമന്ത്രി രാജ്യത്തിന്റെ താൽപര്യങ്ങൾ വിറ്റഴിച്ചെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. 'കോംപ്രമൈസ് നേതാവ്' എന്ന് വിളിച്ചാണ് മോദിയെ രാഹുൽഗാന്ധി പരിഹസിച്ചത്. അമേരിക്കയിൽ അദാനിക്കെതിരെയുണ്ടായ കൈക്കൂലിക്കേസുകളുടെ പേരിൽ മോദിക്കുമേൽ ട്രംപ് വലിയ സമ്മർദം ചെലുത്തി. അതിന്റെ ഭാഗമായ ഒത്തുതീർപ്പ് ശ്രമങ്ങളുടെ ഫലമാണ് വ്യാപാരക്കരാറെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അമേരിക്ക ഇതുവരെ പുറത്തുവിടാത്ത എപ്‌സ്റ്റീൻ ഫയലുകളിൽ പ്രധാനമന്ത്രിയെക്കുറിച്ച് പരാമർശമുണ്ടെന്ന റിപ്പോർട്ടുകൾ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ആ ഫയലുകളിൽ എന്താണുള്ളതെന്ന് അറിയാനുള്ള അവകാശം ഇന്ത്യയിലെ ജനങ്ങൾക്കുണ്ടെന്നും സത്യം പുറത്തുവിടണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

അതേസമയം, അമേരിക്കയുമായുള്ള വ്യാപാരക്കരാർ ഇന്ത്യക്ക് നിർണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചു. ഉത്‌പാദനരംഗത്ത് ഇത് വലിയ നേട്ടമാകുമെന്നാണ് പ്രധാനമന്ത്രിയുടെ അവകാശവാദം. മുദ്രാവാക്യം വിളികളോടെയാണ് പ്രധാനമന്ത്രിയെ എൻഡിഎ അംഗങ്ങൾ പാർലമെന്റിൽ വരവേറ്റത്. എന്നാൽ മോദി അമേരിക്കയ്‌ക്ക് കീഴടങ്ങി എന്ന വാദം ശക്തമാക്കുകയാണ് പ്രതിപക്ഷം. സറണ്ടർ മോദി എന്ന മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി ബഹളം വച്ചതോടെ ലോക്‌സഭാ നടപടികൾ ഉച്ചവരെ സ്‌തംഭിച്ചു.

ഇന്നലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് യുഎസ്- ഇന്ത്യ വ്യാപാരകരാറിനെക്കുറിച്ച് ആദ്യ സൂചന നൽകിയത്. ഇനി മുതൽ ഇന്ത്യ വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങുമെന്നാണ് ട്രംപ് പറഞ്ഞത്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്നും ട്രംപ് പരാമർശിച്ചിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്‌ക്കുമേൽ ചുമത്തിയ 50% അധിക തീരുവ 18 ആയി കുറയ്‌ക്കുമെന്നടക്കം ട്രംപ് പ്രഖ്യാപിച്ചിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY