ആലപ്പുഴ : ഹരിപ്പാട്ടു നിന്ന് വേഗത്തിൽ തിരുവനന്തപുരത്തെത്താൻ '108 ആംബുലൻസ് " വിളിച്ച യുവാവ് എത്തിയത് പൊലീസിന്റെ കൈകളിൽ. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രി പരിസരത്തായിരുന്നു സംഭവം.
നെയ്യാറ്റിൻകര പെരുങ്കടവിള എ.വി.നിവാസിൽ അനന്തുവാണ് (29) കഥാനായകൻ. മെഡിക്കൽ റെപ്രെസെന്റേറ്റീവായ അനന്തു മെഡിക്കൽ ഉപകരണങ്ങൾ നൽകാനായാണ് ഹരിപ്പാട്ടെ ആശുപത്രിയിൽ എത്തിയത്. ഒരാഴ്ച മുമ്പായിരുന്നു അനന്തുവിന്റെ വിവാഹം.
നാട്ടിലെ ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കുന്നത് വൈകാതിരിക്കാനാണ് ആംബുലൻസിൽ യാത്ര ചെയ്യാനൊരുങ്ങിയത്. 108ലേക്ക് വിളിച്ച് താൻ ന്യൂറോ സർജനാണെന്നും തിരുവനന്തപുരത്ത് അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് പോകാനായി ആംബുലൻസ് എത്തണമെന്നുമാണ് ഇതിനായി അനന്തു പറഞ്ഞത്. രോഗിയില്ലാതെ ആംബുലൻസ് പോകില്ലെന്നായിരുന്നു കാൾ സെന്ററിൽ നിന്നുള്ള മറുപടി. തുടർന്ന് ആംബുലൻസ് എത്തുന്നില്ലെന്ന് പരാതി പറഞ്ഞ് അനന്തു ബന്ധപ്പെട്ടവർക്ക് വോയിസ് മെസേജ് അയച്ചു. ഈ സന്ദേശം 108 ആംബുലൻസ് കൈകാര്യം ചെയ്യുന്നവരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലെത്തിയതോടെ അധികൃതർ അന്വേഷണം തുടങ്ങി. സംശയം തോന്നിയ അവർ ആംബുലൻസുമായി ആശുപത്രി പരിസരത്തെത്തി. യുവാവിന്റെ ഇടപെടലിൽ സംശയം തോന്നിയതോടെ പൊലീസിനെ വിളിച്ചുവരുത്തി കൈമാറി. വേഗത്തിൽ വീട്ടിലെത്താനുള്ള തന്ത്രമായിരുന്നു ആംബുലൻസ് വിളിയെന്ന് ചോദ്യം ചെയ്യലിൽ യുവാവ് സമ്മതിച്ചു. അവശ്യ സർവ്വീസുകൾ ദുരുപയോഗം ചെയ്‌തെന്ന പൊലീസ് ആക്‌ടിലെ കുറ്റം ചുമത്തിയ അനന്തുവിനെ രാത്രി ഒമ്പതു മണിയോടെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |