SignIn
Kerala Kaumudi Online
Saturday, 27 April 2024 9.34 AM IST

ഒരുമിച്ച് പൊരുതാം

photo

ഇന്ന് ലോക കാൻസർ ദിനം . ആരോഗ്യ രംഗത്ത് കേരളം മുന്നിലാണെന്ന് കൊട്ടിഘോഷിക്കുമ്പോഴും കാൻസർ രോഗികളുടെ എണ്ണം സംസ്ഥാനത്ത് ദിനംപ്രതി വർദ്ധിച്ച് വരുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഒരു വർഷം 60,000ലധികം ആളുകളിലാണ് പുതുതായി കാൻസർ കണ്ടെത്തുന്നത്. ആഗോളതലത്തിൽ 50 വയസിന് താഴെയുള്ളവരിൽ കാൻസർ വർദ്ധിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.

കഴിഞ്ഞ എട്ട് വർഷത്തിനിടെ കേരളത്തിലെ 13 പ്രധാന ആശുപത്രികളിൽ കാൻസർ രോഗത്തിന് രണ്ടേകാൽ ലക്ഷം പേരാണ് ചികിത്സ തേടിയത്. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിനെ (ആർ.സി.സി)യാണ് കാൻസർ ചികിത്സയ്ക്കായി ഭൂരിഭാഗംപേരും സമീപിക്കുന്നത്. ആർ.സി.സിയിൽ 11,191 പേർ പുതിയതായി ചികിത്സ തേടുകയും തുടർചികിത്സയ്ക്ക് 1,50,330 പേർ എത്തുകയും ചെയ്തിട്ടുണ്ട്. ആർ.സി.സി കഴിഞ്ഞാൽ തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിലാണ് കൂടുതൽപേരും ചികിത്സ തേടുന്നത്. എറണാകുളം ജനറൽ ആശുപത്രിയിൽ കഴിഞ്ഞ എട്ട് വർഷത്തിനിടെ 3,092 പേർ ചികിത്സതേടി. ഇവരിൽ 1598 പേർ പുരുഷന്മാരും 1494 പേർ സ്ത്രീകളുമാണ്.

കോട്ടയം കാരിത്താസ് ആശുപത്രിയിൽ 2013-2015 ൽ കാൻസർ ചികിത്സയ്ക്കായി എത്തിയത് 4,648 രോഗികളാണ്. തൃശൂരിലെ അമല മെഡിക്കൽ കോളേജിൽ 2018ൽ 1865 പേരാണ് കാൻസർ ചികിത്സ തേടിയത്. ഇതിൽ 882 പുരുഷന്മാരും 983 സ്ത്രീകളും ഉൾപ്പെടുന്നു. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിൽ 2015-2019 ൽ 1,839 പേ‌ർ ചികിത്സതേടി. ഇതിൽ 929 പുരുഷന്മാരും 910 സ്ത്രീകളും ഉൾപ്പെടും. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓരോ വർഷവും 80,000ത്തോളം കാൻസർ രോഗികളാണ് ചികിത്സയ്‌ക്കെത്തുന്നത്. ഇതിൽ 5,000 ത്തിലധികം പുതിയ രോഗികളാണ്. കോഴിക്കോട് ജില്ലയിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ 2017-2019 ൽ 3,046 പേർ ചികിത്സ തേടിയതിൽ 1,558 പേർ പുരുഷന്മാരും 1,488 പേ‌ർ സ്ത്രീകളുമാണ്.

കാൻസർ ചികിത്സയ്ക്കായി അധികപേരും ആശ്രയിക്കുന്നത് സർക്കാർ മേഖലയിലെ ആശുപത്രികളെയാണ്. സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തുന്നത് 39.9 ശതമാനം ആളുകളും സർക്കാർ ആശുപത്രികളിലെത്തുന്നത് 60.01ശതമാനവുമാണെന്നാണ് പുതിയ കണക്ക്. നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാമിന്റെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് 2012 മുതൽ 2019 വരെയുള്ള കാലയളവിൽ 13 ആശുപത്രികളിലായി പുതിയതായി എത്തിയത് 2.23 ലക്ഷം കാൻസർ ബാധിതരാണ്.

കൊച്ചി കാൻസർ റിസർച്ച് സെന്ററിൽ(സി.സി.ആർ.സി) കഴിഞ്ഞ വർഷം പുതിയതായി 1,568 കാൻസർ രോഗികളാണ് എത്തിയത്. ഇവരിൽ 868 പേർ സ്ത്രീകളാണ്. തുടർചികിത്സയ്ക്കായി എത്തിയ 11,100 പേരിൽ 6,880 ഉം സ്ത്രീകളാണ്. 12,668 പേരാണ് കഴിഞ്ഞ വർഷം സി.സി.ആർ.സിയുടെ സേവനം ഉപയോഗപ്പെടുത്തിയത്. എന്നാൽ സി.സി.ആർ.സിയുടെ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണ ജോലികൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. രണ്ട് വർഷമായി ഡയറക്ടർ പദവി ഒഴിഞ്ഞ് കിടക്കുകയാണ്. സ്‌പെഷൽ ഓഫീസർ തസ്തികയിലും ആളില്ലാത്ത അവസ്ഥയാണ്. കെട്ടിടം പൂർത്തിയാക്കി പ്രവർത്തിച്ചാൽ നിരവധി കാൻസർ രോഗികൾക്ക് വലിയ ആശ്വാസമാകും. കണ്ണൂർ മലബാർ കാൻസർ സെന്ററിൽ 2012-2018 കാലയളവിൽ ചികിത്സ തേടിയത് 23,370 പേരാണ്. ഇതിൽ 12,566 പുരുഷന്മാരും 10,804 സ്ത്രീകളും ഉൾപ്പെടുന്നു. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ 2016-2018 ൽ 440 പുരുഷന്മാരും 486 സ്ത്രീകളുമുൾപ്പെടെ 926 പേർ ചികിത്സ തേടി.

18 വയസിന് താഴെയുള്ള കുട്ടികളിൽ കാൻസർ ബാധിക്കുന്നതിൽ അഞ്ച് ശതമാനത്തിലേറെ വർദ്ധനയാണ് അടുത്തിടെയുണ്ടായത്. 2017-18 ൽ നടന്ന നാഷണൽ സാമ്പിൾ സർവേയിൽ കാൻസർരോഗ ചികിത്സയ്ക്കുള്ള ദേശീയ ശരാശരി ചെലവ് 1,41,774 രൂപയാണ്. കേരളത്തിൽ 1,06,661 രൂപയും. കേരളത്തിലെ പുരുഷന്മാരിൽ ശ്വാസകോശത്തിലും വായിലുമാണ് കൂടുതലായി കാൻസർ കാണപ്പെടുന്നത്. എന്നാൽ, സ്ത്രീകളിൽ സ്തനങ്ങൾ, തൈറോയ്ഡ് കാൻസറുകളാണ് കൂടുതൽ. മുമ്പ് ഒരുലക്ഷം സ്ത്രീകളിൽ 135 പേർക്ക് സ്തനാർബുദം ബാധിച്ചെന്നായിരുന്നു കണക്ക്. എന്നാൽ ഇപ്പോൾ അത് 150 ന് മുകളിലെത്തിയിരിക്കുകയാണ്.

ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിന് 81 കോടിയും കൊച്ചി കാൻസർ സെന്ററിന് 14 കോടിയും മലബാർ കാൻസർ സെന്ററിന് 28 കോടിയും വകയിരുത്തിയത് ആശ്വാസമാണ്. സംസ്ഥാനത്തെ എല്ലാ ജില്ലാ ആശുപത്രികളിലും കാൻസർ ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടെന്ന് ധനമന്ത്രി ബജറ്റിൽ അവതരണ വേളയിൽ പറഞ്ഞിരുന്നു.

കാൻസർ രോഗത്തിന്റെ ചികിത്സയ്ക്ക് ഭീമമായ തുകയാണ് ആവശ്യമായി വരുന്നത്. ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. പലരും കടക്കെണിയിലാവും. ഒരേമരുന്നിന് പല മരുന്ന് ഡിസ്ട്രിബ്യൂട്ടർമാരും പല വിലയാണ് ഈടാക്കുന്നത്. പുകവലിയാണ് കാൻസറിന് പ്രധാന കാരണമെന്ന് പറയാമെങ്കിലും ഫാസ്റ്റ് ഫുഡും വിഷാംശമടങ്ങിയ പച്ചക്കറികളും ശീതള പാനീയങ്ങളുമെല്ലാം കാൻസർ ബാധിക്കാനുള്ള പ്രധാന കാരണങ്ങളാണ്. മദ്യപിക്കുന്നവരിലും കാൻസർ സാധ്യത കൂടുതലാണ്. ഇക്കൂട്ടരിൽ വായ, തൊണ്ട, കരൾ എന്നീ ഭാഗങ്ങളിലാണ് കാൻസർ പൊതുവേ കണ്ടുവരുന്നത്. ആരോഗ്യകരമല്ലാത്ത ജീവിതശൈലിയ്ക്കും ഭക്ഷണ ശീലത്തിനുമെതിരെ വ്യാപകമായ ബോധവത്‌കരണം ആവശ്യമാണ്. രാസവസ്തുക്കൾ ചേർത്ത് ഫ്രിഡ്ജിലും മറ്റും സൂക്ഷിച്ചുവയ്ക്കുന്ന ആഹാര സാധനങ്ങൾ കഴിയ്ക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്. ബോധവത്‌കരണ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടന്നാൽ രോഗം വ്യാപിക്കുന്നത് 30 ശതമാനം വരെയെങ്കിലും തടയാൻ സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WORLD CANCER DAY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.