SignIn
Kerala Kaumudi Online
Friday, 25 July 2025 5.44 PM IST

വണ്ടികൾ തട്ടിക്കൂട്ടരുത് ; ഉള്ളിലുള്ളത് ജീവനുകളാണ്

Increase Font Size Decrease Font Size Print Page

car

ഓടുന്നതും നിറുത്തിയിട്ടതും ചാർജ് ചെയ്യുന്നതുമായ വാഹനങ്ങൾ സ്വയംകത്തിയും പൊട്ടിത്തെറിച്ചും ഉണ്ടാകുന്ന അപകടങ്ങൾ നിത്യ സംഭവമായിരിക്കുകയാണ്. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ദമ്പതികളും കുടുംബവും സഞ്ചരിച്ച മാരുതി എസ് -പ്രെസോ കാർ ഓടിക്കൊണ്ടിരിക്കെ തീപിടിച്ച് പൂർണഗർഭിണിയും ഭർത്താവും ദാരുണമായി മരണപ്പെട്ട ഞെട്ടലിൽനിന്ന് കരകയറാനായിട്ടില്ല.

ഇന്നലെ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന വ്യവസായി സഞ്ചരിച്ച സാൻട്രോ കാറിനും തീപിടിച്ചിരുന്നു. ഡോർ തുറന്ന് പുറത്തുകടക്കാൻ സാധിച്ചതിനാലാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഇത്തരത്തിലുള്ള സംഭവങ്ങൾ നിത്യേന നടക്കാറുണ്ടെങ്കിലും മനുഷ്യ ജീവനുകൾക്ക് അപായമുണ്ടാകുമ്പോൾ മാത്രമേ വലിയ ചർച്ചയാകാറുള്ളൂ. അപകടങ്ങൾ എങ്ങനെ ഒഴിവാക്കാം എന്നതിനെപ്പറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിശദ റിപ്പോർട്ടുകൾ തയ്യാറാക്കാറുണ്ടെങ്കിലും അവയൊന്നും പൊതുജനങ്ങളിലേക്കെത്തുന്നില്ല. ഏതുതരം പിഴവ് മൂലമാണ് ഇത്തരം അനിഷ്ടങ്ങൾ സംഭവിക്കുന്നതെന്ന് പൊതു സമൂഹം അറിയണം. ഉപഭോക്താക്കളുടെ ജാഗ്രതക്കുറവ് മൂലമാണ് പലപ്പോഴും അപകടങ്ങൾ സംഭവിക്കുന്നത്.

രണ്ട് മാസത്തിനിടെ

കത്തിയത് ആറ് വാഹനങ്ങൾ

കഴിഞ്ഞ രണ്ടുമാസത്തിനിടെ ഓടിക്കൊണ്ടിരിക്കെ തീപിടിച്ചത് നാല് വാഹനങ്ങൾക്ക്. ഒരു വാഹനം നിറുത്തിയിട്ടിടത്ത് കത്തിനശിച്ചു. വീട്ടുമുറ്റത്ത് ചാർജു ചെയ്യുകയായിരുന്ന ഒരു സ്കൂട്ടറും കത്തി. ജനുവരി മൂന്നിന് കണ്ണൂർ കണ്ണോത്തുംചാലിലാണ് നിറുത്തിയിട്ട കാർ കത്തി നശിച്ചത്. ജനുവരി 15ന് വാരം പെട്രോൾ പമ്പിന് സമീപം ഓടിക്കൊണ്ടിരിക്കെ ബുള്ളറ്റിൽ തീപടർന്നു. യാത്രികനായ ഷിജു ബൈക്ക് നിറുത്തി ഇറങ്ങിയതിനാൽ ജീവൻ രക്ഷപ്പെട്ടു. അതേ ആഴ്ച കണ്ണൂർ-മട്ടന്നൂർ റോഡിലായിരുന്നു മറ്റൊരപകടം നടന്നത്.

വാഹനത്തെ മറികടക്കുന്നതിനിടെ കാറിൽ തട്ടിവീണ ബൈക്കിന് തീപടരുകയായിരുന്നു. വീട്ടുമുറ്റത്ത് നിറുത്തിയ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ കത്തിയത് കഴിഞ്ഞ തിങ്കളാഴ്ചയാണ്. കാട്ടാമ്പള്ളി കാഞ്ഞിരത്തറയിലെ എം. സിദ്ദീഖിന്റെ സ്കൂട്ടറാണ് കത്തിനശിച്ചത്. ഭാഗ്യവശാൽ ഈ അപകടങ്ങളിലൊന്നും ജീവഹാനി സംഭവിച്ചില്ല. എന്നാൽ വ്യാഴാഴ്‌ച ജില്ലാ ആശുപത്രിക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയ്‌ക്കും ഭർത്താവിനും ജീവൻ നഷ്‌ടമായത് നാടിനെ ദുഖത്തിലാക്കി.

കഴിഞ്ഞ വർഷം ജനുവരി നാലിന് ദേശീയപാതയിൽ പൊടിക്കുണ്ടിന് സമീപം ഓടിക്കൊണ്ടിരിക്കെ ബസ് പൂർണമായും കത്തിയമർന്നിരുന്നു.

ഓടുമ്പോൾ

കത്താൻ കാരണം?​

പലപ്പോഴും ഷോർട്ട് സർക്യൂട്ടുകളാണ് ചെറിയ സ്പാർക്കുകൾക്കും അതുവഴി തീ പിടിത്തത്തിനും കാരണമാകാറുള്ളത്. എന്നാൽ അങ്ങനെ സംഭവിക്കുന്ന ചെറിയ തീ ആളിപ്പടരാൻ കാരണം അശ്രദ്ധയാണ്. വാഹനങ്ങളിൽ എക്സ്ട്രാ ഫിറ്റിംഗ് നടത്തുമ്പോൾ വയറുകൾ മുറിക്കുകയും കൂട്ടിച്ചേർക്കുകയും ഒക്കെ ചെയ്യാറുണ്ട്. രണ്ട് വയറുകൾ തമ്മിൽ ഗുണമേന്മയിലുള്ള വ്യത്യാസവും ഷോർട്ട് സർക്യൂട്ടിനും അഗ്നിബാധയ്ക്കും ഇടയാകുന്നു. കുറഞ്ഞ വിലയിൽ ബേസ് മോഡൽ വാഹനം വാങ്ങി ഗുണമേന്മയും വിലയും കുറഞ്ഞ പവർ വിൻഡോ, ഓഡിയോ സിസ്റ്റം, ഫോഗ് ലാമ്പുകൾ ഉൾപ്പെടെയുള്ളവ ഘടിപ്പിക്കുന്നത് വലിയ അബദ്ധമാണെന്ന് മോട്ടോർ വെഹിക്കിൾ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഇത്തരം ഫിറ്റിങ്ങുകൾ താത്കാലിക ലാഭം തരുമെങ്കിലും ജീവൻ പണയപ്പെടുത്തുന്നതിന് തുല്യമാണിത്. കൃത്യമായ ഇടവേളകളിൽ വാഹനം പുതുക്കി പണിയാതിരിക്കുന്നതും വലിയ അപകടം വരുത്തി വയ്ക്കുന്നു. വാഹനം വാങ്ങുമ്പോൾ കമ്പനി നൽകുന്ന സുരക്ഷയും വാറന്റിയുമെല്ലാം കമ്പനിയിൽനിന്ന് നേരിട്ട് നിരത്തിലേക്കിറക്കുന്ന വാഹനങ്ങൾക്ക് മാത്രമേ ഉണ്ടാകൂ. ഏതെങ്കിലും ആക്സസറീസ് ഷോപ്പിൽ പോയി അധിക ഫിറ്റിങ്ങുകൾ നടത്തുമ്പോഴും ഗുണമേന്മ കുറഞ്ഞ ഉപകരണങ്ങൾ ഘടിപ്പിക്കുമ്പോഴും വാഹനത്തിന്റേയും യാത്രക്കാരുടേയും ആയുസ് അപകടത്തിലായേക്കാം.

കാലപ്പഴക്കം മൂലവും ശരിയായ മെയിന്റനൻസിന്റെ അഭാവത്താലും ഫ്യുവൽ ലൈനിൽ ലീക്കേജുകൾ സംഭവിക്കാം. ചില പ്രത്യേകതരം വണ്ടുകൾ റബ്ബർ കൊണ്ട് നിർമ്മിച്ച ഇന്ധനലൈനിൽ വളരെ ചെറിയ ദ്വാരം ഉണ്ടാക്കുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ദ്വാരത്തിൽ കൂടി ഇന്ധനം ലീക്ക് ചെയ്യുന്നത് തീ പിടിത്തത്തിന്റെ ആഘാതം വർദ്ധിപ്പിക്കുന്നു. സ്പാർക്കില്ലാതെ കത്തുന്ന സെൽഫ് ഇഗ്നീഷ്യൻ ടെമ്പറേച്ചർ പെട്രോളിന് 280 °C ആണ്. ഡീസലിന്റേത് 210°C. സൈലൻസറിന്റെയും എക്‌സ്ഹോസ്റ്റ് സിസ്റ്റത്തിന്റേയും പല ഭാഗങ്ങളും 600 മുതൽ 700°C വരെ ചൂട് പിടിക്കും. അതിനാൽത്തന്നെ ഈ ഭാഗത്തുണ്ടാവുന്ന ഫ്യുവൽ ലീക്കേജ് അത്യന്തം അപകടകരമാണ്.

ലക്ഷണങ്ങൾ

അവഗണിക്കാതിരിക്കുക

വാഹനങ്ങൾ കത്തുന്നതിന് മുൻപ് കാണിക്കുന്ന ലക്ഷണങ്ങളെ അവഗണിക്കാതിരിക്കുക. തീപിടിക്കുന്നതിന് മുൻപ് കരിഞ്ഞമണവും,​ പുകയും ഉയരാനുള്ള സാധ്യത വളരെ വലുതാണ്. വാഹനം സ്റ്റാർട്ടാക്കുന്നതിന് മുൻപ് ഓയിൽ,​ പെട്രോൾ എന്നിവ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കണം. ഇന്ധന പൈപ്പുകളിലെ ലീക്കിന്റെ ലക്ഷണമാകാം അത്. എൽ.പി.ജി ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളിൽനിന്ന് മണം വരുന്നുണ്ടെങ്കിൽ അവഗണിക്കാതിരിക്കുക.

തീപിടിച്ചാൽ

ചെയ്യേണ്ടത്

വാഹനത്തിന് തീപിടിച്ചാൽ പവർ വിൻഡോകൾ സെൻട്രൽ ലോക്കിങ് സംവിധാനം എന്നിവ തകരാറിലാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ തീയോ പുകയോ ശ്രദ്ധയിൽപ്പെടുമ്പോൾത്തെന്നെ വളരെ വേഗത്തിൽ വണ്ടിനിറുത്തി എൻജിൻ ഓഫാക്കി പുറത്തിറങ്ങണം. അങ്ങനെ സാധിക്കാതെ വരുന്ന സമയങ്ങളിൽ ആശങ്കപ്പെടാതെ സൈഡ് ഗ്ലാസ് പൊട്ടിച്ച് പുറത്ത് കടക്കാൻ ശ്രമിക്കണം. ഗ്ളാസ് ബ്രേക്കിംഗ് ഹാമർ ഇല്ലെങ്കിൽ സീറ്റിൽ കിടന്ന് കൊണ്ട് കാലുകൾ ഉപയോഗിച്ച് പൊളിക്കണം. വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയാൽ ഉടനടി ഫയർഫോഴ്സിനെ വിവരമറിയിക്കണം. തീ നിയന്ത്രണാതീതമായതിന് ശേഷം അറിയിക്കാമെന്ന് കരുതുന്നത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്താനിടയാക്കും. വാഹനത്തിന്റെ സമീപത്ത് നിന്ന് മാറി മറ്റ് വാഹനങ്ങൾ അങ്ങോട്ട് വരുന്നത് തടയണം. വാഹന പരിപാലനം യാത്രക്കാരുടെ സുരക്ഷിതത്വത്തിന് വേണ്ടിയുള്ളതാണെന്നും താത്കാലിക ലാഭത്തിനായി ചെയ്യുന്ന കാര്യങ്ങൾ ചിലപ്പോൾ തിരിച്ചുകിട്ടാത്ത രീതിയിൽ പലതും നഷ്ടപ്പെടുത്തുമെന്നും അനുഭവങ്ങളിൽ നിന്നെങ്കിലും മനസിലാക്കണം.

TAGS: VEHICLE FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.