തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ ഏജന്റുമാർ ഇടനിലക്കാരാകുന്നുവെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം. ഏജന്റുമാർ തട്ടിപ്പ് നടത്തി, ഇതിന് പിന്നിൽ സംഘടിതമായ ശ്രമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വർഷം മുമ്പ് വരെയുള്ള ഫയലുകൾ പരിശോധിച്ചു. കൂടുതൽ ഫയലുകൾ പരിശോധിക്കേണ്ടി വരുമെന്നും മനോജ് എബ്രഹാം പറഞ്ഞു.
വിജിലൻസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ സിഎംഡിആർഎഫ് നടത്തിയതെന്നും മനോജ് എബ്രഹാം പറഞ്ഞു. സർക്കാരിൽ നിന്നും പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. ക്രമക്കേടുകൾ എല്ലാ ജില്ലകളിലും ഏറെക്കുറെ കണ്ടെത്തിയിട്ടുണ്ട്. എങ്ങനെ തട്ടിപ്പ് നടത്തിയെന്നത് സംബന്ധിച്ച് പരിശോധന നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലെ ക്രമക്കേട് ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. തീക്കട്ടയിൽ ഉറുമ്പരിക്കുന്ന അവസ്ഥയാണ്. പ്രത്യേക അന്വേഷണ സംഘം വേണം, ഇല്ലെങ്കിൽ പ്രളയ ഫണ്ട് തട്ടിപ്പ് കേസിന്റെ അവസ്ഥയാകും. കുട്ടികൾ കുടുക്ക വരെ പൊട്ടിച്ച് നൽകിയ പണമാണ് അപഹരിക്കപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് സഹായം അനുവദിക്കുന്നത്. അന്വേഷണം നടത്തിയാല്‍ സിപിഎമ്മിന്റെ പങ്ക് വ്യക്തമാകും. പ്രളയഫണ്ട് തട്ടിപ്പില്‍ ഉള്‍പെടെ പാര്‍ട്ടിക്കാരെ സംരക്ഷിച്ചതിന്‍റെ ഫലമാണിത്. ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് അന്വേഷണം പ്രതിപക്ഷവും നിരീക്ഷിക്കും. ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
അതേസമയം, ദുരിതാശ്വാസ നിധി തട്ടിപ്പിലെ വിജിലൻസ് അന്വേഷണം അപര്യാപ്തമെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. വിശദ അന്വേഷണത്തിന് സംഘത്തെ നിയോഗിക്കണം. പ്രളയ ഫണ്ട് തട്ടിപ്പ് ചൂണ്ടി കാണിച്ചപ്പോൾ പരിഹസിച്ചു, പ്രതികളെ സംരക്ഷിച്ചു എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വിജിലൻസ് റെയ്ഡിൽ ഞെട്ടിക്കുന്ന വിവരങ്ങൾ; മരിച്ചവരുടെ പേരിലും ദുരിതാശ്വാസം വിഴുങ്ങി
രോഗികൾക്കും അശരണർക്കും താങ്ങാവേണ്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഏജന്റുമാരും ഉദ്യോഗസ്ഥരും ചേർന്ന് വ്യാജന്മാർക്കനുവദിച്ച് വിഹിതം കൊള്ളയടിക്കുന്നു. മരിച്ചവരുടെ പേരിലും ചികിത്സാസഹായം തട്ടുന്നു. കൈക്കൂലി വാങ്ങി വ്യാജമെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി ഡോക്ടർമാരും തട്ടിപ്പിൽ ഒത്താശചെയ്യുന്നു. ഇതിനായി പുനലൂരിൽ ഒരു ഡോക്ടർ നൽകിയത് 1500 മെഡിക്കൽ സർട്ടിഫിക്കറ്റുകൾ.
വിജിലൻൻസ് നടത്തിയ മിന്നൽ റെയ്ഡിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. റെയ്ഡ് രണ്ടു നാൾ കൂടി തുടരും. തട്ടിപ്പിന്റെ വ്യാപ്തി അതിനു ശേഷമേ വ്യക്തമാകൂ. കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് മരിച്ചവരുടെ പേരിൽ ചികിത്സാസഹായം തട്ടിയെടുത്തത്. കളക്ടറേറ്റുകളിൽ ദുരിതാശ്വാസ നിധിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരും ഏജന്റുമാരും ഒത്തുകളിച്ചാണ് തട്ടിപ്പ്. വ്യാജ മെഡിക്കൽ, വരുമാന സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാണ് പണം തട്ടുന്നത്. ഇതിൽ നേരത്തേ പറഞ്ഞുറപ്പിച്ച തുക ഏന്റുമാരും ഉദ്യോഗസ്ഥരുമെടുക്കും.
എല്ലാ ജില്ലകളിലും വമ്പൻ ക്രമക്കേടുകളാണെന്നും പരിശോധനയോ മാനദണ്ഡങ്ങളോ ഇല്ലാതെ പണം അനുവദിക്കുകയാണെന്നും വിജിലൻസ് മേധാവി മനോജ് എബ്രഹാം കേരളകൗമുദിയോട് പറഞ്ഞു. ഓൺലൈൻ അപേക്ഷയ്ക്കൊപ്പം നൽകുന്ന സർട്ടിഫിക്കറ്റുകൾ മിക്കതും വ്യാജമാണ്. സൂക്ഷ്മപരിശോധനയില്ല. കുടുംബവാർഷിക വരുമാനം ഒരുലക്ഷം കവിയരുതെന്നാണ് വ്യവസ്ഥ. എന്നാൽ എറണാകുളത്ത് സമ്പന്നനായ വിദേശമലയാളിക്ക് ചികിത്സാസഹായമായി മൂന്നു ലക്ഷവും മറ്റൊരു വിദേശമലയാളിക്ക് 45,000 രൂപയും അനുവദിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റിൽ ചികിത്സാച്ചെലവ് രേഖപ്പെടുത്താത്ത അപേക്ഷയിലും ധനസഹായം നൽകി. കാസർകോട്ട് ഒരേ കൈയക്ഷരത്തിലുള്ള രണ്ട് മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ രണ്ടു ഡോക്ടർമാരാണ് ഒപ്പിട്ടിട്ടുള്ളത്. ആധാർ, റേഷൻകാർഡ് പകർപ്പ് നൽകാത്തവർക്കും അപേക്ഷയിൽ ഒപ്പില്ലാത്തവർക്കും പണംകിട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |