SignIn
Kerala Kaumudi Online
Monday, 18 August 2025 1.57 PM IST

സ്നേഹരാഷ്ട്രീയത്തിന്റെ ഉദയത്തിനായി...

Increase Font Size Decrease Font Size Print Page

aman

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രത്തിൽ ഇടംപിടിച്ച റായ്‌പൂർ പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി ജവഹർ ബാൽ മഞ്ചിന്റെ സംഘടനാ ചുമതലയുളള ദേശീയ കോർഡിനേറ്ററും കോഴിക്കോട് ഫറോക്ക് സ്വദേശിയുമായ 25 വയസുകാരൻ ഹസൻ അമൻ കേരള കൗമുദിയോട് സംസാരിക്കുന്നു.

80 വയസുകാരൻ ഖാർഗെ അദ്ധ്യക്ഷനായ കോൺഗ്രസ് എങ്ങനെയാണ് യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാനൊരുങ്ങുന്നത്?

പ്രായം കൊണ്ട് ഖാർഗെജിയുടെ സംഘടനാ പാടവത്തെ അളക്കരുത്. താഴെത്തട്ടിൽ നിന്നും വളർന്നുവന്ന നേതാവാണ് അദ്ദേഹം. പ്രായത്തെ വെല്ലുന്ന ആരോഗ്യവും ചുറുചുറുക്കുമായാണ് ഖാർഗെ കോൺഗ്രസ് പാർട്ടിയെ നയിക്കുന്നത്. കുറഞ്ഞ പ്രായമല്ല യുവാക്കളെ ആകർഷിക്കാനുള്ള കഴിവ്. അത് ഖാർഗെജി തെളിയിക്കും.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നക്കം കടക്കുമോ?

മൂന്നക്കമല്ല അധികാരമാണ് ലക്ഷ്യം. വിപുലമായ പദ്ധതികളാണ് അതിനായി രൂപം നൽകിയിരിക്കുന്നത്. കോൺഗ്രസും ബി.ജെ.പിയും നേരിട്ട് പോരാട്ടം നടത്തുന്ന സംസ്ഥാനങ്ങളിലും മണ്ഡലങ്ങളിലും നടപ്പിലാക്കാൻ പ്രത്യേക രൂപരേഖ തന്നെ പാർട്ടി തയ്യാറാക്കിയിട്ടുണ്ട്. പ്ലീനറി സമ്മേളനത്തിലെടുത്ത തീരുമാനങ്ങൾ താഴെത്തട്ടിലെത്തിക്കുകയാണ് ആദ്യപടി.

താഴെത്തട്ടിൽ ഇതൊക്കെ നടപ്പിലാക്കുമെന്ന് പറയുമ്പോഴും പല സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ സംഘടനാ സംവിധാനം പരാജയമല്ലേ?

അതൊക്കെ ബാലിശമായ വാദങ്ങളാണ്. കോൺഗ്രസ് സംഘടനാസംവിധാനം വിജയമാണ് എന്നതിന്റെ തെളിവാണ് കന്യാകുമാരി മുതൽ കാശ്‌മീർ വരെ നീണ്ട ഭാരത് ജോഡോ യാത്ര. യാത്രയിലൂടെ പാർട്ടി ഏറ്റെടുത്ത വലിയൊരു ആശയം ജനങ്ങളിലേക്കെത്തിച്ച് കഴിഞ്ഞു. അത് മുന്നോട്ട് കൊണ്ടുപോവുകയാണ് ഇനിയുളള ദൗത്യം.

ഭാരത് ജോ‌ഡോ യാത്രയിലെ ആൾക്കൂട്ടം വോട്ടായി മാറുമോ?

യാത്ര ഞങ്ങൾക്ക് തിരഞ്ഞെടുപ്പ് വിജയത്തിനുളള ഷോട്ട് കട്ടായിരുന്നില്ല. രാജ്യത്തെ വെറുപ്പിനും വിദ്വേഷത്തിനും എതിരായിട്ടായിരുന്നു ഭാരത് ജോ‌ഡോ യാത്ര സംഘടിപ്പിച്ചത്. എന്നാൽ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന യാത്രയായി ഭാരത് ജോഡോ യാത്ര മാറി എന്ന കാര്യത്തിൽ സംശയമില്ല. ജനങ്ങൾ മാറി ചിന്തിക്കുകതന്നെ ചെയ്യും.

പ്ലീനറിയിലെ തീരുമാനങ്ങൾക്ക് പിന്നിൽ നെഹ്‌റു കുടുംബത്തിന്റെ സ്വാധീനമില്ലേ? ശരിക്കും അവർ തന്നെയല്ലേ ഇപ്പോഴും പാർട്ടിയെ നയിക്കുന്നത്?

അഭിപ്രായ സ്വാതന്ത്ര്യം ഉള്ളിടത്തെ ജനാധിപത്യം നിലനിൽക്കുകയുളളൂ. കോൺഗ്രസിൽ അതിനുളള അവസരമുണ്ട്. ജനങ്ങൾക്ക് ഏറെ ഇഷ്‌ടപ്പെട്ട അനിഷേധ്യ നേതാക്കളാണ് രാഹുൽഗാന്ധിയും സോണിയാ ഗാന്ധിയുമെല്ലാം. ആ പാരമ്പര്യം ഞങ്ങൾക്ക് അഭിമാനമാണ്. എന്നാൽ അവരുടെ കൈയ്യിലല്ല പാർട്ടിയുടെ റിമോട്ട് കൺട്രോൾ. പ്ലീനറി സമ്മേളനത്തിലെ എല്ലാ സബ്‌ജക്‌ട് കമ്മിറ്റി മീറ്റിംഗുകളും ഖാർഗെയുടെ അദ്ധ്യക്ഷതയിലാണ് നടന്നത്. എല്ലാ തീരുമാനങ്ങൾക്ക് പിന്നിലും അദ്ധ്യക്ഷന്റെ കരങ്ങളുണ്ടായിരുന്നു.

യുവാക്കളെ കോൺഗ്രസ് എങ്ങനെ ആകർഷിക്കും?

പാർട്ടിയുടെ സുപ്രധാന പദവികളിൽ യുവാക്കൾക്കും സ്‌ത്രീകൾക്കും 50 ശതമാനം സംവരണം നടപ്പിലാക്കണമെന്ന ചരിത്രപരമായ തീരുമാനം പ്ലീനറി സമ്മേളനത്തിൽ പാർട്ടി സ്വീകരിച്ചിട്ടുണ്ട്. അടുത്ത കാലത്തൊന്നും ഒരു പാർട്ടിയും സ്വീകരിക്കാത്ത തീരുമാനമാണിത്. കേരളത്തിൽ നിന്ന് മാത്രം അമ്പതിലധികം യുവ നേതാക്കൾ ഈ പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഐ.ടി മേഖലയിൽ നിന്നടക്കം പ്രൊഫഷണലുകളെ കോൺഗ്രസിലേക്ക് അടുപ്പിക്കും.

അനിൽ ആന്റണിയെ ആകർഷിക്കാൻ നിങ്ങൾക്ക് കഴിയാതെ പോയല്ലോ?

ബി.ബി.സി വിഷയത്തിൽ വ്യത്യസ്‌തമായ ഒരു അഭിപ്രായമാണ് അനിൽ ആന്റണി രേഖപ്പെടുത്തിയത്. ആ ചിന്താഗതിയല്ല പാർട്ടിയ്‌ക്കുളളത്. സ്വാഭാവികമായും ആ നിലപാടിനെ പാർട്ടി എതിർത്തപ്പോൾ അനിൽ ആന്റണി സ്വന്തംവഴി തിരഞ്ഞെടുക്കുകയായിരുന്നു.

ജവഹർ ബാലമഞ്ച് കുട്ടികളെ എങ്ങനെയാണ് കോൺഗ്രസിലേക്ക് അടുപ്പിക്കുന്നത്?

ഇന്ത്യയുടെ ചരിത്രമാണ് ഞങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നത്. സ്‌നേഹത്തിന്റെ രാഷ്‌ട്രീയമാണത്. വെറുപ്പും വിദ്വേഷവും അവർക്കിടയിൽ കുത്തിവയ്‌ക്കാൻ ഉദ്ദേശിക്കുന്നില്ല. ജനാധിപത്യ ഇടങ്ങൾ അവർക്ക് സൃഷ്‌ടിച്ച് കൊടുക്കുകയാണ് ലക്ഷ്യം.

കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ പ്രതീക്ഷയുണ്ടോ?

വലിയ പ്രതീക്ഷയാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് മേലുളളത്. ഭൂമിയും ആകാശവും മോദി അദാനിക്ക് വിൽക്കുമ്പോൾ എ ടീമിനെ വെല്ലുന്ന പ്രകടനമാണ് കേരളത്തിൽ പിണറായിയുടെ നേതൃത്വത്തിലുളള ബി ടീം നടത്തുന്നത്. മോദിയേത് പിണറായി ഏത് എന്ന് തിരിച്ചറിയാൻ കഴിയാത്ത തീരുമാനങ്ങളാണ് കേരളത്തിൽ നടപ്പിലാകുന്നത്. അതിനെതിരെ ശക്തമായ പോരാട്ടങ്ങളാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം നടത്തുന്നത്.

കെ.എസ്.യുവൊക്കെ കടലാസ് സംഘടനയായി മാറിയെന്നാണ് ആക്ഷേപം?

കെ.എസ്.യുവിൽ പുതിയ പ്രസിഡന്റും വൈസ് പ്രസിഡന്റുമാരും സ്ഥാനമേറ്റിട്ടുണ്ട്. വരുന്ന ആഴ്‌ചകളിൽ പുതിയ കമ്മിറ്റി നിലവിൽ വരും. കമ്മിറ്റി ഇല്ലെങ്കിലും കാമ്പസുകളിൽ കെ.എസ്.യു നല്ല പ്രവർത്തനം നടത്തുന്നുണ്ട്.

എന്തൊക്കെ പറഞ്ഞാലും തിരഞ്ഞെടുപ്പ് വർഷത്തിന് തൊട്ടുമുമ്പ് അവസാന നിമിഷം നടത്തുന്ന ഈ മുഖംമിനുക്കൽ കോൺഗ്രസിന് ഗുണം ചെയ്യുമോ?

ജനങ്ങൾ നേരിടുന്ന വിഷയങ്ങളിൽ കോൺഗ്രസ് നിരന്തരം ശബ്‌ദിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ വർഷങ്ങളിലെല്ലാം ജനങ്ങൾക്ക് വേണ്ടി പാർട്ടി തെരുവിലായിരുന്നു. പോർബന്ദറിൽ നിന്ന് അരുണാചൽ പ്രദേശിലേക്ക് അടുത്ത യാത്ര രാഹുൽജി നടത്തും. ബൂത്ത് തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുക, രാജ്ഭവൻ മാർച്ചുകൾ അടക്കം വിവിധ പരിപാടികൾ പാർട്ടിക്ക് മുന്നിലുണ്ട്.

TAGS: HASAN AMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.