SignIn
Kerala Kaumudi Online
Thursday, 25 April 2024 10.40 AM IST

കാണാതിരിക്കരുത് പ്രേരക്‌മാരുടെ പ്രാരാബ്‌ധം

opinion

കെട്ടിടത്തിനും ഭൂമിക്കും മുതൽ പെട്രോളിനും ഡീസലിനും വരെ നികുതി വർദ്ധിപ്പിച്ച് പണം കണ്ടെത്താൻ ശ്രമിക്കുമ്പോഴും ശമ്പളം കിട്ടാതെ ആത്മഹത്യ ചെയ്യേണ്ടി വരുന്നവർ ഈ നാട്ടിലുണ്ടെന്നത് ഖേദകരമാണ്. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും രാജ്യത്തിന് മാതൃകയായി മുൻപന്തിയിൽ നിൽക്കുന്ന നമ്മുടെ നാട്ടിലെ സാക്ഷരതാ പ്രേരക്മാരുടെ ജീവിത നിലവാരവും ഹോറേറിയവും മുന്നിലേക്ക് കയറിയിട്ടില്ല.


അന്നൊരു ഏപ്രിൽ 18


1991 ഏപ്രിൽ 18 ന് കേരളം സമ്പൂർണ്ണ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിച്ചു. കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ പതിനായിരങ്ങളെ സാക്ഷി നിർത്തി മലപ്പുറത്തെ ചേലക്കോടൻ ആയിഷ എന്ന നവസാക്ഷരയാണ് കേരളം സമ്പൂർണ സാക്ഷരത നേടി എന്ന് പ്രഖ്യാപിച്ചത്. തുടർന്ന് സാക്ഷരത പ്രവർത്തനത്തിന്റെ തുടർ പരിപാടികൾക്കായി 1998ലെ ഗാന്ധിജയന്തി ദിനത്തിൽ സംസ്ഥാന സർക്കാർ കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി രൂപീകരിച്ചു. എഴുതാനും വായിക്കാനും അറിയുന്നവരെ പഠനമേഖലയിൽ കൂടുതൽ പ്രാവീണ്യമുള്ളവരായി മാറ്റുകയാണ് അതോറിറ്റിയുടെ ലക്ഷ്യം. ഇതിനായി ഓരോ തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലും സാക്ഷരതതുടർവിദ്യാകേന്ദ്രങ്ങൾ അനുവദിച്ചിരുന്നു.

തുടർന്ന്, സാക്ഷരതാപ്രവർത്തനങ്ങളുടെ പ്രചാരകരായി പ്രേരക്മാർ എന്ന പേരിൽ സാക്ഷരതാ പ്രവർത്തകരെ തെരഞ്ഞെടുക്കുകയും ചെയ്തു. സംസ്ഥാന സാക്ഷരത മിഷന്റെ പഞ്ചായത്ത് തലത്തിലുള്ള കോഓർഡിനേറ്റർമാരാണ് പ്രേരക്മാർ. ഇവർക്ക് മുകളിൽ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന നോഡൽ പ്രേരക്മാർ. ജനങ്ങളിലേക്കുള്ള സാക്ഷരത മിഷന്റെ ആശയവിനിമയം സാദ്ധ്യമാകുന്നത് ഈ പ്രേരക്മാരിൽകൂടിയാണ്. സാക്ഷരതാ മിഷൻ കൊണ്ട് ജനങ്ങളോ സർക്കാരോ അഭിമാനിക്കത്തക്ക എന്തെങ്കിലും നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഒന്നാമത്തെ അവകാശികളാണ് സാക്ഷരത പ്രേരക്മാർ. സംസ്ഥാനത്താകെ 1714 പ്രേരക്മാരാണ് പ്രവർത്തിച്ചുവരുന്നത്. രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നുവരെ വിദ്യാകേന്ദ്രങ്ങളിലാണ് ഇവരുടെ ജോലി. അതിനുശേഷം ഫീൽഡ് വർക്കും ഉണ്ടാകും.


പത്തനാപുരത്ത് സാക്ഷരത പ്രേരക് ആത്മഹത്യ ചെയ്തു


''ഇരുപത്താറുവർഷം കഷ്ടപ്പെട്ടിട്ട് എനിക്ക് ശമ്പളമില്ല. ശമ്പളം കിട്ടിയാൽ അമ്മ പറഞ്ഞതെല്ലാം വാങ്ങിത്തരാം''. സാക്ഷരത പ്രേരക് ആയി ജോലി ചെയ്തിരുന്ന ഇ.എസ്.ബിജു ആറ് മാസം ശമ്പളം കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്തപ്പോൾ ബിജുവിന്റെ അമ്മ വിജയമ്മ പറഞ്ഞ വാക്കുകൾ ജനമനസാക്ഷിയുടെ ഹൃദയം നുറുക്കുന്നുണ്ട്. പത്തനാപുരം ബ്ലോക്ക് നോഡൽ പ്രേരക് മാങ്കോട് കരിശ്ശനംകോട് ബിന്ദുമന്ദിരത്തിൽ ബിജുമോനെ കഴിഞ്ഞ ഫെബ്രുവരി 9ന് കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മികച്ച സാക്ഷരതാ പ്രവർത്തകനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയിരുന്നു 25 വർഷത്തിലധികമായി സാക്ഷരതാ പ്രവർത്തനം നടത്തിയ ബിജുമോൻ. പച്ചക്കറി വാങ്ങാനോ അമ്മയെ ചികിത്സിക്കനോ പണമില്ലെന്നും, എങ്ങനെ കുടുംബം സംരക്ഷിക്കുമെന്നുമുള്ള ബിജുവിന്റെ ആവലാതികൾ ഇന്ന് പ്രേരക്മാർ ആയി ജോലി ചെയ്യുന്ന മുഴുവനാളുകളുടേയും ചോദ്യമാണ്. പ്രേരക്മാരുടെ കുടിശ്ശിക തീർക്കണമെന്നും പ്രേരകന്മാരുടെ തദ്ദേശവകുപ്പുകളിലേക്കുള്ള പുനർവിന്യാസ ഉത്തരവ് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് പ്രേരക് അസോസിയേഷൻ സെക്രട്ടറിയേറ്റ് പഠിക്കൽ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം 80 ദിവസം പിന്നിട്ടപ്പോഴായിരുന്നു ബിജുവിന്റെ ആത്മഹത്യ. ബിജുമോൻ ഉൾപ്പെടെ 8 പേർ സാമ്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്തതായി സാക്ഷരത പ്രേരക് അസോസിയേഷൻ പറയുന്നു. നിയമസഭ മാർച്ച് ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികളുമായി സംഘടന സമരം തുടരുകയാണ്.


വേതനം തുച്ഛം


കേന്ദ്രഫണ്ട് ഉപയോഗിച്ചായിരുന്നു 2009വരെ സാക്ഷരതാ പ്രേരക്മാർക്ക് വേതനം നൽകിയിരുന്നത്. കേന്ദ്ര സഹായം നിലച്ചപ്പോൾ ഹോറേറിയ വിതരണത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാ!*!ർ ഏറ്റെടുക്കുകയും നോഡൽ പ്രേരക്മാർക്ക് 15000, പ്രേരക്കിന് 12000, അസി. പ്രേരക്കിന് 10500 എന്നിങ്ങനെയാക്കി ഉത്തരവിറക്കി. തുകയുടെ 60% സംസ്ഥാന നൽകും. ബാക്കി 40% സാക്ഷരതാ മിഷൻ തനതു ഫണ്ടിൽ നിന്നു കണ്ടെത്തണമെന്നതായിരുന്നു രീതി. എന്നാൽ 2016നു ശേഷം സാക്ഷരത മിഷൻ നേരിട്ട് തുക വിതരണം ചെയ്യാൻ തുടങ്ങിയതോടെ പണം കണ്ടെത്താൻ സാധിക്കാതെ വരികയും വേതന വിതരണം മുടങ്ങുന്നത് പതിവാകുകയും ചെയ്തു. ഇതിന് പുറമെ പഠിതാക്കളുടെ എണ്ണത്തിൽ ടാർജറ്റ് നിശ്ചയിച്ച് ലക്ഷ്യം കൈവരിക്കാത്തവരുടെ വേതനം വെട്ടിക്കുറക്കുന്ന സമീപനവും ഉണ്ടായി. സാക്ഷരത മുതൽ ഹയർ സെക്കന്ററി തുല്യത കോഴ്സുകളിലേക്ക് 101 പേരെ ചേർക്കാത്ത പ്രേരക്മാരുടെ വേതനം വെട്ടിക്കുറക്കും. പത്ത്, ഹയർസെക്കന്ററി വിഭാഗത്തിൽ ലക്ഷ്യം കൈവരിക്കാത്തവർക്ക് 10 ശതമാനവും, നാല്, ഏഴ് തുല്യത ക്ലാസുകളിലേക്കുള്ള എണ്ണത്തിൽ കുറവ് വന്നാൽ വീണ്ടും 10 ശതമാനവുമാണ് കുറവ് വരുത്തുന്നത്. ഈ രീതിയിൽ കർശന മാനദണ്ഡങ്ങൾക്കും ടാർജറ്റ് വെച്ചുള്ള കാച്ചിക്കുറുക്കലുകൾക്ക് ശേഷവും ജീവനക്കാർക്ക് കൃത്യമായി വേതനം വിതരണം ചെയ്യാൻ സാധിക്കാത്തത് ക്രൂരതയാണ്.


പത്ത്, ഹയർസെക്കൻഡറി തുല്യതക്ക് രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന ഫീസാണ് സാക്ഷരതാ മിഷന്റെ തനത് ഫണ്ട്. ജീവനക്കാർക്ക് വേതനം നൽകാൻ ആവശ്യമായ ഫണ്ട് സാക്ഷരത മിഷന് കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ ബധൽ മാർഗം കണ്ടെത്തേണ്ടത് സർക്കാരാണ്. അല്ലെങ്കിൽ ഇനിയും കൂടുതൽ ആത്മഹത്യയോ സാമ്പത്തിക പരാധീനത മൂലമുള്ള മറ്റ് അപകടങ്ങളോ ഉണ്ടാകുമെന്ന് ഉറപ്പ്. മുഖ്യമന്ത്രി ചെയർമാനും വിദ്യാഭ്യാസവകുപ്പുമന്ത്രി വൈസ് ചെയർമാനുമായ സാക്ഷരത മിഷന്റെ ഭരണനിർവഹണത്തിന്റെ പിടിപ്പുകേടിനെതിരെയാണ് 1714 സാക്ഷരത പ്രേരക്മാർ സമരം ചെയ്യുന്നത്. ചെയ്ത ജോലിക്കുള്ള കൂലിയെന്ന ന്യായമായ അവരുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാൻ ഇനിയും വൈകരുത്. അല്ലെങ്കിൽ നികുതി വർദ്ധനവിന്റെ ഗുണം അനുഭവിക്കാൻ അവകാശമുള്ളവരും ഇല്ലാത്തവരുമെന്ന ഒരു പട്ടിക തയ്യാറാക്കി പുറത്തുവിടാൻ സർക്കാർ തയ്യാറാവണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRERAK
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.