SignIn
Kerala Kaumudi Online
Saturday, 30 August 2025 8.40 PM IST

ഇങ്ങനെ റോഡരികിൽ കിടത്തണോ...?

Increase Font Size Decrease Font Size Print Page

photo

' രാവിലെ ഒന്നും കഴിക്കില്ല. ഒരു ചായകുടിക്കും. ഉച്ചയ്ക്കും രാത്രിയും കഞ്ഞി മാത്രം. വേറെ ഭക്ഷണമൊന്നുമില്ല.' തിരുവനന്തപുരത്ത് നന്ദാവനത്തിനു സമീപം സമഗ്രശിക്ഷാ കേരളയുടെ(എസ്.എസ്.കെ) ആസ്ഥാനത്തിനു മുന്നിലെ ടാർപ്പാളിൻ മേൽക്കൂരയിട്ട താത്‌കാലിക ഷെഡ്ഡിലിരുന്ന് പാലക്കാട്ടുകാരനായ രതീഷും കോഴിക്കോട് സ്വദേശിനിയായ പ്രസന്നയും പറഞ്ഞു. വെയിലും തണുപ്പുമേറ്റ് റോഡരികിൽ, കഴിഞ്ഞ ഇരുപത്തിയേഴ് ദിവസമായി രാപ്പകൽസമരം ചെയ്യുന്ന സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുടെ പ്രതിനിധികളാണിവർ.

പ്രതിമാസം 25200 രൂപ ശമ്പളം( പി.എഫ് വിഹിതമടക്കം 29000) ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ അവർക്ക് ലഭിക്കുന്നത് പതിനായിരം രൂപ മാത്രമാണ്. പ്രൊവിഡന്റ് ഫണ്ടായി 1200 രൂപ പിടിച്ചശേഷം കൈയിൽ കിട്ടുന്നതോ 8800 രൂപയും. ഈ തുകകൊണ്ട് എങ്ങനെയൊരു കുടുംബം കഴിയുമെന്ന് കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ ചോദിക്കുന്നു. കൊച്ചുകുട്ടികളുള്ള അമ്മയും അച്ഛനുമൊക്കെ സമരത്തിലുണ്ട്. വീടുകളിൽ ഇവരെ കാത്തിരിക്കുന്ന കുട്ടികൾ കരയുന്നുണ്ട്. അവരെ നോക്കാൻ കഴിയാതെ സമരപ്പന്തലിൽ ഇരിക്കുന്നവർക്ക് സമരം എന്ന് തീരുമെന്ന് കൃത്യമായ ഉത്തരമില്ല . ആ വേദന അവർ ഉള്ളിലൊതുക്കുകയാണ്.

വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി രണ്ടുതവണ സമരക്കാരുമായി ചർച്ചനടത്തി. ആദ്യം രണ്ടായിരം രൂപ കൂട്ടിനൽകാമെന്ന് പറഞ്ഞു. രണ്ടാമത്തെ ചർച്ചയിൽ 500 രൂപകൂടി കൂട്ടാമെന്നു പറഞ്ഞു. മൊത്തം 2500 രൂപ. എന്നാൽ ലഭിച്ചുവന്നതിന്റെ പകുതിപോലും ആകുന്നില്ലല്ലോ എന്നാണ് സമരം ചെയ്യുന്നവർ പറയുന്നത്. അവകാശങ്ങൾ നേടിയെടുക്കാൻ സമരത്തെ ആയുധമാക്കിയ പ്രസ്ഥാനം നയിക്കുന്ന ഭരണമാണ് സംസ്ഥാനത്ത്. മന്ത്രി ശിവൻകുട്ടിയാകട്ടെ ഏറ്റവും മനുഷ്യപ്പറ്റുള്ള രാഷ്ട്രീയനേതാവാണ്. ബുദ്ധിമുട്ടുന്നവന്റെ തോളിൽക്കൈയ്യിട്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരുമടിയും കാട്ടാത്തയാൾ. എന്നിട്ടും ഇവർ ഈ ചൂടും തണുപ്പുമേറ്റ് റോഡരികിൽ കിടക്കുകയാണ്.

എസ്.എസ്.കെ യുടെ ഡയറക്ടർ സുപ്രിയ പറയുന്നത് ഇങ്ങനെ - ' കൊടുക്കാവുന്നതിന്റെ പരമാവധിയാണ് കൊടുത്തിരിക്കുന്നത്. അതിലും വർദ്ധനയാണ് സമരം ചെയ്യുന്നവർ ചോദിക്കുന്നത്. അവരെയെല്ലാം ആദ്യം നിയമിച്ചത് സർവശിക്ഷാ അഭിയാൻ എന്ന പ്രോജക്ടിലേക്കായിരുന്നു. അപ്പോഴാണ് 25200 രൂപ കൈയ്യിൽ കിട്ടിയിരുന്നത്. ഒരുവർഷം കഴിഞ്ഞപ്പോൾ ആ പ്രോജക്ട് തീർന്നു. സമഗ്രശിക്ഷ കേരള എന്ന പ്രോജക്ട് പുതിയതായി നടപ്പിലാക്കി. 7000 രൂപയാക്കി വേതനം കുറച്ചു. എന്നാൽ അവർക്ക് പതിനായിരമാണ് സർക്കാർ പി.എഫ് അടക്കം കൊടുക്കുന്നത്. അവർ ആവശ്യപ്പെട്ടതനുസരിച്ച് മൂന്നുദിവസമായി പ്രവൃത്തിദിനം കുറച്ചുകൊടുത്തിട്ടുമുണ്ട്. ശമ്പളം കൊടുക്കുന്നതിൽ 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാനവിഹിതവുമാണ്. ഇ.പി.എഫിൽ അവർ അടയ്ക്കുന്നതിനു പുറമെ 1300 രൂപകൂടി വിഹിതമായി സർക്കാർ അടയ്ക്കുന്നുണ്ട്. ചർച്ച നടത്തിയിരുന്നു. 2500 രൂപ വർദ്ധിപ്പിക്കുമ്പോൾ 12500 രൂപയാകും ശമ്പളം. അത് സെപ്‌തംബർ മുതൽ പ്രാബല്യത്തിൽ, കുടിശിക സഹിതം നൽകാമെന്നും പറഞ്ഞിട്ടുണ്ട്. മൂന്നുദിവസം സ്കൂളിൽപ്പോയാൽ മതിയാകും.'- ഇതാണ് ഔദ്യോഗിക വിശദീകരണം.

എന്നാൽ മൂന്നുദിവസമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ഈ അദ്ധ്യാപകരാരും തന്നെ ചട്ടപ്പടി ജോലിചെയ്യുന്നവരല്ല. അഞ്ചും ആറും ദിവസം അവർ ജോലിക്കുപോകും. ഭിന്നശേഷിക്കാരായ കുട്ടികളെയും പഠിപ്പിക്കുന്നുണ്ട്. ഈ കുട്ടികളുടെ വീടുകളിലും പോകാറുണ്ട്.

പ്രളയത്തിന്റെ പേരിലാണ് ആദ്യം ശമ്പളം കുറച്ചതെന്ന് സമരക്കാർ പറയുന്നു. അന്ന് ഒറ്റയടിക്ക് 14000 രൂപയായികുറച്ചിരുന്നു. ഓരോ മാസവും ശമ്പളത്തിൽ അഞ്ചുശതമാനം വീതം കുറയ്ക്കുകയായിരുന്നുവത്രേ. കഴിഞ്ഞ ഏപ്രിൽ മുതലാണ് പതിനായിരം (പി.എഫ് വിഹിതം ഉൾപ്പെടെ) നിശ്ചയിച്ചത്. ഓരോ വർഷത്തേക്കാണ് നിയമനം. പിന്നീട് പുതുക്കി നൽകും. കേന്ദ്രവിഹിതത്തിൽ കുറവുണ്ടായെങ്കിലും ഓരോ സംസ്ഥാനങ്ങളും അവിടുത്തെ ജീവിതനിലവാരത്തിന് അനുസൃതമായിട്ടുള്ള വേതനം നൽകണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു. സംസ്ഥാന ഭിന്നശേഷി കമ്മിഷനും അദ്ധ്യാപകർക്ക് അനുകൂലമായ ഉത്തരവ് നൽകിയിരുന്നു.

2016 ൽ ഈ പ്രോജക്ടിന്റെ തുടക്കത്തിൽ 2640 സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരാണ് സംസ്ഥാനത്തൊട്ടാകെ ഉണ്ടായിരുന്നത്. എന്നാൽ ശമ്പളം പകുതിക്കും താഴെയായി കുറച്ചപ്പോൾ പലരും ജോലി ഉപേക്ഷിച്ചു. ഇപ്പോൾ 1340 പേരാണ് ആകെയുള്ളത്.

'ഗതികേടു കൊണ്ടാണ് സമരം ചെയ്യുന്നത്. ഇനി ഈ പ്രായത്തിൽ വേറെ ഏത് ജോലി തേടിപ്പോകാനാണ്.'- സമരക്കാരിൽ ഒരാൾ ചോദിക്കുന്നു.

സാമ്പത്തിക പ്രതിസന്ധിയാണ് സർക്കാർ ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാരണം. പക്ഷേ ന്യായമായ ആവശ്യങ്ങളാണ് തങ്ങൾ ഉയർത്തുന്നതെന്ന സമരക്കാരുടെ വാദം എങ്ങനെ തള്ളിക്കളയാനാകും. സമരം ചെയ്യുന്നവർക്ക് ഭരണപക്ഷത്തെ പ്രബല അദ്ധ്യാപകസംഘടനയിലെ ചില കുട്ടിനേതാക്കൻമാരുടെ ഭീഷണിയുമുണ്ട്. നാട്ടിലെത്തുമ്പോൾ നല്ല തല്ല് വാങ്ങുമെന്നാണ് വിരട്ടൽ. സമരം ചെയ്യുന്നവർക്ക് അഭിവാദ്യം അർപ്പിക്കാൻ പോകുന്നവർ സ്ഥലംമാറ്റ ഭീഷണിയും നേരിടുന്നുണ്ട്.

സമരം ചെയ്യുന്നവർ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനായി സമരപ്പന്തലിനു സമീപത്തെ ഒരു ലോഡ്ജിൽ മുറിവാടകയ്ക്കെടുത്തിട്ടുണ്ട്. കഞ്ഞിവയ്കാൻ തന്നെ പണം കണ്ടെത്തുന്നത് ഉദാരമതികളുടെ ചെറിയ സംഭാവനകളിലാണ്. എത്രദിവസം ഈ സമരം തുടരാനാകുമെന്ന ചോദ്യത്തിനും അവർക്ക് ഉത്തരമില്ല. എങ്കിലും ഇടതുപക്ഷ സർക്കാർ തങ്ങളെ കൈവിടില്ലെന്ന പ്രത്യാശയിലാണ് ദുർബലമായ സ്വരത്തിലാണെങ്കിലും ഇടയ്ക്കിടെ അവർ മുദ്രാവാക്യം മുഴക്കുന്നത്.

TAGS: KALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.