SignIn
Kerala Kaumudi Online
Thursday, 18 April 2024 10.40 AM IST

വിവരാവകാശ നിയമത്തിന് ചരമഗീതം

photo

ഇന്ത്യൻ ഭരണഘടന നിലവിൽവന്നശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ പൗരസൗഹൃദ നിയമമാണ് 2005 ൽ മൻമോഹൻ സിംഗ് ഗവൺമെന്റ് അവതരിപ്പിച്ച വിവരാവകാശ നിയമം (Right to Information). അതുവരെ സർക്കാർ ഫയലുകൾക്ക് പുറത്തായിരുന്ന മനുഷ്യർ ഒറ്റദിവസം കൊണ്ട് പൂട്ടുപൊളിച്ച് 'അകത്ത് ' നടക്കുന്നത് അറിയാൻ തുടങ്ങി. രഹസ്യങ്ങൾ അനാവൃതമാകുന്നത് ഭരണകൂടങ്ങൾക്ക് ഇഷ്ടമല്ല. സുതാര്യത ഉറപ്പാക്കുന്ന നിയമങ്ങളുടെ ചിറകരിയാൻ ഭരണകൂടം വിവിധതന്ത്രങ്ങൾ ഉപയോഗിച്ചേക്കാം. പലകാലങ്ങളായി അവതരിപ്പിച്ചിട്ടുള്ള ലോകായുക്ത നിയമങ്ങൾ ഉദാഹരണം. എന്നാൽ 2005 ലെ വിവരാവകാശ നിയമം (ഒന്നാം യു.പി.എ ഗവൺമെന്റ് ) അത്ര പെട്ടെന്ന് ദുർബലപ്പെടുത്താൻ കഴിയാത്ത രീതിയിൽ പഴുതടച്ച് സമഗ്രവും ശാസ്ത്രീയവുമായി നിർമിച്ചെടുത്തതാണ്.
യഥാസമയം വിവരങ്ങൾ കൈമാറാത്ത ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടിയും അപ്പീൽ വ്യവസ്ഥകളും ശക്തമല്ലെന്നത് ഒഴികെ വിവരാവകാശ നിയമം പൗരന്മാർക്ക് വൈകി കിട്ടിയ,​ ജനാധിപത്യത്തിന്റെ താക്കോലാണ്. ആ താക്കോൽ നമുക്ക് നഷ്ടമാകാൻ പോവുകയാണ്. നിയമത്തിന്റെ കഴുത്തറുക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് ഡിജിറ്റൽ പേഴ്സണൽ പ്രൊട്ടക്‌ഷൻ ബിൽ (2022) കഴിഞ്ഞ നവംബറിൽ കേന്ദ്ര ഗവൺമെന്റ് അവതരിപ്പിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബില്ലിലെ സെക്‌ഷൻ 30(2) എ വകുപ്പ് പ്രകാരം വിവരാവകാശ നിയമത്തിലെ 8 (1) ജെ വകുപ്പിൽ വരുത്താനുദ്ദേശിക്കുന്ന കാതലായ മാറ്റം പ്രസ്തുത നിയമത്തിന്റെ ചിറകരിയും.

ജസ്റ്റിസ് പുട്ടസ്വാമി V S യൂണിയൻ ഒഫ് ഇന്ത്യ കേസിൽ 2017 ആഗസ്റ്റ് 24 ന് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് സ്വകാര്യത ഭരണഘടന ഉറപ്പുതരുന്ന മൗലികവകാശമാണെന്ന് ഏകകണ്ഠവും അസന്നിഗ്ദ്ധവുമായി വിധിച്ചു. ആധാർ കാർഡിന്റെ നിയമസാധുത ചോദ്യംചെയ്തുകൊണ്ട് മുൻ ജഡ്‌ജിയായിരുന്ന പുട്ടസ്വാമി നടത്തിയ നിയമപോരാട്ടത്തിന്റെ തുടർച്ചയായിരുന്നു സുപ്രധാന വിധി. ഈ വിധിയെ ഒരവസരമാക്കിയാണ് കേന്ദ്രസർക്കാർ വിവരാവകാശ നിയമത്തിന്റെ നൈതികതയെ ചോദ്യംചെയ്യുന്ന അപകടകരമായ അവസ്ഥ സൃഷ്ടിച്ചത്.
രാജ്യത്ത് നിലവിലുള്ള വിവരസംരക്ഷണ നിയമങ്ങൾ 2000 ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്ട്, 2011 ലെ ഇൻഫർമേഷൻ ടെക്‌നോളജി റൂൾസ് എന്നിവയാണ്. 2017 ആഗസ്റ്റിൽ ജസ്റ്റിസ് കെ. എസ് പുട്ടസ്വാമി കേസിൽ വിധി പുറപ്പെടുവിച്ചുകൊണ്ട് ബഹുമാനപ്പെട്ട സുപ്രീം കോടതി ഇന്ത്യയ്ക്ക് പൂർണവും വ്യവസ്ഥാപിതവുമായ വിവരസംരക്ഷണ നിയമം നിർമിക്കുന്നതിന്റെ അനിവാര്യത കേന്ദ്രസർക്കാരിനെ ഓർമപ്പെടുത്തുന്നു. അതേത്തുടർന്നാണ് ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ അദ്ധ്യക്ഷനായ പത്തംഗ കമ്മിറ്റിയെ ഇലക്ട്രോണിക്‌സ് വിവരസാങ്കേതിക മന്ത്രാലയം നിയമിച്ചത് . 2018 ജൂലായിൽ ശ്രീകൃഷ്ണ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ നീതിയുക്തമായ വ്യവസ്ഥകളാണുണ്ടായിരുന്നത്. എന്നാൽ 2019 കേന്ദ്ര സർക്കാർ കരടുരൂപത്തിൽ അവതരിപ്പിച്ച ഡി.പി.ഡി.പി.ബിൽ 2022ൽ ബല്ലൂർ നാരായണസ്വാമി ശ്രീകൃഷ്ണ റിപ്പോർട്ടിനെ അട്ടിമറിച്ചുകൊണ്ടു ഭരണകൂടധാർഷ്ട്യം പ്രകടിപ്പിക്കുന്ന വ്യവസ്ഥകളെല്ലാം അക്കമിട്ട് കൂട്ടിച്ചേർത്തു. ഇതിനെക്കുറിച്ച് പ്രതികരിച്ച നീതിമാനായ മുൻ ന്യായാധിപൻ ജസ്റ്റിസ് ബി.എൻ ശ്രീകൃഷ്ണ ഗവൺമെന്റിന്റെ സ്വജനപക്ഷപാതത്തെ നിശിതമായി വിമർശിച്ചു. പുതിയ ബിൽ ഗവൺമെന്റ് രാജ് നടപ്പാക്കാനുള്ള ഉപാധിയും കോർപ്പറേറ്റുകൾക്ക് സന്തോഷം പകരുന്നതും സാധാരണക്കാരനെ ഭരണഗർഭത്തിൽനിന്ന് തൂത്തെറിയുന്നതുമാണെന്ന് സാക്ഷ്യപ്പെടുത്തി.

വിവരാവകാശത്തെ

എങ്ങനെ ദുർബലമാക്കുന്നു ?

നിർദിഷ്ട ബില്ലിലെ 30 (എ) വകുപ്പ് അനുസരിച്ച് എന്താവശ്യത്തിനായാലും വ്യക്തിഗതവിവരങ്ങൾ നൽകാൻ കഴിയില്ല. വിവരാവകാശ നിയമം 2005 ലെ 8(1) ജെ സെക്‌ഷൻ അനുസരിച്ച് ആവശ്യമായ വിവരങ്ങൾ (വ്യക്തിപരമായ വിവരങ്ങൾ കൂടി) നൽകാൻ നിയമപരമായ ബാദ്ധ്യത ഗവൺമെന്റ് അർദ്ധ ഗവൺമെന്റ് സ്ഥാപനങ്ങൾക്കുണ്ടായിരുന്നു. നിലവിലെ നിയമമനുസരിച്ച് സ്വകാര്യതയ്ക്ക് വിലയില്ലെന്നും പൗരന്റെ സ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും പ്രത്യക്ഷ ലംഘനമാണെന്നുമാണ് ഗവൺമെന്റിന്റെ പൊള്ളയായവാദം. വ്യക്തിയുടെ ജീവന് ഭീഷണിയുണ്ടാകുന്നതോ, സ്വകാര്യവിവരങ്ങൾ പൊതുതാത്‌പര്യവുമായി ബന്ധമില്ലാത്തതോ, വ്യക്തിയുടെ സ്വകാര്യതയെ അപകടകരമാം വിധം മുറിവേല്പിക്കുന്നതോ ആയ അവസരങ്ങളിൽ വിവരങ്ങൾ നല്‌കേണ്ടതില്ലെന്ന് വിവരാവകാശനിയമം ഉറപ്പിച്ച് പറയുന്നുണ്ട് .

പൊലീസിനോ, കസ്റ്റംസിനോ അന്വേഷണ ഏജൻസികൾക്കോ വിവരം കൈമാറിയ ഒരു 'ഇൻഫോർമറെ' സംബന്ധിച്ച വിവരം ആവശ്യപ്പെട്ടാൽ നൽകേണ്ടതില്ലെന്ന് സെക്‌ഷൻ 8(1) (j) അനുസരിച്ച് നിയമം വ്യവസ്ഥ ചെയ്യുന്നു. വ്യക്തിയുടെ വ്യാവസായിക വളർച്ചയ്ക്കാവശ്യമായ മത്സരാധിഷ്ഠിതമായ കച്ചവടരഹസ്യങ്ങൾ വെളിവാക്കേണ്ടതില്ലെന്നും ബാങ്ക് അക്കൗണ്ട്, പണസമ്പാദന നിക്ഷേപരഹസ്യങ്ങൾ സാധാരണഗതിയിൽ വെളിപ്പെടുത്തേണ്ടതില്ലെന്നും നിയമം പലവകുപ്പുകളിലായി വ്യവസ്ഥ ചെയ്യുന്നു. 1923 ലെ ദേശീയ ഔദ്യോഗിക രഹസ്യനിയമം അനുശാസിക്കുന്ന രാഷ്ട്രരഹസ്യങ്ങളും വൈദേശികബന്ധ രഹസ്യങ്ങളും ശാസ്ത്രപരീക്ഷണങ്ങളുടെ വിവരങ്ങളും പൈതൃകവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങളും 8(1) പ്രകാരം പൗരന് ലഭ്യമാകില്ലെന്ന് വിവരാവകാശ നിയമം അനുശാസിക്കുന്നു.
വിവരം നൽകുന്നതിലൂടെ അപകടമോ കുറ്റകൃത്യമോ നടക്കാൻ സാദ്ധ്യതയുണ്ടെന്ന് ബോദ്ധ്യപ്പെടുന്നപക്ഷം ഏതു പൊതുതാത്പര്യത്തിന്റെ പേരിലായാലും നൽകേണ്ടതില്ലെന്ന് ഇപ്പോൾത്തന്നെ വ്യവസ്ഥയുണ്ട്. പൊലീസിന്റെയോ അന്വേഷണ ഏജൻസികളുടെയോ കുറ്റാന്വേഷണശ്രമത്തെയോ കൃത്യനിർവഹണത്തെയോ ബാധിക്കുന്ന വിവരങ്ങളും നൽകേണ്ടതില്ല.

ബില്ലിങിനെക്കുറിച്ചുള്ള പൊതുജനാഭിപ്രായം www.mygov.in എന്ന സൈറ്റിലൂടെ മാത്രമേ അറിയിക്കാൻ കഴിയൂ. എപ്പോഴും പണിമുടക്കുന്ന സംവിധാനമാണത്. പൊതുജനങ്ങൾ 'കഷ്ടപ്പെട്ട് ' നൽകുന്ന വിവരങ്ങളോ പരാതികളോ അഭിപ്രായങ്ങളോ അവയ്ക്ക് ഗവൺമെന്റ് നല്കുന്ന ശ്രദ്ധയോ ഒരു പൊതുപ്ലാറ്റ്‌ഫോമിലും പ്രസിദ്ധപ്പെടുത്തില്ലെന്ന് പറയുന്നത് ജനാധിപത്യ സങ്കല്പത്തിനെതിരാണ്. DPDP ബില്ലിന്റെ സെക്ഷൻ 19 പ്രകാരം ഡേറ്റ പ്രൊട്ടക്‌ഷൻ ബോർഡിന്റെ ചെയർമാനെ നിയമിക്കുന്നതിനും പുറത്താക്കുന്നതിനുമുള്ള അവകാശവും അധികാരവും കേന്ദ്ര സർക്കാരിന് മാത്രമാണ്. പേരിനെങ്കിലും ചെയർമാന്റെ കാര്യത്തിൽ സി.വി.സി (ചീഫ് വിജിലൻസ് കമ്മിഷണർ) മാതൃകയിലുള്ള തിരഞ്ഞെടുപ്പ് നടപ്പിലാക്കി സ്വതന്ത്രവ്യക്തിത്വമാണെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്.

ഭരണത്തിന്റെ സുതാര്യത വെളിച്ചത്ത് കൊണ്ടുവരാൻ ശ്രമിക്കുന്ന വിവരാവകാശനിയമം ഇല്ലാതായാൽ ഭരണഘടനയ്‌ക്ക് മേലും കടന്നുകയറ്റങ്ങളുണ്ടാകാൻ അധികസമയം വേണ്ടിവരില്ല.

ലേഖകൻ ഭരണഘടനയിലും സൈബർ നിയമങ്ങളിലും അന്തർദേശീയ നിയമങ്ങളിലും പ്രാക്ടീസ് ചെയ്യുന്ന മനുഷ്യാവകാശ പ്രവർത്തകനാണ് . ഫോൺ - 9495732355

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RIGHT TO INFORMATION ACT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.