ത്രിപുര പിടിച്ചടക്കി ഡൽഹിയിലേക്കു മാർച്ച് ചെയ്യാൻ കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും തീരുമാനിച്ചതോടെ കാര്യങ്ങൾ കലങ്ങിമറിയുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത നീക്കത്തിനു മുന്നിൽ പകച്ചുനില്ക്കുകയാണ് പരിവാറുകാർ. ഭാരത്‌ജോഡോ യാത്ര പൂർത്തിയാക്കിയപ്പോഴേക്കും രാഹുൽ സമ്പൂർണ സോഷ്യലിസ്റ്റ് ആയെന്ന് സി.പി.എമ്മിന് ഏറെക്കുറെ ബോദ്ധ്യമായി. എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ 'സ്റ്റെഡി' ക്ലാസുകളിലൂടെ ശരിയാക്കിയെടുക്കാം. ഇനി കാര്യങ്ങൾ എളുപ്പമാണ്. അടുത്ത തിരഞ്ഞെടുപ്പോടെ രാജ്യത്ത്, ഗോമാതാക്കളുടെ ഐശ്വര്യമുള്ള അമറലിനു പകരം ചുവപ്പൻ മുദ്രാവാക്യം മുഴങ്ങും. ചെങ്കോട്ടയിൽ ഉദിക്കുന്ന ചുവപ്പൻ നക്ഷത്രം മഴ നനയാതിരിക്കാൻ തൊട്ടുമുകളിൽ കോൺഗ്രസിന്റെ ത്രിവർണപതാകയുണ്ടാകുമെന്നും ഉറപ്പിക്കാം. അങ്ങുമിങ്ങുമില്ലാതെ ചാഞ്ചാടി നില്ക്കുന്ന പാർട്ടികളും സഖ്യത്തിൽ ചേരുമെന്നുറപ്പ്.
നല്ല സാമ്പാറിന് കഷണങ്ങൾ പലതാകാം. സത്യത്തിൽ, എന്താണ് ഐക്യമെന്നും അതിന്റെ രുചിയും ഗുണവും എന്താണെന്നും സിമ്പിളായി പറഞ്ഞുതരുന്ന വിദ്വാനാണ് സാക്ഷാൽ സാമ്പാർ. വീട്ടുമുറ്റത്തെ മുരിങ്ങക്കയും കോവയ്ക്കയും മുതൽ വടക്കന്മാരുടെ മുള്ളങ്കിയും പൊണ്ണൻ മുളകും വരെ സാമ്പാർ സഖ്യത്തിൽ ഭായി-ഭായി ആണ്. സകലമാന പച്ചക്കറികളും സ്‌ഫോടനാത്മകമായ പരിപ്പും ചേർന്ന സാമ്പാർ സൂപ്പാണെന്ന് സായിപ്പന്മാർ വരെ പറഞ്ഞിട്ടുമുണ്ട്. 2014 മുതൽ വല്ലാതെ ക്ഷീണിച്ചുപോയ ഇന്ത്യക്ക് ഇപ്പോഴത്തെ അവസ്ഥയിൽ നല്ലൊരു സൂപ്പ് ആവശ്യമാണ്. ആ സൂപ്പാണ് പലവിധ ആശയങ്ങളും കൊടികളും ചേർന്ന സഖ്യം. നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തിൽ അധിഷ്ഠിതമാണ് ഈ സഖ്യമെന്നും തിരിച്ചറിയണം.
സോഷ്യലിസ്റ്റ് പാർട്ടിയായ കോൺഗ്രസും സോഷ്യലിസത്തിന്റെ അവസാനരൂപമായ കമ്മ്യൂണിസവും ഒന്നാകണമെന്ന് പല ചിന്തകൻമാരും കാലങ്ങളായി ആഗ്രഹിക്കുന്നതാണെങ്കിലും സാധിച്ചിരുന്നില്ല. ശുദ്ധഹൃദയനായ രാഹുൽജി ഇത്രപെട്ടെന്ന് സടകുടഞ്ഞ് എഴുന്നേൽക്കണമെങ്കിൽ ഒരു ബുദ്ധിരാക്ഷസൻ പിന്നിലുണ്ടാകുമെന്ന് ഉറപ്പാണ്. പരിവാറുകാർ പ്രശ്‌നംവച്ചു നോക്കിയിട്ടും തീവ്രമായ ആ അദൃശ്യസാന്നിദ്ധ്യം തിരിച്ചറിയാൻ പി.കെ.ശ്രീമതി ടീച്ചറുടെ നേതൃത്വത്തിലുള്ള ജഡ്ജിംഗ് കമ്മിറ്റി ആഞ്ഞു ശ്രമിച്ചിട്ടും കഴിയാതിരുന്നപ്പോഴാണ് ആ വിദ്വാൻ പെട്ടെന്നു ചിത്രത്തിലേക്കു കടന്നുവന്നത്. മറ്റാരുമല്ല, ഗണിതശാസ്ത്രത്തിലും രാഷ്ട്രീയ ഗണിതത്തിലും അതിവിരുതനായ കെ.സി. വേണുഗോപാൽ എന്ന വേണുജി.
വേണുജിയുടെ അപാര സൂത്രങ്ങൾ
ഭാരത്‌ജോഡോ യാത്രയുടെ വൻവിജയത്തിനുശേഷം ഹാത് സേ ഹാത് ജോഡോ പരിപാടി നടത്താനാണ് പരിപാടി. ഇതിന്റെയെല്ലാം മുഖ്യസൂത്രധാരൻ വേണുജിയാണെന്നുറപ്പ്. ഓരോ വീട്ടിലുമെത്തി 'കൊടുകൈ" എന്നു പറഞ്ഞ് വോട്ട് ഉറപ്പിക്കുന്ന പരിപാടിയാണിത്. ഹസ്തദാനത്തിലൂടെ പ്രവഹിക്കുന്ന കാന്തികതരംഗങ്ങൾക്ക് ആരുടെയും മനസ് മാറ്റാനുള്ള പവറുണ്ടെന്ന് മനഃശാസ്ത്രജ്ഞന്മാർ പറഞ്ഞിട്ടുണ്ട്. പരിവാറുകാർ ആളുകളെ കെട്ടിപ്പിടിച്ച് ചെവിയിൽ വോട്ട് ചോദിക്കുമ്പോൾ നമ്മൾ കൈനീട്ടി ഈസിയായി വോട്ടുവാങ്ങും. എല്ലാം മുൻകൂട്ടി ഹരിച്ചും ഗുണിച്ചും കൂട്ടിയും കുറച്ചും കണ്ടെത്തുന്ന വേണുജിയുടെ അപാര ദീർഘവീക്ഷണം കർണാടകയിൽ പണ്ടേ തെളിഞ്ഞതാണ്. തിരഞ്ഞെടുപ്പിൽ ഒന്നാമതെത്തിയ ബി.ജെ.പി ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാതെ അന്തംവിട്ടു നിന്നപ്പോഴായിരുന്നു വേണുജിയുടെ പൂഴിക്കടകൻ. മൂന്നാം സ്ഥാനത്ത് ഒതുങ്ങിയതോടെ സിനിമാ പിടിത്തവുമായി ഇറങ്ങാനിരുന്ന കുമാരസ്വാമിയോട്, മുഖ്യമന്ത്രിയാകുന്നോ എന്ന ഒറ്റ ചോദ്യമായിരുന്നു. ഫ്രീയായി കിട്ടിയ പിന്തുണ കണ്ട് സ്വാമി മാത്രമല്ല, അദ്ദേഹത്തിന്റെ പിതാശ്രീയും മുൻ പ്രധാനമന്ത്രിയുമായ ദേവഗൗഡാജിയും സന്തോഷംകൊണ്ടു പൊട്ടിക്കരഞ്ഞുപോയി. ഇതോടെ, കർണാടക കോൺഗ്രസിലെ വലിയ പുലിയായ ഡി.കെ.ശിവകുമാർ എന്ന ശിവണ്ണന്റെ ഫ്യൂസ് പോയി. ഭൂരിപക്ഷത്തിൽ രണ്ടാം സ്ഥാനത്തെത്തിയ കോൺഗ്രസ് നടത്തിയ മർമ്മാണി പ്രയോഗത്തിൽ ബി.ജെ.പിയുടെ ആസ്ഥാന ഗുസ്തി ആശാനായ യെദിയൂരപ്പ നടുവും തല്ലിയാണ് വീണത്.
കണ്ടാൽ പാവത്താനായ വേണുജിയുടെ മാരക പ്രഹരശേഷി അന്നാണ് സകലരും അറിഞ്ഞത്.
കോൺഗ്രസിനെ മുഖ്യശത്രുവായാണ് സി.പി.എം കാണുന്നതെങ്കിലും കോൺഗ്രസിന് അങ്ങനെയല്ലെന്നു വൈകാരികമായി വേണുജി പ്രഖ്യാപിച്ചതോടെ സഖാക്കളുടെ എല്ലാ പിണക്കവും മാറിയിരിക്കുകയാണ്. നെഹ്‌റുവിന്റെ കാലഘട്ടത്തിലേക്ക് കോൺഗ്രസ് മടങ്ങുന്നതിന്റെ സൂചനയാണിതെന്ന് പാർട്ടി സൈദ്ധാന്തികർ വിലയിരുത്തുന്നു. മുതലാളിത്ത രാജ്യമായ ബ്രിട്ടനിലാണ് പണ്ഡിറ്റ്ജി പഠിച്ചതെങ്കിലും ചൈനീസ് നേതാക്കൾ അദ്ദേഹത്തിന്റെ ചങ്കായിരുന്നുവെന്നും ആ ലൈനിലാണ് രാഹുലിന്റെ പോക്കെന്നും കൊച്ചുസഖാക്കൾക്കും മനസിലായിത്തുടങ്ങി.
ഇത്തിരി വട്ടത്തിൽ ഒത്തിരി സത്യങ്ങൾ
പണ്ടത്തെ ബംഗാളിലെ കമ്മ്യൂണിസ്റ്റുകാരാണ് കേരളത്തിലെ ഇപ്പോഴത്തെ ആസ്ഥാന പൊറോട്ടയടിക്കാർ എന്ന് ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നത് കോൺഗ്രസുകാർ ഇനിമുതൽ മാറ്റിപ്പറയുമല്ലോ എന്നാണ് സഖാക്കളുടെ ആശ്വാസം. തൃണമൂലുകാരുടെ തല്ലുകൊണ്ട് നിൽക്കക്കള്ളി ഇല്ലാതായപ്പോൾ കമ്മ്യൂണിസ്റ്റ് തലസ്ഥാനമായ കേരളത്തിലേക്ക് കൂട്ടത്തോടെ വണ്ടികയറി എന്നത് സത്യമാണ്. പക്ഷേ, അവർക്കു പൊറോട്ടയടി അത്ര പരിചിതമായിരുന്നില്ല. പിന്നീടാണ്, പീഡനങ്ങളെ അതിജീവിച്ച കമ്മ്യൂണിസ്റ്റുകാരനും പൊറോട്ടയും തമ്മിലുള്ള അന്തർധാര മനസിലായത്. ഒരുപാട് പീഡനങ്ങൾ അനുഭവിച്ചവരാണ് കമ്മ്യൂണിസ്റ്റുകാരെങ്കിൽ പൊറോട്ടയും അങ്ങനെതന്നെ. മാവ് കുഴയ്ക്കുമ്പോൾ മുതൽ അതിഭീകരമായ മർദ്ദനമാണ് നടക്കുന്നതെന്ന് എല്ലാവർക്കും അറിയാം. ഇടിച്ചുകുഴച്ച് മലർത്തിയടിച്ച് കുറേനേരം മൂടിപ്പൊതിഞ്ഞുവച്ചശേഷം വീണ്ടും തുടങ്ങുന്നു, പരാക്രമങ്ങൾ. ഒടുവിൽ, ചൂടുകല്ലിൽ നിന്ന് പുറത്തെടുത്തശേഷവും അടിയോടടി. പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും മർദനത്തിനിരയാകുന്ന പൊറോട്ട, പരിപ്പുവടയേക്കാൾ ശ്രേഷ്ഠനാണ്. തിരിച്ചറിയാൻ വൈകിയെന്നു മാത്രം. ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുവരുന്ന പൊറോട്ട അതീവ രുചികരമാകുന്നതുപോലെയാണ് കമ്മ്യൂണിസം. അറിയുംതോറും കൂടുതൽ അറിയാൻ തോന്നുന്ന അപൂർവ പ്രതിഭാസം.
പൊറോട്ടയെക്കുറിച്ച് ആഴത്തിൽ പഠിച്ചതോടെയാണ് ബംഗാളികൾ പാചകത്തിലേക്കു തിരിഞ്ഞത്. കിഴങ്ങുകറിയോടും കാളയിറച്ചിയോടുമെല്ലാം സഖ്യപ്പെടുന്ന ജനകീയനാണ് പൊറോട്ടയെന്നും അവർക്കു മനസിലായി. ഒന്നുമില്ലെങ്കിൽ, മലബാർ സ്റ്റൈലിൽ ലേശം പാലുംവെള്ളം തളിച്ച് കുഴച്ചും തട്ടാം.
കേരളാ റബറിൽ ത്രിപുര ഒട്ടി
ത്രിപുരയിൽ കമ്മ്യൂണിസ്റ്റുകാരുടെ പിടി അയഞ്ഞിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി മണിക് സർക്കാർ ഉറപ്പിച്ചു പറഞ്ഞ സ്ഥിതിക്ക് ഒന്നും പേടിക്കാനില്ല. കമ്മ്യൂണിസ്റ്റുകാർക്ക് എന്നും തലവേദനയായിരുന്ന തീവ്രവാദികൾ സത്യം തിരിച്ചറിഞ്ഞ് മാനസാന്തരപ്പെട്ടതോടെ പാർട്ടിയുടെ കരുത്ത് കൂടി. അവരിപ്പോൾ ഒന്നാന്തരം റബർ കർഷകരുമാണ്. കേരളത്തിൽ നിന്നു കൊണ്ടുവന്ന റബർതൈകളാണ് അവർക്കു നല്കിയത്. അതൊരു തന്ത്രപരമായ നീക്കം കൂടിയായിരുന്നു. ആരെയെങ്കിലും വെട്ടണമെന്നു തോന്നുമ്പോൾ റബർമരത്തിനിട്ടാകാം. മനസിനൊരാശ്വാസവും കിട്ടും, പാലും കിട്ടും. കീശയിൽ കാശ് നിറഞ്ഞതോടെ തീവ്രവാദികളെല്ലാം, പഞ്ചപാവങ്ങളായ സഖാക്കളായി. കഴിഞ്ഞതവണ കൂട്ടത്തോടെ ബി.ജെ.പിയിലേക്കു മുങ്ങിയവർ സത്യം തിരിച്ചറിഞ്ഞ് തിരിച്ചുവന്നുതുടങ്ങി. അതായത്, പാർട്ടി അനുദിനം ശക്തിപ്രാപിച്ചുവരുന്നു. കോൺഗ്രസ് കൂടി ചേരുന്നതോടെ കളിമാറും. കമ്മ്യൂണിസ്റ്റുകാരുടെ പൊറോട്ട ഫെസ്റ്റും കോൺഗ്രസുകാരുടെ പശുവിറച്ചി ഫെസ്റ്റും ഒരേവേദിയിൽ നടത്തി സഖ്യത്തിന്റെ ജൈത്രയാത്ര ആഘോഷപൂർവം ആരംഭിക്കുമെന്നാണ് സൂചന. പശുവിനെ അറുക്കുന്നതിൽ ത്രിപുരക്കാർ അത്ര വിദഗ്ദ്ധരല്ലാത്തതിനാൽ കേരളത്തിൽ നിന്ന് യൂത്ത് കോൺഗ്രസുകാരെ കൊണ്ടുപോകാനാണ് പരിപാടി. കേരളത്തിനു പുറത്ത് കമ്മ്യൂണിസ്റ്റുകാർക്ക് സംസാരിക്കാനൊരു വേദിയില്ല എന്ന വലിയ പ്രശ്‌നത്തിനും ഇതോടെ പരിഹാരമാകുകയാണ്. കോൺഗ്രസിന്റെ സകല വേദികളിലും പോയി മതിവരുവോളം പ്രസംഗിക്കാം. ബി.ജെ.പിക്കാർ പ്രശ്‌നമുണ്ടാക്കിയാൽ അവരെ വിരട്ടാനും പ്രത്യേക ഏക് ഷനിലൂടെ ഒതുക്കാനും യൂത്ത് കോൺഗ്രസുകാരുണ്ടാകും.
കേരളത്തിനു പുറത്തു വേദി കുറവാണെന്ന തീരാവേദന അനുഭവിച്ച സഖാവായിരുന്നു, പാർട്ടി ജനറൽ സെക്രട്ടറി ആയിരുന്ന ഹർകിഷൻ സിംഗ് സുർജിത്ത്. ഈ വിഷമമത്രയും കേരളത്തിൽ വരുമ്പോഴാണ് അദ്ദേഹം തീർത്തിരുന്നത്. പാർട്ടി യോഗങ്ങളിൽ കൊതിതീരുവോളം പ്രസംഗിക്കുന്നതായിരുന്നു വീക്‌നെസ്. ഇ.കെ. നായനാർ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത ഒരു യോഗത്തിലും പതിവുപോലെ സുർജിത് സഖാവ് കത്തിക്കയറി. പ്രസംഗം വല്ലാതെ നീണ്ടാൽ ബാക്കി പരിപാടികൾ അവതാളത്തിലാകുമെന്ന് ആരോ ഓർമ്മിപ്പിച്ചപ്പോൾ, ''ഓൻ കൊതിതീരെ പറയെട്ടടോ, ഇവിടം വിട്ടാൽ വാ തുറക്കണമെങ്കിൽ അങ്ങു ബംഗാളിൽ ചെല്ലണ്ടേ" എന്നായിരുന്നുവത്രേ നായനാരുടെ മറുപടി. അറിയാതെ ലേശം വോളിയം കൂട്ടി പറഞ്ഞതിനാൽ സദസിലിരുന്നവർ ഇതു കേട്ടെന്നാണ് കുബുദ്ധികളുടെ പ്രചാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |