SignIn
Kerala Kaumudi Online
Friday, 29 March 2024 10.27 AM IST

പാറുക്കുട്ടി നേത്യാരമ്മയുടെ ധനകാര്യവിജയങ്ങൾ

parukkutty-nethyaramma

പ്രാഥമിക വിദ്യാഭ്യാസം പോലും പൂർത്തിയാക്കാതെ ഒരു നാടിനെ വികസനത്തിലേക്ക് നയിച്ച ഭരണാധികാരിയാണ് പാറുക്കുട്ടി നേത്യാരമ്മ. കേരളം കണ്ട മികച്ച 'ധനകാര്യ മന്ത്രി'യായ അവരുടെ ഭരണപരിഷ്‌കാരങ്ങൾ നമ്മുടെ ഭരണകർത്താക്കൾ മസ്തിഷ്‌കത്തിൽ കൊത്തിവയ്‌ക്കേണ്ടതാണ്.

വടക്കേ കുറുപ്പത്ത് ചിന്നമ്മുവിന്റെയും പാലക്കാട് രാജാക്കന്മാരെ പട്ടാഭിഷേകം ചെയ്യുന്നതിൽ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായിരുന്ന കുറൂർ നാരായണൻ നമ്പൂതിരിപ്പാടിന്റെയും മകളായി കൊല്ലവർഷം 1950 ൽ പാറുക്കുട്ടി ജനിച്ചു. 14ാം വയസ്സിൽ 17 വയസ് പ്രായമുള്ള രാമവർമ്മയെ വിവാഹം ചെയ്തു. 1914ൽ രാമവർമ്മ കൊച്ചിയുടെ പരമാധികാരിയായ ഭരണാധികാരിയായി കിരീടമണിഞ്ഞതിനുശേഷം പാറുക്കുട്ടി അദ്ദേഹത്തിന്റെ വിളക്കും വഴികാട്ടിയുമായി മാറി. പാറുക്കുട്ടി പലപ്പോഴും ഭർത്താവിനോടൊപ്പം യാത്ര ചെയ്യുകയും പ്രധാന ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തു.

രാജാവിന് ഗൗളിശാസ്ത്രത്തിലും, വിഷവൈദ്യത്തിലുമായിരുന്നു കമ്പം. അതിനാൽ രാജ്യഭരണത്തിന്റെ പ്രധാനപങ്കും നിർവഹിച്ചിരുന്നത് നേത്യാരമ്മ തന്നെയായിരുന്നു. രാമവർമ്മ സ്ഥാനാരോഹണം ചെയ്യുന്ന സമയത്ത് വലിയ കടക്കെണിയിലായിരുന്ന കൊച്ചി രാജ്യത്തെ നേത്യാരമ്മയാണ്
തന്റെ അദ്ഭുതകരമായ സാമ്പത്തികാസൂത്രണത്തിലൂടെ
അഞ്ചുവർഷം കൊണ്ട് കരകയറ്റിയത്.

അനാവശ്യമെന്നു തോന്നിയ 25 ശതമാനം ഭരണ നിർവഹണ തസ്തികകൾ നേത്യാരമ്മ നിറുത്തലാക്കി. വരുമാന ചോർച്ചകൾ കണ്ടുപിടിച്ച് ഒന്നൊന്നായി പരിഹരിച്ചു. അധികവരുമാനം ലഭിക്കാനുള്ള ഒൻപത് മേഖലകൾ കണ്ടെത്തി. രാമവർമ്മ 1914 ൽ അധികാരമേൽക്കുമ്പോൾ കൊച്ചി രാജ്യത്തിന്റെ വരുമാനം 46 ലക്ഷം രൂപയും മിച്ചം 12 ലക്ഷം രൂപയും ആയിരുന്നു. 1928 ആയപ്പോഴേക്കും വരുമാനം 86 ലക്ഷവും മിച്ചം 70 ലക്ഷവും ആയി ഉയർന്നു. കാർഷിക വായ്പയുടെ പലിശ 6.25 ശതമാനമായിരുന്നത് മൂന്നു ശതമാനമാക്കി കുറച്ചു. അഞ്ചുകൊല്ലം കൊണ്ട് കൊച്ചി രാജ്യത്തിന്റെ കടംവീട്ടി.

തൃശ്ശൂർ നഗരത്തിന്റെ വാസ്തുവിദ്യ നേത്യാരമ്മയുടെ ഭാവനയുടെ താഴ്‌വരയിൽ നിന്നാണ് പിറന്നത്. ചന്ദ്രഗുപ്തന്റെ രാജധാനിയായ പാടലീപുത്രത്തിന്റെ അതേ ശൈലിയിലാണ് ഈ നഗരം രൂപകല്‌പന ചെയ്തിരിക്കുന്നത്. 70 ഏക്കറിന് ചുറ്റുമുള്ള റൗണ്ടിന് കോൺക്രീറ്റ് ചെയ്യാൻ ഒരു ബ്രിട്ടീഷ് കമ്പനിയെ ഏല്‌പിച്ചു. അതോടൊപ്പം ഒരു വ്യവസ്ഥയും എഴുതി തയ്യാറാക്കി. ആദ്യം കരാർ തുകയുടെ 70 ശതമാനവും പിന്നീട് 30 ശതമാനം ഘട്ടംഘട്ടമായി നൽകും. 50 കൊല്ലത്തേക്ക് ഒരു കേടുപാടും വരാൻ പാടില്ല. റോഡിന് ഭാവിയിലുണ്ടാകുന്ന എല്ലാ അറ്റകുറ്റപ്പണികളും ഈ കമ്പനി നിർവഹിക്കണമെന്നായിരുന്നു വ്യവസ്ഥ. ഈ വ്യവസ്ഥ ലംഘിച്ചാൽ പിന്നീട് ഈ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും കൊച്ചി രാജ്യത്തുനിന്ന് ഒരു ഇടപാടും നൽകാതിരിക്കുകയും ചെയ്യും. ഈ ഉരുക്കുനിയമം രാജ്യത്തിന് പുരോഗതിയും വികസനവും സമ്മാനിച്ചു.
റോഡിനു ഇരുവശങ്ങളിലും ഒരു പ്രത്യേക രീതിയിൽ ഓടകൾ നിർമിച്ചു. റോഡിന് അടിയിലൂടെ കോൺക്രീറ്റ് കുഴലുകൾ പാകി. അതിനു മുകളിലാണ് റോഡ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്.
റോഡിനു മറുപുറത്തുള്ള വെള്ളം 360 ഡിഗ്രിയിലാണ് വീഴുന്നത്. അത് അടുത്തുള്ള വയലിലേക്ക് ഊർന്നു പോകും. അതിനാൽ തൃശ്ശൂർ പട്ടണത്തിൽ ഒരുകാലത്തും വെള്ളം കെട്ടിനിൽക്കുകയില്ല.

തൃശ്ശൂർ പട്ടണത്തിലെ ജനങ്ങൾക്ക് ഒരിക്കലും കുടിവെള്ളം മുട്ടാതിരിക്കാൻ പെരിങ്ങാവ് കുളം നിർമിച്ചു. ഒരു കാലത്തും വറ്റാത്ത ശുദ്ധീകരിച്ച വെള്ളം ഇന്നും അവിടെനിന്ന് ലഭിക്കും. സാഹിത്യ അക്കാഡമിയിലും പരിസരത്തും വരൾച്ച വന്നപ്പോൾ ഈ കുളത്തിൽ നിന്നാണ് വെള്ളം ഉപയോഗിച്ചത്. 1962 ൽ വന്ന പീച്ചി ഡാമിന്റെ അസൽ പദ്ധതി തയാറാക്കിയത് നേത്യാരമ്മയായിരുന്നു.

വടക്കുംനാഥ ക്ഷേത്രത്തിലെ കുടമാറ്റം നടക്കുന്ന സ്ഥലത്ത് പണ്ട് ഒരു വലിയ ജയിലുണ്ടായിരുന്നു. അത് അവിടെനിന്ന് മാറ്റി രാമവർമപുരത്തേക്ക് സ്ഥാപിച്ചത് നേത്യാരമ്മയുടെ പരിശ്രമത്തിന്റെ ഫലമാണ്.


ഭർത്താവിന്റെ സ്മരണയ്ക്കായി രാമവർമ്മപുരം എന്ന ഉപപട്ടണം സ്ഥാപിച്ചു. തൃപ്പൂണിത്തുറയെ ക്ഷേത്രനഗരിയായി സംരക്ഷിക്കാൻ അവിടുത്തെ ജയിൽ സംവിധാനം രാമവർമപുരത്തിനടുത്തേക്ക്
മാറ്റി സ്ഥാപിച്ചു. കൊച്ചിൻ തുറമുഖ പദ്ധതി, സെൻട്രൽ ബാങ്ക് രൂപീകരണം, സഹകരണ വകുപ്പ് പുനഃസംഘടന എന്നിവ നടപ്പാക്കി. വ്യവസായ വികസനം തുടങ്ങി മട്ടാഞ്ചേരിയിൽ പ്ലേഗും കോളറയും പടർന്നുപിടിച്ചപ്പോൾ അവ നിയന്ത്രണത്തിലാക്കാൻ പാറുക്കുട്ടിയുടെ നേതൃപാടവത്തിന് സാധിച്ചു. കാർഷിക മേഖലയിൽ സമൂലമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കി.
പീച്ചി ഡാം എന്ന ആശയത്തിന് തുടക്കമിട്ടു. കൂടുതൽ വിദ്യാലയങ്ങൾ ആരംഭിച്ചു. നൂതന ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തി ആരോഗ്യ മേഖലയെ അടിമുടി പരിഷ്‌കരിച്ചു. അധഃസ്ഥിതരുടെ ഉന്നമനം ലക്ഷ്യമാക്കി ക്ഷേമപദ്ധതികൾ കൊണ്ടുവന്നു. 1918 ൽ സ്ത്രീസമാജം തുടങ്ങുകയും 1925ലെ രാമവർമ്മ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയും ചെയ്തു. 1927 ഒക്ടോബർ 13ന് ഗാന്ധിജി കൊച്ചി സന്ദർശിച്ചപ്പോൾ പാറുക്കുട്ടി ചർക്കയിൽ നൂൽ നൂറ്റ് സ്വന്തമായി നെയ്ത ഖാദി സാരിയുടുത്ത് ഗാന്ധിജിയെ ചെന്നുകണ്ടു.
ജോർജ് അഞ്ചാമൻ രാജാവിൽ നിന്ന് കൈസർ ഹിന്ദ് സ്വർണമെഡൽ പാറുക്കുട്ടിക്ക് ലഭിച്ചു. അപൂർവങ്ങളിൽ അപൂർവമായ ഒരു അംഗീകാരമായിരുന്നു അത്.

1963 ഫെബ്രുവരി 25ന് കൂനൂരിൽ 88-ാം വയസിൽ പാറുക്കുട്ടി അന്തരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PARUKKUTTY NETHYARAMMA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.