കിട്ടാത്ത കെട്ടിടനികുതിക്കും പരിഹാരം
കണക്ഷനുകൾ കെട്ടിടത്തിന്റെ പേരിലായതിനാൽ സൗകര്യപ്രദം
തിരുവനന്തപുരം: കെട്ടിട നികുതി പിരിവ് കാര്യക്ഷമമാക്കാൻ വൈദ്യുതി ബില്ലിലൊ വാട്ടർ ബില്ലിലൊ ചേർത്ത് അതു പിരിക്കാൻ തദ്ദേശ വകുപ്പ് പദ്ധതി തയ്യാറാക്കുന്നു. കോർപ്പറേഷൻ, പഞ്ചായത്ത് ഓഫീസുകൾ കയറിയിറങ്ങേണ്ടിവരുന്ന ബുദ്ധിമുട്ട് ജനങ്ങൾക്കും ഒഴിവാകും. കെട്ടിടത്തിന് നികുതി നൽകാത്തവർ, അതേ കെട്ടിടത്തിന്റെ പേരിലുള്ള കറണ്ട് ബില്ലും വാട്ടർബില്ലും കൃത്യമായി നൽകാറുണ്ട്. പൂട്ടിക്കിടക്കുന്ന വീടായാലും വീഴ്ച വരുത്താറില്ല. കെട്ടിട ബില്ലും ഇതോടൊപ്പം നൽകിയാൽ, അവർക്കും സൗകര്യപ്രദമാവും. ഈ സാഹചര്യമാണ് പ്രയോജനപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നത്. നികുതി പിരിവ് നൂറു ശതമാനത്തോളം എത്തിക്കാനും കഴിയും. നിലവിൽ മുപ്പത് ശതമാനമായിചുരുങ്ങിയിരിക്കുകയാണ്.
ഇക്കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണം തേടി ചർച്ചകൾ തുടങ്ങി.
നിയമ,പ്രായോഗിക വശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി.രാജമാണിക്യത്തെ കഴിഞ്ഞയാഴ്ച ചേർന്ന വകുപ്പിന്റെ കോ- ഓർഡിനേഷൻ കമ്മിറ്റി യോഗം
ചുമതലപ്പെടുത്തി. പ്രധാനമായും കെ.എസ്.ഇ.ബിയുടെ സഹകരണമാണ് തേടുന്നത്. കാരണം, ഗ്രാമ,നഗര വ്യത്യാസമില്ലാതെ എല്ലാ കെട്ടിടങ്ങളിലും വൈദ്യുതി കണക്ഷനുണ്ട്. വാട്ടർ ബില്ലിനെക്കാൾ കൃത്യതയോടെ ജനങ്ങൾ വൈദ്യുതി ബില്ല് അടയ്ക്കുന്നുമുണ്ട്.
ആദ്യം നിയമ ഭേദഗതി,
തുക ഒരു അക്കൗണ്ടിൽ
1.കെട്ടിട നികുതി ബിൽ അവശ്യസേവനങ്ങളുടെ ബില്ലിനൊപ്പം ചേർക്കുന്നതിന്പഞ്ചായത്ത്,മുൻസിപ്പാലിറ്റി ആക്ടിൽ ഭേദഗതി വേണ്ടി വരും
2. കെട്ടിട നികുതി പിരിക്കുന്നത് വർഷത്തിൽ രണ്ട് തവണയാണ്.(ആറ് മാസത്തിലൊരിക്കൽ വീതം.)
വൈദ്യുതി,വാട്ടർ ബില്ലുകൾ രണ്ട് മാസത്തിലൊരിക്കലാണ്.
ആറ് മാസത്തെ കെട്ടിട നികുതി ബില്ല് അപ്പോഴത്തെ വൈദ്യുതി ബില്ലിനോ,വാട്ടർ ബില്ലിനോ ഒപ്പം
നൽകും.
3. രണ്ടും ഒരുമിച്ച് ഓൺലൈനായോ,നേരിട്ടോ അടയ്ക്കാം. ഇതിനായി തദ്ദേശവകുപ്പിന്റെയും ധാരണയാകുന്ന വകുപ്പിന്റെയും സോഫ്റ്റ്‌വെയറുകളെ ബന്ധിപ്പിക്കും.
തുക ഒരു അക്കൗണ്ടിലടച്ചാൽ മതി.അതിൽ നിന്ന്
തദ്ദേശ വകുപ്പിന് നികുതി കൈമാറും.
പൂട്ടിക്കിടന്നാലും കിട്ടും,
ജനങ്ങൾക്കും സൗകര്യം
1.പൂട്ടിക്കിടക്കുന്ന വീടുകളുടെ ഉടമകൾക്ക് കെട്ടിടനികുതിയുടെ നോട്ടീസ് നൽകാൻ പോലും തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയുന്നില്ല. വൈദ്യുതി,വാട്ടർ ബില്ലുകൾക്കൊപ്പമായാൽ
അടയ്ക്കാൻ ഉടമകൾ സ്വമേധയാ തയ്യാറാവും.
2.നികുതി അടയ്ക്കാൻ കോർപ്പറേഷനിലും മറ്റും എത്തുന്ന ജനങ്ങളെ പല കാരണങ്ങൾ പറഞ്ഞ് മടക്കി അയയ്ക്കാറുണ്ട്. പലവട്ടം കയറിയിറങ്ങിയാലേ തുക അടയ്ക്കാൻ കഴിയൂ. അതിനും അറുതിയാവും.
പിരിച്ചത്
30.84 %
നടപ്പ് സാമ്പത്തിക വർഷം അവസാനിക്കാൻ ഒരു മാസം മാത്രം ശേഷിക്കേ 30.84ശതമാനം കെട്ടിടനികുതി മാത്രമാണ് ഇതുവരെ പിരിച്ചത്.
നടപ്പ് സാമ്പത്തിക വർഷം
പിരിക്കേണ്ടത്,പിരിച്ചത്
(കോടിയിൽ)
ആകെ ...2877.25
ഇതുവരെ...887.36
കോർപ്പറേഷൻ............1391.52 - 219.54
മുനിസിപ്പാലിറ്റി.............832.19 - 230.40
ഗ്രാമ പഞ്ചായത്ത് ....635.54 - 437.42
'കെട്ടിടനികുതി പിരിക്കൽ കാര്യക്ഷമമാക്കുന്നതിന് പുതിയ സാദ്ധ്യത തേടുകയാണ്. നിയമ വശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കും.'
എം.ജി.രാജമാണിക്യം
പ്രിൻസിപ്പൽ ഡയറക്ടർ
തദ്ദേശവകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |