SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.51 PM IST

വിനാശകാലേ വിപരീതബുദ്ധി

vivadavela

സംസ്ഥാന സർക്കാർ രണ്ടാം വാർഷികാഘോഷത്തിന്റെ വക്കിലാണ്. മേയ് 20ന് രണ്ടാം പിണരായി സർക്കാർ രണ്ട് വർഷം തികയ്ക്കും. ഇപ്പോൾ രണ്ടാം നൂറുദിന കർമ്മപരിപാടികളുമായി സർക്കാർ മുന്നോട്ട് പോകുന്നു. പക്ഷേ, അനവധി വിവാദങ്ങൾ സർക്കാരിനെ വേട്ടയാടി തലവേദന സൃഷ്ടിക്കുകയുമാണ്.

വിവാദങ്ങളെ രാഷ്ട്രീയപ്രേരിതമായിക്കണ്ട് അവഗണിക്കുന്നതാണ് രീതിയെങ്കിലും ചില കാര്യങ്ങളിലെ പോക്കും ഇടപെടലുകളും പൊതുമദ്ധ്യത്തിൽ സർക്കാരിനെ സംശയമുനയിൽ നിറുത്തുന്നുണ്ട്. ചിലതിലെല്ലാം സർക്കാരിന്റെ പ്രതിരോധവഴി ദുർബലമാകുന്ന കാഴ്ചയുമുണ്ട്. ചിലതിലാകട്ടെ പ്രതിപക്ഷത്തിന്റ പ്രത്യക്ഷസമരത്തിലെ കൃത്യതയില്ലായ്മ സർക്കാരിന് തുണയാവുന്നുമുണ്ട്. ഏറ്റവുമൊടുവിലത്തെ ഉദാഹരണം സംസ്ഥാന ബഡ്ജറ്റിലെ ഇന്ധനസെസ് തീരുമാനവും ന്യായവില ഉയർത്തിയതും പോലുള്ള നികുതി പരിഷ്കാരങ്ങളാണ്. കേന്ദ്രത്തിന്റെ കടുത്ത അവഗണനയും ഞെരുക്കലും കാരണം വായ്പയെടുക്കാൻ പോലുമാവാത്ത സ്ഥിതിയിൽ സംസ്ഥാനത്തെ ക്ഷേമനടപടികൾക്ക് പണം കണ്ടെത്താൻ ഇന്ധന സെസ് അല്ലാതെ പോംവഴിയില്ലെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ പിരിച്ചെടുക്കാനുള്ള നികുതി കുടിശികയുടെ കാര്യവും ധൂർത്തും മറ്റും ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയ്ക്കകത്ത് ശക്തിയുക്തം ഇതിനെ എതിർക്കുകയുണ്ടായി. നിയമസഭയിൽ നാല് പ്രതിപക്ഷ എം.എൽ.എമാരുടെ സത്യഗ്രഹസമരം പോലും നടന്നു. എന്നിട്ടും സർക്കാർ എടുത്ത തീരുമാനത്തിൽനിന്ന് പിറകോട്ട് പോയില്ല. സഭാസമ്മേളനം താത്‌കാലികമായി നിറുത്തിവച്ച ഇടവേളയിൽ പ്രതിപക്ഷ പ്രതിഷേധം ഒരു പ്രത്യക്ഷസമരത്തിൽ ഒതുങ്ങുന്നതാണ് പിന്നീട് കണ്ടത്. ഇപ്പോൾ അതേതാണ്ട് മറന്ന മട്ടാണ്. എന്നാൽ, നിയമസഭയ്ക്കകത്തെ പ്രതിപക്ഷ പ്രകടനത്തിന് മുന്നിൽ പലപ്പോഴും വശംകെടുന്ന ഭരണപക്ഷം സർക്കാരിന്റെ നിറം കെടുത്താൻ പോന്നത് തന്നെയാണ്. ഏറ്റവുമൊടുവിൽ ലൈഫ് മിഷൻ കോഴ ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മുന്നിൽ കോൺഗ്രസ് അംഗം മാത്യു കുഴൽനാടനോട് സമനിലവിട്ട് കൊമ്പുകോർക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.

മാത്യു കുഴൽനാടൻ പ്രതിപക്ഷത്തെ ഏറ്റവും പിൻബെഞ്ചുകാരനും ഇത്തവണ ആദ്യമായി നിയമസഭയിലേക്ക് ജയിച്ചുവന്ന അംഗവുമാണ്. അദ്ദേഹം അടിയന്തരപ്രമേയ നോട്ടീസ് ഉന്നയിച്ച് സംസാരിക്കുമ്പോൾ ഓരോ തവണയും എഴുന്നേറ്റ് മുഖ്യമന്ത്രി രോഷാകുലനായി പ്രതികരിക്കുന്നത് നിയമസഭയിൽ ഏവരെയും അമ്പരപ്പിച്ച കാഴ്ചയായിരുന്നു. കുഴൽനാടനോട് മുഖ്യമന്ത്രിക്ക് നേരത്തേ അമർഷമുണ്ട്. തന്റെ മകളുമായി ബന്ധപ്പെടുത്തി മുമ്പ് കുഴൽനാടൻ ഒരാരോപണം ഉന്നയിച്ചപ്പോൾ തുടങ്ങിയതാണ് അദ്ദേഹത്തോടുള്ള അമർഷം. ഇക്കുറി ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഐ.എ.എസ് ഉദ്യോഗസ്ഥൻ എം. ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ടിലെ പരാമർശങ്ങൾ ഉദ്ധരിച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ഈ റിമാൻഡ് റിപ്പോർട്ട് ഉദ്ധരിക്കുകവഴി കേസിനെ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്തുന്ന ചില പരാമർശങ്ങൾ കുഴൽനാടൻ നടത്തി. മുഖ്യമന്ത്രി എഴുന്നേറ്റ് പച്ചക്കള്ളമാണ് പറയുന്നതെന്ന് തർക്കിക്കുകയായിരുന്നു. അങ്ങ് എങ്കിൽ ഇ.ഡിക്കെതിരെ കോടതിയിൽ പോകൂ എന്ന് കുഴൽനാടൻ പറഞ്ഞു. അതിന് അംഗത്തിന്റെ ഉപദേശം തനിക്കാവശ്യമില്ലെന്നായി മുഖ്യമന്ത്രി. തർക്കം മൂത്ത് മൂത്ത് ഒടുവിൽ, കുഴൽനാടന്റെ പരാമർശങ്ങൾ ചട്ടവിരുദ്ധമാണെന്നും രേഖയിൽനിന്ന് നീക്കണമെന്നുമുള്ള വാദങ്ങൾ വരെ ഭരണപക്ഷത്ത് നിന്നുയർന്നു.

ദുരാരോപണങ്ങൾ ഉന്നയിക്കുന്നത് അങ്ങ് കേൾക്കുന്നുണ്ടല്ലോ എന്ന് ഒരുവേള മുഖ്യമന്ത്രി എഴുന്നേറ്റുനിന്ന് സ്പീക്കറോട് കയർത്തു. കുഴൽനാടൻ അതിരൂക്ഷമായി തിരിച്ചടിക്കുമെന്ന് അപ്പോൾ ആരും പ്രതീക്ഷിച്ചിരിക്കില്ല. തന്നെ തിരഞ്ഞെടുത്തയച്ചിരിക്കുന്നത് ജനങ്ങളാണെന്നും നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പറയാനല്ല താനിവിടേക്ക് എത്തിയിരിക്കുന്നതെന്നുമാണ് കുഴൽനാടൻ ആഞ്ഞടിച്ചത്. ഈ സംഭവത്തിന് ശേഷം സർക്കാർ പ്രതിപക്ഷത്തോടുള്ള നിലപാട് കടുപ്പിക്കുന്ന സ്ഥിതി വരെയായി. തുടർന്നുള്ള രണ്ടുദിവസം പ്രതിപക്ഷത്തിന് അടിയന്തരപ്രമേയ നോട്ടീസ് പോലും അനുവദിക്കാത്ത സ്ഥിതിയുണ്ടായി. സ്പീക്കറുടെ പോക്കിൽ മുഖ്യമന്ത്രി അദ്ദേഹത്തോട് നേരിട്ട് നീരസം അതിരൂക്ഷമായി അറിയിച്ചെന്നുള്ള കിംവദന്തികൾ ഉയർന്നു. എന്തിനാണ് അസാധാരണമാം വിധം മുഖ്യമന്ത്രി സഭയിൽ പെരുമാറിയതെന്നാണ് പലരും പരസ്പരം ചോദിക്കുന്ന ചോദ്യം. ഈ ഇടപെടലുകൾ മുഖ്യമന്ത്രിയെ പൊതുമദ്ധ്യത്തിൽ കൂടുതൽ പ്രതിരോധത്തിലാക്കാനേ ഉപകരിച്ചുള്ളൂ എന്ന വാദഗതികളുമുയരുന്നു. ഈ സംഭവത്തിന് ശേഷം സമൂഹമാദ്ധ്യമങ്ങളിലും മറ്റും മാത്യു കുഴൽനാടന് ലഭിക്കുന്ന സ്വീകാര്യത അത് വ്യക്തമാക്കുന്നുണ്ട്.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആകട്ടെ നിരന്തരം മുഖ്യമന്ത്രിയെ ബന്ധപ്പെടുത്തി ആരോപണങ്ങൾ ഉന്നയിക്കുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നല്ലോ എം. ശിവശങ്കർ. മുഖ്യമന്ത്രിയുടെ നിലവിലെ അഡിഷണൽ സെക്രട്ടറിയായ സി.എം. രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നു. ഇതെല്ലാം സൃഷ്ടിച്ച പുകമറ സർക്കാരിനെ പ്രതിരോധത്തിലാക്കി നിറുത്തിയിരിക്കെ, നിയമസഭയ്ക്കകത്ത് മുഖ്യമന്ത്രിയിൽ നിന്നുണ്ടായ അസാധാരണ പെരുമാറ്റമാണ് സമൂഹത്തിൽ കൂടുതൽ സംശയങ്ങൾ സൃഷ്ടിക്കാൻ വഴിയൊരുക്കിയത്. രണ്ടാം വാർഷികവേളയിൽ തിളക്കത്തോടെ നീങ്ങേണ്ട സർക്കാരിന്റെ തിളക്കം കെടുത്താനുപകരിക്കുന്നതാണ് പുതിയ വിവാദങ്ങളെല്ലാം.

സുരക്ഷയും നികുതി

പരിഷ്കാരങ്ങളും

രാജ്യം കേന്ദ്രീകൃത നികുതിസമ്പ്രദായത്തിലേക്ക് മാറിയതോടെ ഫെഡറൽസംവിധാനത്തെ തന്നെ ചോദ്യം ചെയ്യത്തക്കവിധത്തിൽ സംസ്ഥാനങ്ങളുടെ നില പരിതാപകരമായി തുടരുന്ന സ്ഥിതിയുണ്ട്. കടമെടുപ്പിനുള്ള പരിധി വെട്ടിക്കുറയ്ക്കുന്നതടക്കം കേന്ദ്രസർക്കാർ കേരളത്തെ വരിഞ്ഞുമുറുക്കുകയാണെന്ന സംസ്ഥാനസർക്കാരിന്റെ ആക്ഷേപം ശരിയായിരിക്കാം. ഇക്കാര്യത്തിൽ നിയമസഭയിൽ ധനകാര്യമന്ത്രി പ്രതിഷേധമറിയിക്കുന്ന പ്രസ്താവന ഇറക്കുകയും സംസ്ഥാനമന്ത്രിസഭ കേന്ദ്ര അവഗണന തിരുത്താനാവശ്യപ്പെട്ട് പ്രമേയം പാസാക്കി അയയ്‌ക്കുകയും ചെയ്തതാണ്.

സംസ്ഥാനത്ത് ക്ഷേമപെൻഷൻ ഉൾപ്പെടെ പല ബദൽ ക്ഷേമപ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തിവരുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. പൊതുമേഖലയെ സംരക്ഷിക്കുന്നുണ്ട്. കേന്ദ്രം വിൽക്കാൻ വച്ച പൊതുമേഖലാസ്ഥാപനം ഏറ്റെടുക്കുന്നു. അങ്ങനെയുള്ള ബദൽ നയപരിപാടികൾ നടത്തുമ്പോൾ സ്വന്തമായി വരുമാനമാർഗമില്ലാത്ത അവസ്ഥയെ മറികടക്കാനാണ് ഇക്കഴിഞ്ഞ ബഡ്ജറ്റിൽ പെട്രോളിയം സെസ് ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള ചില നടപടികൾ വേണ്ടിവന്നത് എന്ന വാദത്തെ അംഗീകരിച്ചുകൊടുത്താൽ പോലും ചില പാഴ്ചെലവുകളും ധൂർത്തും സംസ്ഥാനത്ത് ഒഴിവാക്കാവുന്നതല്ലേയെന്ന ചോദ്യം മുഴച്ചുനിൽക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ആർഭാടത്തോടെയുള്ള സഞ്ചാരവും സെക്രട്ടേറിയറ്റിലെ സുരക്ഷാസംവിധാനം കൂട്ടാൻ വീണ്ടും നടത്തുന്ന ക്രമീകരണങ്ങളുമൊക്കെ എന്തിനാണ്? സുരക്ഷാകാര്യങ്ങൾ തീരുമാനിക്കുന്നത് സെക്യൂരിറ്റി സമിതിയാണെന്ന് മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും ആർഭാടം കുറയ്ക്കാനൊക്കെ മുഖ്യമന്ത്രിക്ക് സ്വയം പറയാമല്ലോ. മുഖ്യമന്ത്രിയായാൽ അത് പറയാൻ പാടില്ലെന്നുണ്ടോ?

അടിയന്തരാവസ്ഥക്കാലത്തെ പൊലീസ് മർദ്ദനത്തെക്കുറിച്ച് നിയമസഭയിലെത്തി പ്രസംഗിച്ച പഴയ പിണറായി വിജയനെ ആവേശത്തോടെ നോക്കിക്കാണുന്നവരുണ്ട്. എന്നാൽ, അതേ പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ പൊലീസിന് എല്ലാം വകവച്ചുകൊടുക്കുന്നു എന്ന പ്രതീതി ഉളവാകുന്നത് ഭൂഷണമാകില്ല.

മുമ്പ് പറഞ്ഞതും

ഇപ്പോൾ പറയാനാവാത്തതും

ഉമ്മൻ ചാണ്ടി ഭരണത്തെ പിടിച്ചുകുലുക്കിയ സോളാർ വിവാദത്തിൽ അതിലെ പ്രതി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പിന്നിൽ നിന്ന് ചെവിയിലെന്തോ പറയുന്ന ചിത്രം കാട്ടി അതിരൂക്ഷമായി വിമർശിച്ചയാളാണ് സി.പി.എം സംസ്ഥാനസെക്രട്ടറിയായിരുന്ന പിണറായി വിജയൻ. ഇന്നിപ്പോൾ എം. ശിവശങ്കർ എന്ന ഉദ്യോഗസ്ഥന്റെ ചെയ്തിയാൽ സംഭവിച്ചതെങ്കിൽപോലും സ്വർണക്കടത്ത്, ലൈഫ് വിവാദങ്ങൾ കൊഴുക്കുമ്പോൾ പഴയത് എടുത്തിട്ട് ട്രോളാൻ പലരും രംഗത്തുണ്ട്.

ഇങ്ങനെ സ്വയം പ്രതിരോധത്തിൽ അമരേണ്ട അവസ്ഥയിലാണ് നിയമസഭയിൽ മാത്യു കുഴൽനാടനോട് ഏറ്റുമുട്ടി മുഖ്യമന്ത്രി വീണ്ടും വീണ്ടും പ്രതിരോധത്തിലേക്ക് വീഴുന്നത്. വിനാശകാലേ വിപരീത ബുദ്ധി എന്നാരെങ്കിലും ചിന്തിച്ചാൽ കുറ്റം പറയാനാവില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIVADAVELA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.