SignIn
Kerala Kaumudi Online
Saturday, 26 July 2025 1.01 PM IST

രണ്ട് രൂപ കൂട്ടി, ഒരു രൂപ കുറയ്ക്കുന്ന (കു)തന്ത്രം

Increase Font Size Decrease Font Size Print Page

opinion

നാടൻ ഭാഷയിൽ പറഞ്ഞാൽ, 110 രൂപ പോക്കറ്റടിച്ച ശേഷം 10 രൂപ മടക്കി നൽകുന്ന പരിപാടി. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റിനെ ഇങ്ങനെ വിശേഷിപ്പിക്കുന്നതാകും കൂടുതൽ ശരി. സാധാരണക്കാരന് അധികഭാരമാകാത്ത കേന്ദ്ര ബഡ്ജറ്റിനു പിന്നാലെ വന്ന സംസ്ഥാന ബഡ്ജറ്റ് കേരളത്തിലെ ജനങ്ങൾക്ക് നല്കിയത് മാരകമായ ഇരുട്ടടി. നിർദ്ദേശങ്ങളിൽ കേരളത്തിലെ പാവപ്പെട്ടവനോ ഇടത്തരക്കാരനോ സമ്പന്നനോ ആശയ്ക്ക് വകയില്ലെങ്കിലും ആശങ്കയ്ക്ക് വകയേറെയുണ്ട്. പെട്രോളിനും ഡീസലിനും രണ്ട് രൂപവീതം സെസ് ഏർപ്പെടുത്താനുള്ള തീരുമാനം ബഡ്ജറ്റിൽ പ്രതീക്ഷ അർപ്പിച്ചിരുന്നവരെപ്പോലും അമ്പരപ്പിച്ചപ്പോൾ സമസ്ത മേഖലകളിലും അമിത നികുതി ഏർപ്പെടുത്തിയ പ്രഖ്യാപനം തീവെട്ടിക്കൊള്ളയ്ക്ക് സമാനമായി. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വർദ്ധനവ്, മോട്ടോർ വാഹന സെസ്, സ്റ്റാമ്പ് ഡ്യൂട്ടി കെട്ടിടനികുതി, പുതിയ കാർ വാങ്ങുന്നതിനുള്ള നികുതി എന്നു വേണ്ട മദ്യത്തിനും വൈദ്യുതിക്കും വെള്ളത്തിനും പാലിനും വരെ ഇനി വർദ്ധിച്ച വില നൽകേണ്ടി വരും. അടഞ്ഞുകിടക്കുന്ന വീടുകൾക്ക് വരെ നികുതി ചുമത്താനുള്ള വിചിത്രമായ നിർദ്ദേശങ്ങളടക്കം ജനങ്ങളെ പ്രത്യക്ഷത്തിൽ തന്നെ പിഴിയുന്ന നിർദ്ദേശങ്ങളാണ് ബഡ്ജറ്റിലുള്ളത്. സമസ്ത മേഖലകളെയും നികുതിഭാരം കൊണ്ട് വീർപ്പ് മുട്ടിച്ചെങ്കിലും പെട്രോൾ, ഡീസൽ വിലവർദ്ധനവിന് കാരണമാകാവുന്ന രണ്ട് രൂപയുടെ സെസ് ആണിപ്പോൾ രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹവും കൂടുതൽ ചർച്ചയാക്കിയിരിക്കുന്നത്. പ്രതിപക്ഷം പ്രത്യക്ഷ സമരം ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ 60 ലക്ഷത്തോളം പേർക്ക് സാമൂഹികക്ഷേമ പെൻഷൻ നൽകാനെന്ന പേരിലാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം സെസ് ഏർപ്പെടുത്താൻ ബഡ്ജറ്റിൽ നിർദ്ദേശിച്ചത്. 60 ലക്ഷത്തോളം പേർക്ക് സാമൂഹിക സുരക്ഷാ പെൻഷൻ നൽകാൻ 750 കോടി രൂപ പെട്രോൾ സെസിലൂടെ കണ്ടെത്തുമെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാൽ പെൻഷൻ 1600 രൂപയിൽ നിന്ന് 50 രൂപ പോലും വർദ്ധിപ്പിച്ചതുമില്ല. അതേസമയം പെട്രോൾ സെസിന്റെ ഫലമായുണ്ടാകുന്ന സമസ്ത മേഖലയിലെയും വിലക്കയറ്റം പെൻഷൻ വാങ്ങുന്നവരെയും പ്രത്യക്ഷത്തിൽ തന്നെ ബാധിക്കും.

പെട്രോളിലെ കളികൾ

പെട്രോൾ, ഡീസൽ വിലവർദ്ധന വിപണിയിലെ ഏറ്റക്കുറച്ചിലിനനുസൃതമായി പരിഷ്‌ക്കരിക്കുന്ന കേന്ദ്രസർക്കാർ തീരുമാനത്തെ ഏറ്റവുമധികം എതിർക്കുകയും വിമർശിക്കുകയും ചെയ്തവരാണ് കേരളത്തിലെ ഇടത്, വലത് മുന്നണികളും പാർട്ടി അണികളും. സാധാരണ ജനങ്ങൾക്കും അതിൽ കടുത്ത എതിർപ്പായിരുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി വിലയിൽ കാര്യമായ വ്യതിയാനം ഇല്ലാതിരിക്കെയാണ് കേരളത്തിൽ ഏകപക്ഷീയമായി രണ്ട് രൂപയുടെ സെസ് ഏർപ്പെടുത്താനുള്ള തീരുമാനമെന്നത് ശ്രദ്ധേയം. ഇത് നിലവിൽ വന്നാൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഇന്ധന വിലയുള്ള ചുരുക്കം സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും എത്തും. പെട്രോൾ ലിറ്ററിന് 110 രൂപയും ഡീസലിന് 99 രൂപയുമുള്ള തെലുങ്കാനയും ആന്ധ്രപ്രദേശുമാണ് ഇപ്പോൾ മുന്നിലുള്ളത്. രണ്ട് രൂപ കൂടുന്നതോടെ തിരുവനന്തപുരത്തും പെട്രോൾ വില 110 രൂപയിലേക്കും ഡീസൽ വില 99 രൂപയിലേക്കും എത്തും. ഇപ്പോഴത്തെ വില പെട്രോളിന് 108 രൂപയും ഡീസലിന് 96.79 രൂപയുമാണ്. കൊച്ചിയിൽ ഇതിലും വിലക്കുറവാണ്. (105. 72 രൂപ, 94.66 രൂപ) യുക്രെയിൻ യുദ്ധത്തെ തുടർന്ന് ക്രൂഡോയിൽ വില കുതിച്ചപ്പോൾ രാജ്യത്തെ ഇന്ധനവില പിടിച്ചുനിറുത്താൻ 2021 നവംബറിലും കഴിഞ്ഞ മേയിലും പെട്രോൾ, ഡീസൽ എക്‌സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയുമാണ് എക്‌സൈസ് നികുതിയിനത്തിൽ കേന്ദ്ര സർക്കാർ കുറവ് വരുത്തിയത്. അപ്പോഴൊക്കെ മറ്റു സംസ്ഥാനങ്ങൾ കുറവ് വരുത്തിയെങ്കിലും കേന്ദ്ര നികുതിയുടെ ആനുപാതികമായുള്ള സ്വാഭാവിക കുറവ് മാത്രമാണ് കേരളത്തിലുണ്ടായത്. ഇതു ചൂണ്ടിക്കാട്ടിയാണ് കേരളവും വിലകുറച്ചെന്ന് അന്ന് ധനമന്ത്രിയും സി.പി.എമ്മും ന്യായീകരിച്ചത്. തമിഴ്നാട്, കർണാടക, ഡൽഹി, മഹാരാഷ്ട്ര, രാജസ്ഥാൻ, തുടങ്ങിയ പല സംസ്ഥാനങ്ങളും അന്ന് നികുതിയിൽ വൻകുറവ് വരുത്തിയിരുന്നു. അങ്ങനെ എല്ലാവരും കുറച്ചപ്പോൾ കുറയ്ക്കാതിരിക്കുകയും ആരും കൂട്ടാത്തപ്പോൾ കൂട്ടുകയും ചെയ്യുന്ന കേരള മോഡലായി ഭാവിയിൽ ഇത് വാഴ്ത്തപ്പെട്ടേക്കാം.

അതിർത്തിയിലെ

പെട്രോൾ പമ്പുകൾക്ക് ഭീഷണി

അതിർത്തി കടന്ന് തമിഴ്നാട്ടിലോ കർണാടകയിലോ എത്തി ഇന്ധനം വാങ്ങിയാൽ കേരളത്തിലെക്കാൾ വിലയിൽ വൻ അന്തരം വരുന്നതോടെ ഈ സംസ്ഥാനങ്ങളോട് അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലെ പെട്രോൾ പമ്പുകൾക്ക് വൻ ഭീഷണിയാകും. കൂട്ടിയ രണ്ട് രൂപയുടെ സെസ് കൂടി നിലവിൽ വന്നാൽ പെട്രോൾ, ഡീസൽ വിലയിൽ കേരളവും അതിർത്തി സംസ്ഥാനങ്ങളും തമ്മിൽ വലിയ അന്തരമുണ്ടാകും. അതിർത്തിയിലുള്ളവർ ആ സംസ്ഥാനങ്ങളിൽ പോയി ഇന്ധനം നിറയ്ക്കാനും അവിടെ നിന്ന് കുറഞ്ഞ വിലയ്ക്ക് ഇന്ധനം വാങ്ങി കേരളത്തിലെത്തിക്കാനുമുള്ള സാദ്ധ്യതയേറെയാണ്. ഇതാണ് അതിർത്തിയിലെ പെട്രോൾ പമ്പുകൾക്ക് ഭീഷണി ഉയർത്തുന്നത്. കേന്ദ്രഭരണ പ്രദേശമായ മാഹിയിൽ ഇപ്പോൾത്തന്നെ പെട്രോൾ വില 93.80 രൂപയും ഡീസൽ വില 83.72 രൂപയുമാണ്. കർണാടകത്തിലെ മംഗളൂരുവിൽ ഇത് യഥാക്രമം 101.13, 87.11 ആണ്. തിരുവനന്തപുരം ജില്ലയോട് തൊട്ടുകിടക്കുന്ന കളിയിക്കാവിളയിൽ വില 103.85, 95.46 രൂപയാണ്. തിരുവനന്തപുരത്ത് രണ്ടുരൂപ സെസ് കൂടി വന്നാൽ പെട്രോളിന് 110 രൂപയും ഡീസലിന് 98.77 രൂപയുമാകും. ബഡ്‌ജറ്റിനു മുമ്പ് തന്നെ കർണാടക സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ അവിടെനിന്ന് ഇന്ധനം നിറയ്ക്കണമെന്ന് എം.ഡി പ്രത്യേകം സർക്കുലർ ഇറക്കിയിരുന്നു. രണ്ട് രൂപ സെസ് കൂടി വന്നാൽ കെ.എസ്.ആർ.ടി.സിയും കൂടുതൽ കഷ്ടത്തിലാകും.

രണ്ട് കൂട്ടി ഒന്ന് കുറയ്ക്കുന്ന (കു)തന്ത്രം

ബഡ്ജറ്റ് നിർദ്ദേശങ്ങൾ നിലവിൽ വരുന്നത് ഏപ്രിൽ ഒന്ന് മുതലാണ്. ഇന്ധനം ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്കെല്ലാം വിപണിയിൽ വൻ വിലവർദ്ധനയുണ്ടാകുമെങ്കിലും പ്രതിപക്ഷകക്ഷികൾ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്ധന സെസിലാണ്. ബഡ്ജറ്റ് നിർദ്ദേശങ്ങളിൽ സി.പി.എമ്മിലും മറ്റു സഖ്യകക്ഷികളിലും അതൃപ്തിയുണ്ടെങ്കിലും അത് പരസ്യമാക്കിയിട്ടില്ല. കേരളത്തിൽ ഒരു ദിവസം വിറ്റഴിക്കുന്നത് ഉദ്ദേശ്യം 51 ലക്ഷം ലിറ്റർ പെട്രോളും 63 ലക്ഷം ലിറ്റർ ഡീസലുമാണ്. ഇന്ധനത്തിന് രണ്ട് രൂപ സെസ് ഏർപ്പെടുത്തിയ ധനകാര്യമന്ത്രിയും സി.പി.എമ്മും ഇതിന്മേലുണ്ടാകാവുന്ന വൻ പ്രതിഷേധം മുൻകൂട്ടി കാണാത്തവരല്ല. പ്രതിഷേധം കനക്കുമ്പോൾ ആശ്വാസ നടപടിയെന്ന നിലയിൽ സെസ് ഒരു രൂപയാക്കി കുറച്ച് പ്രതിഷേധം തണുപ്പിക്കാമെന്നും അവർ മുൻകൂട്ടി കണ്ടിട്ടുണ്ടാകാം. 'ദാ ഞങ്ങൾ കുറച്ചേ' എന്ന് പറയുകയും ചെയ്യാം. നിയമസഭയിൽ ഇന്ന് ബഡ്ജറ്റ് ചർച്ചയ്ക്ക് മറുപടി പറയുന്ന വേളയിൽ ഇത് പ്രഖ്യാപിച്ച് തടയൂരാൻ ശ്രമിക്കുമെന്ന് സൂചനയുണ്ട്. എന്നാൽ കൂട്ടിയ സെസ് കുറയ്‌ക്കേണ്ടതില്ലെന്ന അഭിപ്രായവും സി.പി.എമ്മിൽ ഉയരുന്നുണ്ട്. ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട അമിത നികുതിഭാരത്തിന് ഈ ഒരു രൂപയുടെ കുറവുകൊണ്ട് തെല്ലും ആശ്വാസം ഉണ്ടാകില്ലെന്ന് മാത്രമല്ല, മുന്നോട്ടുള്ള ജീവിതം കൂടുതൽ ദുസഹമാകുകയും ചെയ്യുമെന്നത് വേറെ കാര്യം. രണ്ട് രൂപ കൂട്ടിയിട്ട് ഒരു രൂപ കുറച്ച് പ്രതിഷേധം തണുപ്പിക്കാനുള്ള കുതന്ത്രം എത്രത്തോളം ഏശുമെന്നതും പ്രതിപക്ഷ പ്രതിഷേധത്തെ തണുപ്പിക്കാൻ ഇതിനാകുമോ എന്നതും കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

TAGS: KERALA BUDGET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.