SignIn
Kerala Kaumudi Online
Tuesday, 12 August 2025 7.39 AM IST

ചോദിക്കാനും പറയാനും ഇവിടെ ആരുമില്ലേ...?

Increase Font Size Decrease Font Size Print Page
opinion

അനിഷ്ടസംഭവങ്ങളിൽ ചിലത് തടയാൻ കഴിയില്ല. സംഭവിച്ച് പോകുകയാണ്. എല്ലാറ്റിനും സർക്കാരിനേയും ഉദ്യോഗസ്ഥരേയും കുറ്റം പറഞ്ഞിട്ട് കാര്യവുമില്ല. എന്നാൽ സംഭവിച്ച് കഴിഞ്ഞതിന്റെ ഗൗരവം ബോദ്ധ്യപ്പെടുമ്പോഴെങ്കിലും ഇരകൾക്കൊപ്പം നിൽക്കേണ്ടേ, അവർക്ക് സാന്ത്വനവും തണലുമാവേണ്ടേ? സംരക്ഷിക്കേണ്ടത് ഇരകളേയാണോ, പ്രതികളെയാണോ. ഒരു ജനാധിപത്യ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കേണ്ട നീതി എന്താണ്...? സാധാരണക്കാരൻ ഇങ്ങനെ ചില ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയിട്ടുണ്ട്. അത്തരം ചില നീതികേടുകളെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അറുപതുകാരി സജ്ന എന്ന വീട്ടമ്മയുടെ കാലുമാറി ശസ്ത്രക്രിയ നടന്നിട്ട് ഒരാഴ്ചയാവുന്നു. ഇടത് കാലിനേറ്റ പരിക്കിന് വലതുകാലിന് ശസ്ത്രക്രിയ നടത്തി. സർജറി ചെയ്ത ഡോക്ടർ തെറ്റുപറ്റിയെന്ന് വെളിപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നു. എന്നിട്ടും ആശുപത്രി അധികൃതർക്കോ, ഡോക്ടർക്കോ എതിരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇരയെ സംരക്ഷിക്കാനുള്ള ഇടപെടൽ പോലും നടക്കാത്തതാണ് അങ്ങേയറ്റം സങ്കടകരം.
ഈ മാസം ആദ്യമാണ് കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രി പരിസരത്ത് വയനാട് സ്വദേശിയായ വിശ്വനാഥൻ എന്ന ആദിവാസി യുവാവ് തൂങ്ങിമരിച്ചത്.

ഭാര്യയെ പ്രസവത്തിന് കൊണ്ടുവന്നതായിരുന്നു യുവാവ്. മരണത്തിൽ പൊലീസ് അസ്വാഭാവികതയൊന്നും കണ്ടില്ല, കേവലം തൂങ്ങിമരണം. ഒടുവിൽ എസ്.സി.എസ്.ടി കമ്മിഷനും സാംസ്‌കാരിക- രാഷ്ട്രീയ സംഘടനകളും ഇടപെട്ടപ്പോൾ ഉന്നത അന്വേഷണവും ചർച്ചകളുമായി. പക്ഷേ ഇപ്പോഴും നാഥനെ നഷ്ടപ്പെട്ട കുടുംബത്തിന് സഹായധനം പ്രഖ്യാപിക്കാനും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും കഴിഞ്ഞിട്ടില്ല.

പത്രമാധ്യമങ്ങളും വിശേഷിച്ച് കേരളകൗമുദിയും ഒരുപാട് ഏറെ ചർച്ച ചെയ്യുകയും ഇടപെടുകയും ചെയ്ത കേസാണ് കത്രിക വയറ്റിൽകുടങ്ങിയ ഹർഷീനയുടെ ദുരിതകഥ. മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രസവാനന്തരമാണ് യുവതി ഇങ്ങനെയൊരു അശ്രദ്ധയ്‌ക്ക് ഇരയായത്. വയറ്റിൽപെട്ടുപോയ കത്രികയുമായി 32കാരിയായ പാവം വീട്ടമ്മ ദുരിതജീവിതം നയിച്ചത് അഞ്ചുവർഷം. ഒടുവിൽ കത്രിക നീക്കം ചെയ്തപ്പോൾ അന്വേഷണങ്ങളുടെ പരമ്പരതന്നെയുണ്ടായി. മാദ്ധ്യമ ഇടപെടലുകളാണ് ഒരുപരിധിവരെ വിഷയം കത്തിച്ച് നിറുത്തിയത്. എന്നിട്ടും മാസങ്ങൾ കഴിഞ്ഞിട്ടും ഹർഷീനയ്ക്ക് നീതികിട്ടുന്നില്ല. മെഡിക്കൽ കോളജിന് മുമ്പിൽ ഹർഷീന സത്യാഗ്രഹമിരിക്കാൻ പോവുകയാണ്. എന്തുകൊണ്ടാണ് അടിയന്തരമായി ഇടപെടേണ്ട ഇത്തരം സംഭവങ്ങളിൽപ്പോലും അധികാരികളും സർക്കാരുമെല്ലാം അലംഭാവം കാണിക്കുന്നത്. ജനകീയ പ്രശ്‌നങ്ങളൊന്നും കാണാതെ എന്ത് ജനകീയ പ്രതിരോധയാത്രയാണ് ഭരണസംഘടനകൾ നടത്തുന്നത്...?


ഇടതും വലതും

മാറിപ്പോവുന്ന കാലം

രാജ്യത്ത് ഏറ്റവും മികച്ച പരിചരണവും ചികിത്സയും ലഭ്യമാകുന്ന നാടെന്നാണ് ഭരിക്കുന്നവർ പറഞ്ഞുകൊണ്ടിരിക്കുന്നത്. അവിടെയാണ് സജ്നയും ഹർഷീനയും ഉണ്ടാകുന്നത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന വീട്ടമ്മയുടെ കാല് മാറി ശസ്ത്രക്രിയ നടത്തിയത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്. കക്കോടി ശശീന്ദ്ര ബാങ്കിനുസമീപത്തെ നക്ഷത്ര ഹൗസിൽ സജ്‌ന സുകുമാരനെയാണ് ഇടതുകാലിനേറ്റ പരിക്കിന് വലതുകാലിൽ ശസ്ത്രക്രിയ നടത്തിയത് .
ഒരുവർഷം മുമ്പ് വീട്ടിലെ വാതിലിനുള്ളിൽ ഇടതുകാൽകുടുങ്ങി ഞരമ്പിന് ഗുരുതരമായി പരിക്കേറ്റ നിലയിൽ ചികിത്സയിലെത്തിയതാണ് സജ്‌ന. നാട്ടിലെ ആശുപത്രികളിൽ നടത്തിയ ചികിത്സ ഫലപ്രദമാകാത്തതിനെത്തുടർന്നാണ് നാഷണൽ ഹോസ്പിറ്റലിലെത്തിയത്. ആശുപത്രിയിലെ ഓർത്തോ മേധാവിയായ ഡോ. ബഹിർഷാനാണ് സജ്‌നയെ പരിശോധിച്ചത്. തുടർന്ന് തിങ്കളാഴ്ച സർജറിക്ക് ഡേറ്റ് നൽകി. സർജറികഴിഞ്ഞ ശേഷമാണ് ഇടതുകാലിന് പകരം വലതുകാലിനാണ് സർജറി നടത്തിയതെന്ന് സജ്‌ന അറിഞ്ഞതെന്ന് മകൾ ഷിംമ്‌ന സുകുമാരൻ. സാധാരണഗതിയിൽ വലിയ ഗുരുതരമായ സർജറിയല്ലാതിരുന്നിട്ടും തിങ്കളാഴ്ച അമ്മയെ പുറത്തിറക്കിയില്ല. അമ്മ ഡോക്ടർക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞ് ബഹളം വെച്ചശേഷം ചൊവ്വാഴ്ചയാണ് വാർഡിലേക്ക് മാറ്റിയത്. സംഭവത്തിൽ അബദ്ധംപറ്റിയതായി ഡോക്ടർ അമ്മയോടും അച്ഛനോടും സമ്മതിച്ചതായും പറഞ്ഞിട്ടുണ്ട്. സംഭവം വാർത്തയായതോടെ ആശുപത്രി അധികൃതർ മലക്കം മറിയുകയായിരുന്നെന്നും മകൾ പറയുന്നു.

സർജറിയിൽ അപാകതകളൊന്നുമുണ്ടായിട്ടില്ലെന്നും ബന്ധുക്കളെ അറിയിച്ച് ഒപ്പുവാങ്ങിയശേഷമാണ് വലതുകാലിന് സർജറി നടത്തിയതെന്നും ആശുപത്രി അധികൃതർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ഇരുകാലുകൾക്കും പരിക്കുകളോടെയാണ് സജ്‌ന ആശുപത്രിയിലെത്തിയത്. വലതുകാലിലെ പരിക്കാണ് ആദ്യം സർജറി ചെയ്യേണ്ടിയിരുന്നത്. അതുകൊണ്ടാണ് അത്തരത്തിൽ സർജറി ചെയ്തതെന്നും അത് സജ്‌നയുടെ ഭർത്താവിനെ ബോദ്ധ്യപ്പെടുത്തി ഒപ്പുവാങ്ങിയിരുന്നെന്നും അവർ അവകാശപ്പെട്ടു. എന്നാലിപ്പോൾ ബന്ധുക്കളുമായി സംസാരിക്കുമ്പോൾ അബദ്ധംപറ്റിയെന്ന് സമ്മതിക്കുന്ന ഡോക്ടറുടെ വീഡിയോ പുറത്തുവന്നിരിക്കുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയിൽ വിശ്വാസമില്ലാതായതോടെ ചൊവ്വാഴ്ച രാത്രിതന്നെ കുടുംബം സജ്‌നയെ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇനി ഇടത്തേക്കാലിന് വീണ്ടും സർജറി നടത്തണം. സർജറികഴിഞ്ഞ വലത്തേക്കാലിന്റെ അവസ്ഥ പ്ലാസ്റ്റർ അഴിച്ചശേഷം പറയാമെന്ന് ഡോക്ടർ. അടിയന്തര നടപടിയും ഇടപെടലും നഷ്ടപരിഹാരങ്ങളും ഉണ്ടാവുന്നില്ലെങ്കിൽ തങ്ങൾ എന്തുചെയ്യണമെന്ന ബന്ധുക്കളുടെ ചോദ്യങ്ങൾക്ക് ആർക്കുമില്ല മറുപടി. നടക്കാവ് പൊലീസ് കേസെടുത്തു, ഡി.എം.ഒ അന്വേഷിക്കുന്നു. എപ്പോഴെങ്കിലും തീരുമോ അന്വേഷണവും നടപടികളും.

എന്തിനാണ് ഹർഷീനയെ

സമരത്തിനിറക്കുന്നത്...?

ആരോഗ്യമന്ത്രിയോട് ഒരു ചോദ്യം, ഇത്രയും വലിയ നീതികേട് ഒരു സ്ത്രീയോട് കാണിക്കാമോ? താങ്കളും സർക്കാർ സംവിധാനങ്ങളും ഈ സാധു യുവതിയെ പറഞ്ഞുപറ്റിക്കാൻ തുടങ്ങിയിട്ട് മാസം എത്രയായി? മൂന്നാമത്തെ അന്വേഷണറിപ്പോർട്ടും വെളിച്ചം കാണാത്ത സാഹചര്യത്തിലല്ലേ നീതിക്കായി ഹർഷീന സത്യാഗ്രഹത്തിനൊരുങ്ങുന്നത്.

കോഴിക്കോട് അടിവാരം സ്വദേശിനിയായ ഹർഷീന കുടുംബത്തിനും കുട്ടികൾക്കുമൊപ്പമാണ് 27ന് രാവിലെ മുതൽ മെഡിക്കൽകോളജ് ആശുപത്രിക്ക് മുമ്പിൽ സത്യാഗ്രഹം ചെയ്യുന്നത്. ആരോഗ്യമന്ത്രിയും സർക്കാരും കൈവിട്ട സാഹചര്യത്തിലാണ് നീതി കിട്ടുംവരെ മെഡിക്കൽകോളജിന് മുന്നിൽ സമരത്തിന് വരുന്നതെന്ന് പറയുന്നു ഹർഷീന. ' ഇനി അനുഭവിക്കാൻ ഒന്നുമില്ല. മൂന്നുകുട്ടികളുടെ അമ്മയാണ് താൻ. ഭർത്താവിന് കൂലിപ്പണി. കഴിഞ്ഞ അഞ്ചുർഷത്തിനിടെ ചികിത്സയ്ക്കായി ചെലവായത് ലക്ഷങ്ങളാണ്. വീടും സ്ഥലവും വരെ പണയം വയ്ക്കേണ്ടിവന്നു. കോഴിക്കോട് മെഡിക്കൽകോളജിൽ ഡോക്ടർമാർക്ക് സംഭവിച്ച കൈയബദ്ധമാണ് തന്നെ ഈ നിലയിലാക്കിയത്. എന്നിട്ടും സർക്കാരും ആരോഗ്യവകുപ്പും തിരിഞ്ഞുനോക്കുന്നില്ല. രണ്ട് അന്വേഷണ കമ്മിഷനെവെച്ചു. അത് തൃപ്തികരമല്ലെന്ന് കണ്ടപ്പോൾ ആരോഗ്യമന്ത്രി നേരിട്ടുവിളിച്ച് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ഒരു കമ്മിഷനെക്കൂടി നിയമിച്ചു. ഇപ്പോൾ മൂന്നുമാസമാകുന്നു. തന്നിൽനിന്നുപോലും ഒരു തെളിവെടുപ്പും നടത്തിയിട്ടില്ല. ഇനി ആരെയാണ് വിശ്വസിക്കേണ്ടത്. അതുകൊണ്ടാണ് നീതി ലഭിക്കുംവരെ സമരവുമായി ഇറങ്ങുന്നത്. തങ്ങൾക്കിനി മറ്റ് മാർഗമൊന്നുമില്ല...' ഹർഷീന പറയുന്നു.

അഞ്ചുവർഷം വയറ്റിൽ കത്രികയുമായി ജീവിച്ച ഹർഷീന അനുഭവിച്ച യാതനങ്ങൾ നിരവധിയാണ്. ഇപ്പോഴും രോഗാതുരമായ അവസ്ഥയിലാണ്.
പ്രസവാനന്തരം ഹർഷീനയുടെ വയറ്റിൽ കുടുങ്ങിയ കത്രിക (ആർട്ടറിഫോർസെപ്‌സ്) 2022 സെപ്തംബർ 17നാണ് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയ്‌ക്കിടെ പുറത്തെടുത്തത്. സംഭവം വിവാദമായപ്പോൾ മെഡിക്കൽ കോളജിന്റെ അന്വേഷണസംഘം രംഗത്തെത്തി. ആ അന്വേഷണം ഹർഷീന തള്ളിയപ്പോൾ ആരോഗ്യവകുപ്പിന്റെ ആന്വേഷണം 2022 ഒക്ടോബർ 21ന് പ്രഖ്യാപിച്ചു. ഈ അന്വേഷണ സംഘം ഹർഷീനയ്ക്ക് അനുകൂലമായി റിപ്പോർട്ട് നൽകുകയുണ്ടായി. പക്ഷെ മൂന്നുമാസം കഴിഞ്ഞിട്ടും ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ടില്ല. ഇതിനിടെ ഹർഷീന വീണ്ടും ആശുപത്രിയിലായി.


വിശ്വനാഥന്റെ

കുടുംബത്തിന്

നീതി കിട്ടുമോ..?

വിശ്വനാഥൻ എന്ന ആദിവാസി യുവാവിന്റെ മരണം കോഴിക്കോട്ട് വലിയ സമരമുഖമാണ് തുറന്നിരിക്കുന്നത്. അതൊന്നും ഏറ്റെടുത്തിരിക്കുന്നത് മുഖ്യധാര രാഷ്ട്രീയപാർട്ടികളല്ല. എങ്കിലും ആ സാധുവിന് നീതിലഭിക്കാൻ കുറച്ചുപേരെങ്കിലും ഉണ്ടെന്നത് ആശ്വാസമാണ്. മെഡിക്കൽകോളജ് അസി.കമ്മിഷണർ ആത്മഹത്യയെന്ന് എഴുതിത്തള്ളാൻ ശ്രമിച്ച കേസിലിപ്പോൾ പത്തുപതിനഞ്ച് പ്രതികളായി. 40 സിസി ടിവികൾ പരിശോധിച്ചിട്ടും ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞയിടത്ത് നിന്ന് വിശ്വനാഥനെ ആൾക്കൂട്ട വിചാരണനടത്തുന്നതും ബാഗ് പരിശോധിക്കുന്നതും തുടർന്ന് ഓടിപ്പോകുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചു. ഇനിയെങ്കിലും നീതികിട്ടുമോ എന്ന് കണ്ടറിയണം.
എട്ടുവർഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞ് ജനിക്കാനിരിക്കെ ജീവിതം അവസാനിപ്പിക്കാനായിരുന്നു അവന്റെ നിയോഗം. 10 ന് പുലർച്ചെ രണ്ടോടെ ആശുപത്രി മുറ്റത്ത് ഉറങ്ങുകയായിരുന്ന വിശ്വനാഥനെ കാണാതാവുന്നു. ബന്ധുക്കൾ നൽകിയ പാരാതിയെത്തുടർന്ന് പൊലീസും ഫയർഫോഴ്‌സും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേദിവസം രാവിലെ വിശ്വനാഥനെ ആശുപത്രിയ്ക്ക് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
'അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ലെന്നും കേവലം ആത്മഹത്യമാത്രമെന്നും അന്വേഷണോദ്യോഗസ്ഥന്റെ ആദ്യ പ്രതികരണം. ശരീരത്തിലേറ്റ മുറിവുകൾ മരത്തിൽ കയറുമ്പോൾ സംഭവിതാണെന്ന് യാതൊരു ശാസ്ത്രീയപരിശോധനയും നടത്താതെ പറഞ്ഞുകളഞ്ഞു. കറുത്തവൻ, മുഷിഞ്ഞ വസ്ത്രധാരി, പോരാത്തതിന് ആദിവാസിയും. ഒരു കേസ് തേച്ചുമായ്ച്ചുകളയാൻ ഇതിൽകൂടുതൽ എന്തുവേണം. പക്ഷേ മാദ്ധ്യമങ്ങളും ജനങ്ങളും പിന്നാലെയുണ്ടായിരുന്നു. വിഷയം എസ്.ടി.എസ്.സി കമ്മിഷനുമുമ്പിലെത്തിയപ്പോൾ പ്രസക്തമായൊരുചോദ്യം കേട്ടു.. ' വെറുതെ ഒരാൾപോയി തൂങ്ങിമരിച്ചെന്നാണോ നിങ്ങൾ പറയുന്നത്. ഭാര്യയെ പ്രസവിക്കാൻ കൊണ്ടുവന്നിട്ട് ഓടിപ്പോയി മരത്തിൽ കെട്ടിത്തൂങ്ങുക. കറുത്ത നിറമുള്ളവരെ കാണുമ്പോഴുള്ള മനോഭാവം മാറണം. ഇല്ലാത്ത കുറ്റം ആരോപിച്ച് ആളുകൾ പീഡിപ്പിച്ചിട്ടുണ്ടാകാം. വിശ്വനാഥന് സഹിക്കാൻ കഴിയാത്തതെന്തോ സംഭവിച്ചിട്ടുണ്ട്. അതിന്റെ മനോവിഷമത്തിലാകാം ജീവനൊടുക്കിയത്...' കമ്മിഷൻ നിരീക്ഷണവും അന്വേഷണോദ്യോഗസ്ഥരെ ചോദ്യം ചെയ്‌തതുമാണ് കേസിനെ മാറ്റിമറിച്ചത്.

മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് ഒരുപറ്റം ആളുകൾ തന്നെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്‌തപ്പോൾ വിശ്വനാഥൻ സെക്യൂരിറ്റിക്ക് മുമ്പിൽ കാലിയായ തന്റെ ബാഗ് തുറന്നുകാണിച്ച് കൈകൂപ്പി. എന്നിട്ടും വിടാതെ ഒരുകൂട്ടം ആ പാവത്തെ മരിക്കാൻ വിട്ടിട്ടുണ്ടെങ്കിൽ അതൊരുതരത്തിൽ 'കൊലപാതകമാണ്.'

TAGS: FEATURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.