SignIn
Kerala Kaumudi Online
Wednesday, 08 May 2024 3.47 PM IST

കറുപ്പിനെ ആർക്ക് ഭയം ?

opinion

കറുപ്പിന് ഏഴഴകെന്നാണ് പൊതുവെ പറയുന്നത്. എന്നാൽ കറുപ്പ് നിറം കാണുമ്പോഴേ ഓടുന്നവരുണ്ട് നമുക്കിടയിൽ. കറുപ്പടക്കമുള്ള ഇരുണ്ട നിറങ്ങൾ കാണുമ്പോൾ അസാധാരണമായ രീതിയിൽ ഭയവും അസ്വസ്ഥതയും തോന്നുന്ന അവസ്ഥയെ മെലാനോഫോബിയ (melanophobia) എന്നാണ് പറയുക. മരണഭയം, നിരാശ ബോധം, ഒറ്റപ്പെടൽ, എല്ലാം നഷ്ടപ്പെട്ടെന്ന തോന്നൽ, അന്ധകാരം എന്നിവയാണ് കറുപ്പടക്കമുള്ള ഇരുണ്ട നിറങ്ങൾ കാണുമ്പോൾ ഇത്തരക്കാരുടെ മനസിലേക്ക് ആദ്യം എത്തുകയെന്ന് വൈദ്യശാസ്ത്രം പറയുന്നു. അപ്പോ കേരള പൊലീസിനെ ഈയിടെയായി ബാധിച്ചിരിക്കുന്നതും ഈ മാനസികാസ്വാസ്ഥ്യമാണോ!.

മുഖ്യമന്ത്രി പിണറായി വിജയൻ ഏതെങ്കിലും പരിപാടിയിൽ പങ്കെടുക്കാനെത്തിയാൽ പൊലീസ് അന്നാട്ടുകാരുടെ വസ്ത്രധാരണത്തിന് ചില നിബന്ധനകൾ നടപ്പാക്കും. കറുത്ത വസ്ത്രമോ മാസ്ക്കോ ധരിച്ച് പുറത്തിറങ്ങിയാൽ പൊലീസ് കസ്റ്റഡിയിലെടുക്കും. പ്രതിഷേധിച്ചാൽ തൂക്കിയെടുത്ത് പൊലീസ് വണ്ടിയിലേക്കിടും. ക്രിമിനൽ കേസും രജിസ്റ്റർ ചെയ്യും. ഇതൊന്നും അറിയാതെ എത്തുന്ന പാവങ്ങളാണെങ്കിൽ വീട്ടുകാർക്ക് പണിയാകും.

ജോ ബൈഡനും

പിണറായിയും

റഷ്യൻസേന ഏത് നിമിഷവും മിസൈലുകൾ വർഷിക്കുമെന്ന ഭീതി നിലനിൽക്കെ യുക്രെയിനിലേക്ക് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടുത്തിടെ നടത്തിയ സന്ദർശനം ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയതാണ്. അമേരിക്കൻ സൈനിക സാന്നിദ്ധ്യമില്ലാത്തൊരു യുദ്ധഭൂമിയിൽ ഒരമേരിക്കൻ പ്രസിഡന്റ് സന്ദർശനം നടത്തുന്നത് അത്യപൂർവമാണ്. അത്തരമൊരു യുദ്ധഭൂമിയിലേക്ക് ജോ ബൈഡൻ പോകുന്നതിനെക്കുറിച്ച് വൈറ്റ്ഹൗസിന് ആശങ്കയേറെ ഉണ്ടായിരുന്നെന്നാണ് പറഞ്ഞുകേട്ടത്. തീ തുപ്പുന്ന മിസൈലുകളെപ്പോലും ഭയപ്പെടാതെ അമേരിക്കൻ പ്രസിഡന്റ് ഉക്രെയ്ൻ സന്ദർശിച്ചപ്പോഴാണ് ഇങ്ങ് കേരളത്തിലെ ഭരണാധികാരി പ്രതിപക്ഷ പാർട്ടിയിലെ ചിലർ വീശിയ കരിങ്കൊടികണ്ട് വിറളിപിടിച്ചത്. കറുത്ത വസ്ത്രവും മാസ്ക്കും ധരിച്ച് വീടിനു പുറത്തിറങ്ങുന്നതിനു പോലും വിലക്കേർപ്പെടുത്തുന്നത്. കൊല്ലത്ത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ഒരു സംഭവമിങ്ങനെ. കറുപ്പ് വസ്ത്രം ധരിച്ച രണ്ട് ചെറുപ്പക്കാരെ കൊല്ലം ഈസ്റ്റ് പൊലീസ് എട്ടുമണിക്കൂറോളമാണ് കസ്റ്റഡിയിൽ വച്ചത്. കേൾക്കുമ്പോൾ അത്ഭുതമെന്ന് തോന്നാമെങ്കിലും പ്രബുദ്ധ കേരളത്തിലാണ് ഇതും സംഭവിച്ചത്. അഷ്ടമുടിക്കായലിനു നടുവിലെ സാമ്പ്രാണിക്കോടി തുരുത്ത് കാണാൻ ആലപ്പുഴയിൽ നിന്നെത്തിയ അരൂർ സ്വദേശികളായ ഫൈസൽ (18), അമ്പാടി (19) എന്നിവർക്കാണ് ശിഷ്ടകാലജീവിതം മുഴുവൻ ഓർക്കാൻ കാരണമായ ദുരന്താനുഭവമുണ്ടായത്.

രാവിലെ 10 മണിയോടെ കൊല്ലം റെയിൽവെ സ്റ്റേഷനിലെത്തിയ ഇവർ സ്റ്റേഷന് പുറത്തിറങ്ങി കടയിൽ നിന്ന് കുടിവെള്ളം വാങ്ങി സംസാരിച്ചു നിൽക്കുമ്പോഴാണ് അതുവഴി വന്ന ഈസ്റ്റ് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. റെയിൽവെ സ്റ്റേഷന് സമീപമുള്ള ക്യു.എ.സി മൈതാനത്തും സി.കേശവൻ സ്മാരക ടൗൺ ഹാളിലും അന്ന് വൈകിട്ട് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളുണ്ടായിരുന്നു. ഇവിടെ പ്രതിപക്ഷ യുവജനസംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് മുൻകരുതലെന്ന നിലയിലാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. തങ്ങളെ ബൈക്ക് മോഷ്ടാക്കളെന്ന് പറഞ്ഞാണ് പൊലീസ് പിടികൂടിയതെന്നാണ് യുവാക്കൾ പിന്നീട് ബന്ധുക്കളോട് പറഞ്ഞത്. ഉച്ചയോടെ കറുപ്പ് ഷർട്ട് ധരിച്ച കുറെ പേരെക്കൂടി സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് യുവാക്കൾക്ക് മനസിലായത് തങ്ങളുടെ വസ്ത്രത്തിന്റെ നിറമാണ് വില്ലനെന്ന്. രാത്രിയോടെ അരൂരിൽ നിന്ന് ബന്ധുക്കളെത്തിയാണ് ഫൈസലിനെയും അമ്പാടിയെയും 'മെലാനോഫോബിയ' ബാധിച്ച പൊലീസുകാരിൽനിന്ന് മോചിപ്പിച്ചത്. അന്ന് ജില്ലയിൽ കറുപ്പ് വസ്ത്രം ധരിച്ചതിന്റെ പേരിൽ നിരവധിപേരെ കസ്റ്റഡിയിലെടുത്തിരുന്നു. കണ്ണൂരിൽ മുൻ എം.എൽ.എ യുടെ മരണവീട്ടിൽ മുഖ്യമന്ത്രി എത്തും മുമ്പെ വീടിനു മുന്നിൽ കെട്ടിയിരുന്ന കൊടി പൊലീസ് അഴിപ്പിച്ചതും കറുപ്പ് വസ്ത്രം ധരിച്ച കുട്ടികൾ സഞ്ചരിച്ച വാഹനം എട്ട് മണിക്കൂറോളം തടഞ്ഞുവച്ചതും വഴിയിലൂടെ കറുത്ത വസ്ത്രം ധരിച്ചു വന്ന യുവതികളെ പൊലീസ് ജീപ്പിൽ കയറ്റിക്കൊണ്ടുപോയതും മാധ്യമപ്രവർത്തകരുടെ കറുത്ത മാസ്‌കുകൾ അഴിച്ചുമാറ്റിച്ചതുമൊക്കെ ഇതേ ദിവസങ്ങളിലാണ്. എന്നാൽ കറുത്ത ഷർട്ട്, മാസ്ക്ക്, കൊടി എന്നിവ വിലക്കിയെന്ന വാർത്തകൾ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ചില മാധ്യമങ്ങൾ പടച്ചുവിടുന്നതാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച നിയമസഭയിൽ പറഞ്ഞത്. സംസ്ഥാനത്തെ ജനങ്ങളെ ബന്ദിയാക്കി നൂറുകണക്കിന് പൊലീസുകാരുടെ അകമ്പടിയോടെ മുഖ്യമന്ത്രി എന്തിനാണ് ഇത്ര ഭയപ്പെട്ട് ജീവിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ചോദ്യം. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ മൂന്ന് മണിക്കൂർ രോഗികളെയും പിഞ്ചുകുഞ്ഞുങ്ങളുമായി വന്ന കുടുംബങ്ങളെയും റോഡിൽ തടഞ്ഞു നിറുത്തിയതായും സതീശൻ കുറ്റപ്പെടുത്തി.

രാഹുൽഗാന്ധിക്കും തനിയ്ക്കും ഒരേ സുരക്ഷാസംവിധാനമാണുള്ളതെന്നാണ് പിണറായി വിജയൻ പറയുന്നത്. സംസ്ഥാനത്ത് സുരക്ഷയൊരുക്കേണ്ട വിശിഷ്ട വ്യക്തികളുടെ സുരക്ഷാക്രമീകരണങ്ങൾ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുന്നത് കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബന്ധപ്പെട്ട അധികാരികൾ ഉൾപ്പെടുന്ന സെക്യൂരിറ്റി റിവ്യു കമ്മിറ്റിയാണ്. ഇസഡ് പ്ളസ് സുരക്ഷുള്ള വ്യക്തിക്ക് അതിന്റെ സ്വാഭാവികമായ പ്രോട്ടോകോൾ പ്രകാരം നൽകുന്ന സുരക്ഷമാത്രമേ കേരള മുഖ്യമന്ത്രിക്കുമുള്ളൂ. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഏർപ്പാടാക്കുന്നത് മുഖ്യമന്ത്രിയുടെ നിദ്ദേശപ്രകാരമല്ല. രാഷ്ട്രീയ നിലപാട് വച്ച് എന്തിനെയും എതിർക്കുന്ന നിലപാട് മാറ്റണമെന്നും നാടിന്റെ നന്മയ്ക്ക് ഒന്നിച്ച് നിൽക്കാനാകണമെന്നും പിണറായി വിജയൻ പറഞ്ഞു.

അന്നങ്ങനെ, ഇന്നിങ്ങനെ

ഇന്നത്തെ മുഖ്യമന്ത്രി, മുമ്പ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ കരിങ്കൊടി പ്രതിഷേധം നടത്തിയ ഡി.വൈ.എഫ്.ഐപ്രവർത്തകരെ നേരിട്ട പൊലീസ് നടപടിക്കെതിരെ അന്ന് സി.പി.എം പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പ്രതിഷേധിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. അദ്ദേഹം അത്യന്തം രോഷത്തോടെ അന്ന് ചോദിച്ചത് ഇങ്ങനെയായിരുന്നു. 'കരിങ്കൊടി വീശാൻ പോകുന്ന പ്രതിഷേധക്കാരുടെ കയ്യിൽ മുഖ്യമന്ത്രിക്കെതിരെ വീശാനുള്ള കറുത്തകൊടി മാത്രമേയുള്ളൂ. ആ കൊടിക്ക് പകരം ഡ്രസ് ഊരി വീശിയെന്നാണ് പൊലീസ് പറയുന്നത്. അതൊരു ക്രിമിനൽ കുറ്റമാണോ ? പ്രതിഷേധത്തിന്റെ രൂപമല്ലേ അത് ? പ്രതിഷേധം പ്രകടിപ്പിക്കുന്ന ചെറുപ്പക്കാരെ ശാരീരികമായി തകർക്കുമെന്ന് മാത്രമല്ല, ചെറുപ്പക്കാരന്റെ ലൈംഗികശേഷി പോലും ഇല്ലാതാക്കുമെന്ന നാണംകെട്ട നില സ്വീകരിക്കാൻ എങ്ങനെയാണ് നമ്മുടെ നാട്ടിലെ പൊലീസിന് കഴിയുന്നത്' ? മുമ്പ് ഉമ്മൻചാണ്ടി സർക്കാർ വെള്ളക്കരം കൂട്ടിയപ്പോൾ കൂട്ടിയകരം അടയ്ക്കാതെ പ്രതിഷേധിക്കണമെന്നായിരുന്നു അന്ന് പിണറായിവിജയൻ പറഞ്ഞത്. ഇപ്പോൾ വെള്ളക്കരം കൂട്ടിയ കാര്യം ഓർമ്മിപ്പിച്ച പിണറായി വിജയൻ പറഞ്ഞത് അന്നത്തെ സാഹചര്യമല്ല, ഇപ്പോഴത്തേതെന്നാണ്. മാറിയ സാഹചര്യം എന്താണെന്ന് മാത്രം അദ്ദേഹം പറഞ്ഞില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEAR OF THE COLOR BLACK
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.