
ലാഹോർ: പാകിസ്ഥാൻ ക്രിക്കറ്റ് ടീം നായകസ്ഥാനം ബാബർ അസം രാജിവച്ചു. ടി20, ഏകദിനം, ടെസ്‌റ്റ് ഫോർമാറ്റുകളിലെയെല്ലാം നായകസ്ഥാനം താൻ ഒഴിയുകയാണെന്ന് സമൂഹമാദ്ധ്യമങ്ങളിൽ കുറിപ്പിലൂടെ ബാബർ സൂചിപ്പിച്ചു. പുതിയ നായകന് തന്റെ പൂർണ പിന്തുണയും ബാബർ വാഗ്ദാനം ചെയ്‌തു. വരുന്ന ഓസ്‌ട്രേലിയൻ പരമ്പരയിൽ ടെസ്‌റ്റിൽ ഇടംകൈ ബാറ്റർ ഷാൻ മസൂദ് നായകനാകും. ടി20, ഏകദിനത്തിൽ ഷഹീൻ ഷാ അഫ്രീദി പാകിസ്ഥാനെ നയിക്കും. ടീം പരിശീലകരെയും പാകിസ്ഥാൻ മാറ്റിയതായാണ് സൂചന.
സെമി ഫൈനൽ കാണാതെ പാകിസ്ഥാൻ ഏകദിന ലോകകപ്പിൽ നിന്നും പുറത്തായതോടെ നേരത്തെ ബൗളിംഗ് കോച്ച് മോർണി മോർക്കൽ രാജിവച്ചിരുന്നു. ഇതിന് പിന്നാലെ ബാബറും രാജിവച്ചതോടെ പാക് ക്രിക്കറ്റ് ടീം അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലായിരിക്കുകയാണ്. മോശം പ്രകടനം പാകിസ്ഥാൻ ലോകകപ്പിൽ തുടരുന്നതിനിടെ രാജ്യത്തെ പഴയകാല താരങ്ങളായ ഷൊയേബ് മാലിക്, കമ്രാൻ അക്‌മാൽ,അബ്‌ദുൾ റസാഖ് എന്നിവർ ബാബറിന്റെ രാജി ആവശ്യപ്പെട്ടിരുന്നു.
28കാരനായ ബാബർ നിലവിൽ ബാറ്റർമാരിൽ ഏകദിനത്തിൽ രണ്ടാം റാങ്കുകാരനാണ്. ടെസ്‌റ്റിലും ടി20യിലും നാലാം റാങ്കുകാരനാണ്. ബാബറിന്റെ കീഴിൽ പാകിസ്ഥാൻ മുൻപ് ഏകദിനത്തിൽ ഒന്നാം റാങ്ക് നേടിയിട്ടുണ്ട്. ടീം അംഗങ്ങളുടെയും മാനേജ്‌മെന്റിന്റെയും കൂട്ടായ പരിശ്രമം കൊണ്ടാണ് രാജ്യം ഒന്നാം സ്ഥാനത്തെത്തിയതെന്നും ഇതിന് എല്ലാവരോടും നന്ദിയുണ്ടെന്നും ബാബർ കുറിപ്പിൽ പറഞ്ഞു.ഇംഗ്ളണ്ടിനോട് 93 റൺസിന് പരാജയപ്പെട്ടാണ് പാകിസ്ഥാൻ ലോകകപ്പിൽ നിന്ന് പുറത്തായത്. നായകസ്ഥാനം ഒഴിഞ്ഞാലും ടീമിനായി തന്റെ സേവനം ഇനിയും തുടരുമെന്ന് ബാബർ കുറിച്ചു.
— Babar Azam (@babarazam258) November 15, 2023
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |