കൊച്ചി: പൂർത്തിയാക്കിയ നിർമ്മാണ ജോലികളുടെ പണം കിട്ടാതെ ദുരിതത്തിലും കടക്കെണിയിലുമായ കരാറുകാർക്ക് സർക്കാർ നൽകാനുള്ള കുടിശിക 16,000 കോടി രൂപ കവിഞ്ഞു. കിഫ്ബിയാണ് ഏറ്റവുമധികം നൽകാനുള്ളത് - 4,500 കോടി. ബില്ലുകൾ അംഗീകരിക്കുന്ന നടപടികളും കിഫ്ബിയിൽ സ്തംഭിച്ചു.
കുടിശികയിൽ രണ്ടാം സ്ഥാനത്തുള്ള ജല അതോറിറ്റി 15 മാസം മുമ്പ് തീർത്ത ജോലികളുടെ പോലും പണം നൽകിയിട്ടില്ല. മരാമത്ത് വകുപ്പിൽ ഒമ്പത് മാസത്തെയും തദ്ദേശ സ്ഥാപനങ്ങളിൽ മൂന്നു വർഷത്തെയും കുടിശികയുണ്ട്. ജലസേചന വകുപ്പിലും വൻകുടിശികയുണ്ട്.
സർക്കാരിന് സമർപ്പിക്കുന്ന ബില്ലുകളുടെ പണം ലഭിച്ചില്ലെങ്കിലും ജി.എസ്.ടി അടയ്ക്കാൻ നോട്ടീസ് കിട്ടുന്നതായി ബിൽഡേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യ മുൻ പ്രസിഡന്റ് ബി. ചന്ദ്രമോഹൻ പറഞ്ഞു. കരാറുകാരുടെ കുടിശിക ഇത്രയും വർദ്ധിച്ച കാലമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
അറ്റകുറ്റപ്പണികളും ഇഴയുന്നു
പൊതു ആസ്തികളുടെ അനിവാര്യമായ അറ്റകുറ്റപ്പണികൾ പോലും നടത്താൻ കഴിയുന്നില്ലെന്ന് കരാറുകാർ പറയുന്നു. ബാങ്കുകൾ കരാറുകാരുടെ ബില്ലുകൾ ഡിസ്‌കൗണ്ട് ചെയ്ത് പണം നൽകുന്നതിനാലാണ് പൊതുമരാമത്ത്, ജലവിഭവ വകുപ്പുകളിലെ പ്രവൃത്തികൾ നടത്തുന്നത്. വായ്പയായും മറ്റു വഴികളിലൂടെയും പണമെടുത്താണ് പിടിച്ചുനിൽക്കുന്നത്. നിർമ്മാണസാമഗ്രികളുടെ വിലക്കയറ്റവും ദൗർലഭ്യവും മേഖലയെ പ്രതിസന്ധിയിലാക്കിയതായും കരാറുകാർ പറഞ്ഞു.
കിഫ്ബിയിലും ആശങ്ക
കിഫ്ബിയുടെ ധനസമാഹരണത്തിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണവും കരാറുകാരെ ആശങ്കയിലാക്കി. കിഫ്ബിയെടുക്കുന്ന വായ്പയും സംസ്ഥാന സർക്കാരിന്റെ കടത്തിന്റെ പരിധിയിലാക്കിയതാണ് കാരണം. ബഡ്‌ജറ്റിതര മാർഗങ്ങളിലൂടെ ധനം സമാഹരിച്ച് കിഫ്ബി നടത്തുന്ന വികസനപദ്ധതികൾക്ക് നിയന്ത്രണം തിരിച്ചടിയാകുമെന്ന് കരാറുകാർ പറഞ്ഞു. കേന്ദ്രനിയന്ത്രണം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കരാറുകാർ 23ന് തിരുവനന്തപുരത്ത് അക്കൗണ്ടന്റ് ജനറൽ ഓഫീസിന് മുമ്പിൽ ധർണ നടത്തും.
''സാമ്പത്തിക പ്രതിസന്ധി മൂലം മറ്റെല്ലാ കാര്യങ്ങളും കഴിഞ്ഞാണ് കരാറുകാരെ പരിഗണിക്കുന്നത്. പണം മിച്ചമുണ്ടെങ്കിൽ കരാറുകാർക്ക് നൽകാമെന്നാണ് സർക്കാരിന്റെയും വകുപ്പുകളുടെയും സമീപനം. കരാറുകാരിൽ ഭൂരിപക്ഷവും നിലനില്പിന് കടുത്ത ഭീഷണി നേരിടുകയാണ് ."
വർഗീസ് കണ്ണമ്പിള്ളി
കൺവീനർ
കേരള ഗവ. കോൺട്രാക്ടേഴ്സ് ഏകോപന സമിതി
ആകെ കരാറുകാർ 15,000
വലിയ കരാറുകാർ 800
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |