SignIn
Kerala Kaumudi Online
Friday, 19 April 2024 1.03 PM IST

അഗ്നിസുരക്ഷ ഉറപ്പാക്കൂ...

photo

തീ കൊണ്ടുള്ള അപകടങ്ങൾക്കും ദുരന്തങ്ങൾക്കുമെതിരെ ഏറ്റവും കൂടുതൽ ജാഗ്രത പുലർത്തേണ്ട കാലമാണ് വേനൽ. ഇക്കഴിഞ്ഞ ഒരാഴ്ചയിലധികമായി കേരളത്തിന്റെ പല ഭാഗത്തും അഗ്നിബാധകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. വേനൽക്കാലത്തെ അഗ്നിബാധയും അതിന്റെ വ്യാപനവും തടയാൻ അഗ്നിരക്ഷാവകുപ്പ് പൊതുജനങ്ങൾക്കായി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സസ്യലതാദികൾ ഉണങ്ങി വേഗത്തിൽ കത്താൻ പാകത്തിൽ നിൽക്കുന്നതുകൊണ്ടും ഊഷ്മാവ് കൂടിയിരിക്കുന്നതിനാലും ഏതൊരു ചെറിയ അഗ്നിബാധയും മിനിറ്റുകൾ കൊണ്ട് വൻ
ദുരന്തമായി മാറുകയും ജീവനും വസ്തുവകകൾക്കും വലിയ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്യും.

അഗ്നിബാധ ഒഴിവാക്കുന്നതിനും ചെറിയ അഗ്നിബാധകളിൽ വ്യാപനം തടയുന്നതിനുമായി ശാസ്ത്രീയരീതികൾ അവലംബിക്കേണ്ടതാണ്. വരൾച്ചയുള്ള സമയത്ത് തീപിടിക്കാനുള്ള സാദ്ധ്യത കൂടുതലായതിനാൽ ചെടികളിൽ ഉണങ്ങിയ ചില്ലകളും ഇലകളും നീക്കം ചെയ്യേണ്ടതാണ്. ചില ട്രാൻസ്‌ഫോമറുകളുടെ സമീപം ഉണങ്ങിയ ചെടികൾ കണ്ടാൽ ഉടനെ അധികൃതരെ അറിയിക്കുക.

സാധാരണ വേനൽക്കാലത്ത് പുരയിടങ്ങളിൽ കരിയിലകളും മാലിന്യങ്ങളും കൂട്ടിയിട്ട് കത്തിക്കുന്ന രീതിയുണ്ട്. ഇത് പരമാവധി ഒഴിവാക്കുക. തീയിടേണ്ട സാഹചര്യമുണ്ടായാൽ തീ പൂർണമായും അണച്ച ശേഷമേ അവിടെനിന്നും പോകാവൂ.

സാധാരണയായി അഗ്നിബാധയുണ്ടാകുമ്പോൾ തീ നിയന്ത്രണാതീതമായ ശേഷം മാത്രം അഗ്നിരക്ഷാവകുപ്പിനെ അറിയിക്കുന്ന പ്രവണത കാണുന്നുണ്ട്. ഇത് വലിയ തെറ്റാണ്. ചെറിയ അഗ്നിബാധയാണെങ്കിൽ പോലും ഉടൻതന്നെ വിവരം അടുത്തുള്ള അഗ്നിരക്ഷാനിലയത്തെ അറിയിക്കുക. ഇതിനായി നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന ടോൾഫ്രീ നമ്പരാണ് 101. അഗ്നിരക്ഷാവകുപ്പിന്റെ സേവനം തികച്ചും സൗജന്യമാണ്.


ജാഗ്രതക്കുറവ്

ദുരന്തമായേക്കാം

കത്തിച്ച തീക്കൊള്ളിയും മറ്റും അലക്ഷ്യമായി വലിച്ചെറിയരുത്. പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ കത്തിക്കാതിരിക്കുക. പാചകത്തിന് മുറ്റത്തും മറ്റും തീ കൂട്ടുന്നവർ തീ പൂർണമായും അണച്ച ശേഷം മാത്രം സ്ഥലംവിട്ടുപോവുക. മാലിന്യങ്ങളും മറ്റും കത്തിച്ച സ്ഥലങ്ങളിൽ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യരുത്.

കെട്ടിടങ്ങൾക്ക് സമീപം ഉണങ്ങിയ പുല്ലോ അഗ്നിബാധയ്‌ക്ക് വസ്തുക്കളോ ഉണ്ടെങ്കിൽ അവ നീക്കംചെയ്യുക. കെട്ടിടത്തിലേക്ക് പുറത്തു നിന്നും തീ പടരാനുള്ള എല്ലാ സാദ്ധ്യതയും ഒഴിവാക്കുക. പൊതുസ്ഥലങ്ങളിൽ പുകവലി നിർബന്ധമായും ഒഴിവാക്കുക. ഫ്ളാറ്റുകൾക്കും കെട്ടിടസമുച്ചയങ്ങൾക്കും ചുറ്റും കെട്ടിയടയ്‌ക്കുന്നത് അഗ്നിരക്ഷാ വാഹനങ്ങളുടെ സുഗമമായ പ്രവേശനം അസാദ്ധ്യമാക്കും. അടിയന്തരഘട്ടങ്ങളിൽ വാഹനത്തിന് പ്രവേശനം സാദ്ധ്യമാകുന്ന രീതിയിൽ വഴിയൊരുക്കാൻ ശ്രദ്ധിക്കുക.

മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളിൽ പൊട്ടിത്തെറിക്കുന്നതോ ആളിക്കത്തുന്നതോ ആയ ദ്രാവകങ്ങൾ അടങ്ങിയ കുപ്പികളോ മറ്റു വസ്തുക്കളോ ഇടരുത്. സാധാരണ വീടുകളിൽ നിന്നും അപ്പാർട്ട്‌മെന്റുകളിൽ നിന്നും ഉണ്ടാകുന്ന ചെറിയ തീപിടിത്തങ്ങൾ വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. അല്പം ശ്രദ്ധയുണ്ടെങ്കിൽ നമുക്ക് വലിയ അപകടങ്ങൾ ഒഴിവാക്കാൻ കഴിയും.

കെട്ടിടത്തിലെ സ്ഥിരം അഗ്നിശമന സംവിധാനങ്ങൾ പ്രവർത്തനക്ഷമമായി സൂക്ഷിക്കുകയാണ് ഏറ്റവും പ്രധാനം. ഫയർവാട്ടർ ടാങ്കിൽ വെള്ളം നിറച്ചിട്ടുണ്ടെന്നും വാൽവ് തുറന്നിട്ടുണ്ടെന്നും ഉറപ്പുവരുത്തുക, കത്താൻ പര്യാപ്തമായ വസ്തുക്കൾ കൂട്ടിയിടാതിരിക്കുക, വൈദ്യുത ഉപകരണങ്ങൾ ഉപയോഗശേഷം ഓഫ് ചെയ്ത് പവർകോഡ് പ്ലഗ് നിന്നും ഊരി സൂക്ഷിക്കുക.

ഇലക്ട്രിക്കൽ വയറിങ് പരിശോധിച്ച് സർക്യൂട്ട് ബ്രേക്കറുകളുടെ ശരിയായ പ്രവർത്തനം ഉറപ്പാക്കുക, കത്താൻ പര്യാപ്തമായ വസ്തുക്കൾക്ക് സമീപം തിരിയും വിളക്കും മറ്റും സൂക്ഷിക്കാതിരിക്കുക, വൈദ്യുത പാനലുകളും സ്വിച്ച്‌ബോർഡുകൾക്കും സമീപവും കത്താൻ പര്യാപ്തമായ വസ്തുക്കൾ സൂക്ഷിക്കരുത്. ഫോണും ലാപ്‌ടോപ്പും മറ്റും ബെഡിൽ വച്ച് ചാർജ് ചെയ്യാതിരിക്കുക.

ഉറങ്ങുമ്പോൾ മൊബൈൽ ഫോൺ, റിമോട്ട് കൺട്രോൾ തുടങ്ങി ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ ഒന്നും ബെഡിൽ സൂക്ഷിക്കാതിരിക്കുക, ബെഡിന്റെ സമീപത്ത് കൊതുകുതിരി കത്തിച്ചു വയ്ക്കരുത്. എൽ.പി.ജി സിലിണ്ടറുകളുടെ റെഗുലേറ്റർ ആവശ്യം കഴിഞ്ഞാൽ ഓഫാക്കി വയ്ക്കുക, രാത്രി ഉറങ്ങുന്നതിനു മുൻപ് എൽ.പി.ജി റെഗുലേറ്റർ ഓഫാക്കി എന്ന് ഉറപ്പുവരുത്തുക.

വൈദ്യുതി പോകുമ്പോൾ കത്തിക്കുന്ന മെഴുകുതിരിയും സമാനമായ വിളക്കുകളും വൈദ്യുതി വന്നാലുടൻ അണച്ചുസൂക്ഷിക്കുക.

സിഗരറ്റ് കുറ്റികൾ അണച്ചതിനുശേഷം ആഷ് ട്രേയിൽ തന്നെ നിക്ഷേപിക്കേണ്ടതാണ്. സിഗരറ്റ് കുറ്റികൾ വേസ്റ്റ് ബിന്നുകളിൽ നിക്ഷേപിക്കുന്ന ശീലവും തീർത്തും ഒഴിവാക്കുക. , കിടക്കകളിൽ കിടന്നു പുകവലിക്കുന്ന ശീലവും തീർത്തും ഒഴിവാക്കേണ്ടതാണ്,

അപ്പാർട്ട്‌മെന്റുകളിൽ

അപ്പാർട്ട്‌മെന്റ് കെട്ടിടത്തിന്റെ ഓരോ നിലയിലും ഫയർ എക്സ്റ്റിംഗ്യുഷറുകളുടെ സ്ഥാനം മനസിലാക്കിയിരിക്കുക. ഫയർ എക്സ്റ്റിംഗ്യുഷറുകൾ പ്രവർത്തിപ്പിക്കാൻ പഠിക്കുക. ഓരോ കെട്ടിടങ്ങൾക്കും ഇവാക്കുവേഷൻ പ്ലാൻ തയ്യാറാക്കി അത് ഓരോ നിലയിലും പൊതുവായി പ്രദർശിപ്പിക്കേണ്ടതാണ്, ഓരോരുത്തരും അവരവരുടെ കെട്ടിടങ്ങളിലെ ഇവാക്കുവേഷൻ പ്ലാനിനെപ്പറ്റി
ബോധവാനായിരിക്കേണ്ടത് അനിവാര്യമാണ്.

എമർജൻസി ഘട്ടങ്ങളിൽ ലിഫ്റ്റ്/എസ്‌കലേറ്റർ എന്നിവ ഒഴിവാക്കി സ്റ്റെയർ കേസുകൾ മാത്രം ഉപയോഗിക്കുക, വൈദ്യുത പ്ലഗ്ഗുകൾ ഓവർലോഡ്‌ ചെയ്യാതിരിക്കുക, വൈദ്യുത ഉപകരണങ്ങളിൽ, സർക്യൂട്ടുകളിൽ റേറ്റഡ് ഫ്യൂസുകൾ മാത്രം ഉപയോഗിക്കുക.

കൃത്യമായ ഇടവേളകളിൽ വേസ്റ്റുകൾ നീക്കം ചെയ്യുക. എൽ.പി.ജി, വൈദ്യുത, ഇലക്ട്രോണിക് ഉപകരണങ്ങൾ, യു.പി.എസ്, ഇൻവർട്ടറുകൾ തുടങ്ങിയവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കേണ്ടതും സർവീസ് ചെയ്യേണ്ടതുമാണ്. എമർജൻസി ഘട്ടങ്ങളിൽ ഉടൻതന്നെ അഗ്നിരക്ഷാവകുപ്പിനെ അറിയിക്കാൻ നിർദ്ദേശിക്കുന്ന ബോർഡുകൾ സ്ഥാപിക്കുക.

വാഹനങ്ങളിൽ

ശ്രദ്ധിക്കാൻ

ഭൂരിഭാഗം പേരും സ്വന്തമായി ഒരു വാഹനമെങ്കിലും ഉള്ളവരാണ്.
ഇതിലും വളരെ വേഗം തീപിടിക്കാനും അപകടങ്ങളുണ്ടാകാനും സാദ്ധ്യതയുണ്ട്. വാഹനങ്ങളിൽ യാത്രചെയ്യുമ്പോൾ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം. അവർക്ക് സീറ്റ് ബെൽറ്റ് ഊരുന്നതിനും ലോക്ക് മാറ്റി ഡോർ തുറക്കുന്നതിനും പ്രത്യേക പരിശീലനം കൊടുക്കണം.

വാഹനങ്ങളിൽ ചെറിയ ഫയർ എക്സ്റ്റിംഗ്യുഷറുകൾ കുരുതുന്നതിനൊപ്പം ഇവയുടെ ഉപയോഗം പരിശീലിക്കുകയും വേണം, വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ അസ്വാഭാവികമായ ഗന്ധം അനുഭവപ്പെട്ടാൽ ജാഗ്രതയോടെ പരിശോധിക്കുക. പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ഇഗ്നീഷൻ ഓണാക്കി ഇടരുത്.

കരുതൽ വേണം

കാട്ടുതീയ്‌ക്കെതിരെ
നാട്ടിലും വീട്ടിലും പുലർത്തുന്ന ജാഗ്രതപോലെ കാട്ടുതീ തടയാനുള്ള ഉത്തരവാദിത്വവും നമുക്കുണ്ട്. വനമേഖലയിൽ തീ പടർന്നാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും. കാട്ടുതീ ചിലപ്പോൾ ദിവസങ്ങളോളം നീണ്ടുനില്‌ക്കാറുണ്ട്. വനത്തിനോട് ചേർന്ന പ്രദേശങ്ങളിൽ
ഫയർലൈൻ ആവശ്യമാണ്. വേനൽക്കാലത്ത് ഫയർ ലൈൻ വെട്ടിയിട്ടുണ്ടെന്ന് വനംവകുപ്പുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തേണ്ടതാണ്. വിനോദത്തിനായി കാട്ടിനുള്ളിലെത്തുമ്പോൾ പാചകം ചെയ്യുകയോ പുകവലി ക്കുകയോ ചെയ്യരുത്. വനസമ്പത്ത് കത്തിനശിച്ചാൽ നമ്മുടെ തന്നെ ആവാസവ്യവസ്ഥയെ ബാധിക്കുമെന്ന്
തിരിച്ചറിഞ്ഞ് ഉത്തരവാദിത്വത്തോടുകൂടി പെരുമാറുക. ഒരു തരി മതി വലിയ കാട്ടുതീയായി പടരാൻ. അതിനാൽ വനസമീപമുള്ള പറമ്പുകളിൽ കരിയിലയും വേസ്റ്റും മറ്റും കത്തിച്ചാൽ അത് കാട്ടിലേക്ക് പടരില്ലെന്ന് ഉറപ്പാക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FIRE SAFETY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.