യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം കൊല്ലത്തെ ഫോർ സ്റ്റാർ ഹോട്ടലിൽ കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വർഷം താമസിച്ചെന്ന ആരോപണം ഉയരവേ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ എ ജയശങ്കർ. അമ്മയുടെ ആയുർവേദ ചികിത്സ സർക്കാർ ചിലവിൽ മയോ ക്ലിനിക്കിൽ നടത്താതെ കൊല്ലം തങ്കശ്ശേരിയിൽ ഒരു പാർട്ടി അനുഭാവിയുടെ റിസോർട്ടിനെ അഭയം പ്രാപിച്ച ആ വലിയ മനസ് ആരും കാണാതെ പോകരുതെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ജയശങ്കർ പരിഹസിക്കുന്നത്. അതേസമയം കൊല്ലത്തെ ഫോർ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വർഷം താമസിക്കാനുള്ള സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പരാതി നൽകി.
കൊല്ലം തങ്കശ്ശേരിയിലെ ഫോർ സ്റ്റാർ ഹോട്ടലിൽ മൂന്ന് മുറികളുള്ള അപാർട്‌മെന്റിൽ പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപ വാടക നൽകിയാണ് ചിന്ത താമസിച്ചതത്രേ. ഇക്കണക്കിൽ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നൽകേണ്ടി വന്നുവെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. ഇത്രയും പണം യുവജന കമ്മീഷൻ അദ്ധ്യക്ഷക്ക് എങ്ങനെ കിട്ടി? ചിന്തയുടെ സാമ്പത്തിക സ്രോതസ് തുടങ്ങിയ കാര്യങ്ങൾ അന്വഷിക്കണമെന്നാണ് ആവശ്യം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, വിജിലൻസിനും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിലും പരാതി നൽകിയിട്ടുണ്ട്.
2021-22 കാലയളവിൽ ഒന്നരക്കൊല്ലത്തോളം ഫോർ സ്റ്റാർ ഹോട്ടലിൽ താമസിച്ചതായി ചിന്ത സമ്മതിച്ചു. എന്നാൽ അമ്മയുടെ ആയുർവ്വേദ ചികിത്സയ്ക്കായി താമസിച്ചതാണെന്നാണ് ചിന്താ ജെറോമിന്റെ വിശദീകരണം. കൊടുത്ത വാടകയുടെ കണക്ക് യൂത്ത് കോൺഗ്രസ് പറയുന്ന പോലെയല്ലെന്നും പ്രതിമാസം ഇരുപതിനായിരം രൂപ മാത്രമാണ് വാടകയായി നൽകിയതെന്നുമാണ് ചിന്ത പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ലളിത ജീവിതം, ഉയർന്ന ചിന്ത.
അമ്മയുടെ ആയുർവേദ ചികിത്സ സർക്കാർ ചിലവിൽ മയോ ക്ലിനിക്കിൽ നടത്താതെ കൊല്ലം തങ്കശ്ശേരിയിൽ ഒരു പാർട്ടി അനുഭാവിയുടെ റിസോർട്ടിനെ അഭയം പ്രാപിച്ച ആ വലിയ മനസ് ആരും കാണാതെ പോകരുത്. അപവാദ പ്രചരണം നടത്തുന്നവർക്കെതിരെ പാർട്ടി കോടതിയിൽ കേസ് കൊടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |