കൊച്ചി: സ്കൂളുകളിൽ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിക്കായി കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ടിൽ മറ്റു ചില കാര്യങ്ങൾക്കായി വിനിയോഗിക്കേണ്ട തുകയിൽനിന്ന് ഒരു ഭാഗം വകമാറ്റി സംസ്ഥാന പൊതു വിദ്യാഭ്യാസവകുപ്പ് ഇതുമായി ബന്ധപ്പെട്ട സോഫ്ട് വെയർ നിർമിച്ചതായി ആക്ഷേപം. കേന്ദ്ര ഫണ്ടിൽ നിന്ന് 38 ലക്ഷത്തോളം രൂപയാണ് ഇതിനായി വകമാറ്റിയതെന്നാണ് വിവരം. ഇതുപയോഗിച്ച് സംസ്ഥാനത്തിന് പ്രത്യേകമായി www.mdms.kerala.gov.in എന്ന വെബ്സൈറ്റ് തയാറാക്കുകയായിരുന്നു. ഇതിന്റെ ഉദ്ഘാടനത്തിനായി വിദ്യാഭ്യാസ മന്ത്രിയുടെ സമയം ലഭിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ കാക്കുകയാണ്.
ഉച്ചഭക്ഷണ സ്കീമിൽ കേന്ദ്രം കേരളത്തിന് 200 കോടിയോളം രൂപ എല്ലാ വർഷവും അനുവദിക്കുന്നുണ്ട്. ഇതിൽ 1.8 ശതമാനം തുക കുട്ടികളുടെ ഭക്ഷണത്തിനല്ലാതെ എം.എം.ഇ ഫണ്ടായി (മാനേജ്മെന്റ് മോണിറ്ററിംഗ് ആൻഡ് ഇവാലുവേഷൻ) ഉപയോഗപ്പെടുത്തണം. 50 ശതമാനം വീതം സ്കൂളിന്റെയും ഓഫീസിന്റെയും പ്രവർത്തനങ്ങൾക്കും വിനിയോഗിക്കണം. ഇതാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന മാർഗ നിർദേശം. എന്നാൽ, ഇതിനായി വിനിയോഗിക്കേണ്ട തുക ഉപയോഗിച്ചാണ് സോഫ്ട്‌വെയർ നിർമാണം നടത്തിയത് എന്നാണ് ആക്ഷേപം.
എം.എം.ഇ ഫണ്ടായി 3 കോടിയോളം രൂപ ഒരു വർഷം ഉപയോഗിക്കാമെന്ന് ഇതുസംബന്ധിച്ച മാർഗ നിർദേശങ്ങളിൽ പറയുന്നുണ്ട്. ഈ തുക ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് സോപ്പ്, ഹാന്റ് വാഷ്, ഫോം പ്രിന്റ്, സ്റ്റേഷനറി മെറ്റീരിയൽസ് എന്നിവ വാങ്ങുന്നതിനും ജീവനക്കാരെ നിയമിക്കുന്നതിനുമാണ് ഉപയോഗിക്കേണ്ടത്. എന്നാൽ ഈ തുകയിൽ ഒരുഭാഗമാണ് സോഫ്ട്‌വെയർ നിർമാണത്തിനായി വകമാറ്റിയത്. 2011- 12 വർഷത്തിലാണ് സോഫ്ട്‌വെയർ നിർമാണത്തിന് തുടക്കം കുറിച്ചത്. അന്ന് ഇതിനായി 13 ലക്ഷം രൂപ ചെലവഴിച്ച് ഉദ്യോഗസ്ഥരെ നിയമിച്ചെങ്കിലും പദ്ധതി നടപ്പായില്ല. പിന്നീട് 2018ൽ സോഫ്ട് വെയർ നിർമാണം പൂർത്തിയാക്കാതെ ഇതിന്റെ ഉപയോഗം സംബന്ധിച്ച് എ.ഇ.ഒമാർക്ക് ട്രെയിനിംഗ് നൽകുന്നതിനായി 16 ലക്ഷം രൂപ ചെലവഴിച്ചു. ഇതിന്റെ കൃത്യമായ രേഖകൾ ഇപ്പോഴും സമർപ്പിച്ചിട്ടില്ലെന്നാണ് വിവരം. സോഫ്ട്‌വെയർ നിർമിക്കുന്നതിന് പിന്നെയും 6 ലക്ഷം മുടക്കേണ്ടിവന്നു. കൂടാതെ 3 ലക്ഷം രൂപ സെർവർ വാടകയായും ചെലവായി. ഇത്തരത്തിൽ 38 ലക്ഷത്തോളം രൂപ എ.എം.ഇ ഫണ്ടിൽ നിന്നും വകമാറ്റി ചെലഴിച്ചെന്നാണ് ആരോപണം. ജീവനക്കാരെ നിയമിക്കാമെന്ന നിർദേശത്തിന്റെ ചുവടുപിടിച്ച് യോഗ്യത ഇല്ലാത്തവരെ മാനദണ്ഡങ്ങൾ ലംഘിച്ച് അനധികൃതമായി നിയമനം നടത്തിയെന്നും ആക്ഷേപമുണ്ട്.
മനസിലാക്കിയിട്ട് പ്രതികരിക്കാം
ഞാൻ ചാർജ് എടുത്തിട്ട് പത്ത് ദിവസമേ ആയിട്ടുള്ളൂ. എന്താണ് നിയമവശം, ഏത് ഫണ്ട് എടുത്താണ് ചെലവഴിക്കാൻ കഴിയുന്നത്, ഏത് ഫണ്ട് ഉപയോഗിച്ചാണ് സോഫ്ട്‌വെയർ ചെയ്തിരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ മനസിലാക്കിയ ശേഷമേ ഇക്കാര്യത്തിൽ എന്തെങ്കിലും പറയാൻ കഴിയൂ.
ജീവൻ ബാബു.കെ, ഡയറക്ടർ ഒഫ് ജനറൽ എഡ്യുക്കേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |