SignIn
Kerala Kaumudi Online
Monday, 11 August 2025 9.33 AM IST

ഉയരുമോ മരാമത്ത് ഗുണനിലവാരം ?​

Increase Font Size Decrease Font Size Print Page

photo

മരാമത്തു പണികളിലെ ഗുണനിലവാരമില്ലായ്മയെ കുറിച്ചുള്ള വ്യാപകമായ പരാതികൾക്കു പരിഹാരമെന്നോണമാണ് സഞ്ചരിക്കുന്ന പരിശോധനാ സംവിധാനം പ്രവർത്തനസജ്ജമാകുന്നത്. ഏതു നിർമ്മാണവും സ്ഥലത്തെത്തി പരിശോധിക്കാനും നിശ്ചിത നിലവാരമില്ലെങ്കിൽ കണ്ടുപിടിക്കാനും പര്യാപ്തമായ മൊബൈൽ ലാബുകൾ ഇന്നലെ നിലവിൽവന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് മൂന്ന് ലാബുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. നിർമ്മാണത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം മുതൽ കോൺക്രീറ്റും ടാറും ഉൾപ്പെടെ നിർമ്മാണത്തിന്റെ സകലഘടകങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തുകയാണ് സഞ്ചരിക്കുന്ന ലാബുകളുടെ ദൗത്യം. ഏതെങ്കിലും നിർമ്മാണത്തെക്കുറിച്ച് ആക്ഷേപം ഉയർന്നാൽ സാമ്പിളെടുത്ത് ലാബിൽ കൊണ്ടുപോയി പരിശോധിച്ച് ഗുണനിലവാരം തിട്ടപ്പെടുത്തുന്ന രീതിയാണുള്ളത്.

കെട്ടിടങ്ങൾ, പാലങ്ങൾ, റോഡുകൾ എന്നിവയുടെ നിർമ്മാണം സമൂലം പരിശോധിക്കാൻ പുതിയ സംവിധാനത്തിൽ ഏർപ്പാടുകളുണ്ടാവും. ഡിസൈൻ ചീഫ് എൻജിനിയറുടെ മേൽനോട്ടത്തിൽ പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥരായിരിക്കും മൊബൈൽ ടെസ്റ്റിംഗ് വാഹനത്തിലുള്ളത്. പരിശോധനാ റിപ്പോർട്ടുകൾ തത്സമയം ഉന്നതാധികാരികൾക്കു കൈമാറാനുള്ള സജ്ജീകരണങ്ങളും വാനിൽത്തന്നെ ഒരുക്കും. രണ്ടേമുക്കാൽ കോടിയോളം രൂപ മുടക്കി വാങ്ങിയ മൊബൈൽ ലാബ് വാഹനങ്ങൾ തടസമേതുമില്ലാതെ ഓടുകയും അവയിലെ ഉപകരണങ്ങൾ കൃത്യമായി പ്രവർത്തിപ്പിക്കുകയും ചെയ്താൽ മരാമത്തുവകുപ്പ് നേരിട്ടുകൊണ്ടിരിക്കുന്ന പല ആക്ഷേപങ്ങൾക്കും പരിഹാരമാകുമെന്നു തീർച്ച. സർക്കാർ ആശുപത്രികളിലെ യന്ത്രസംവിധാനങ്ങൾക്കു സാധാരണ സംഭവിക്കാറുള്ള ഏനക്കേടുകൾ ബാധിക്കാതിരുന്നാൽ മരാമത്തു വകുപ്പിന്റെ മൊബൈൽ ലാബുകളിലെ യന്ത്രങ്ങൾക്ക് ദീർഘനാൾ നന്മചെയ്യാനാകും. മരാമത്തു പണികളിലെ സ്വതസിദ്ധമായ പല കള്ളത്തരങ്ങളും പുറത്തുകൊണ്ടുവരാനും കഴിയും.

മൊബൈൽ ലാബുകൾക്കൊപ്പം ജില്ലാകേന്ദ്രങ്ങളിലെ പതിവു പരിശോധനാ സംവിധാനങ്ങൾ തുടർന്നും പ്രവർത്തിക്കുന്നത് നല്ല കാര്യമാണ്. ഉദ്ഘാടനം നടന്ന് അധികനാളെത്തും മുമ്പേ പൊളിഞ്ഞുതുടങ്ങുന്ന പാലങ്ങളും റോഡുകളും കെട്ടിടങ്ങളുമൊക്കെ ധാരാളമുള്ള നാടാണിത്. നിർമ്മാണത്തിനു പിന്നിലെ അഴിമതിയാണ് അതിന്റെ പ്രധാന കാരണം. നിർമ്മാണഘട്ടത്തിൽത്തന്നെ പണിക്കുറ്റം മൂലം തകർന്നുവീഴുന്ന പാലങ്ങൾ ഇവിടെയുണ്ടായിട്ടുണ്ട്. എറണാകുളത്തെ പാലാരിവട്ടം പാലം ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷം പോലും ആകുന്നതിനു മുമ്പാണ് പൊളിയാൻ തുടങ്ങിയത്. ഒരു പാലം നിർമ്മാണത്തിൽ പാലിക്കേണ്ട അത്യാവശ്യ സുരക്ഷാ മാനദണ്ഡങ്ങൾ പോലും കരാർ കമ്പനി പാലിച്ചിരുന്നില്ലെന്ന് പിന്നീടു നടന്ന പരിശോധനയിൽ തെളിഞ്ഞു. കരാറുകാർ നിർമ്മാണ ജോലികൾ മാനദണ്ഡങ്ങൾ പാലിച്ചാണോ ചെയ്യുന്നതെന്നു പരിശോധിച്ച് ഉറപ്പുവരുത്തേണ്ട ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി സൗകര്യപൂർവം കണ്ണടച്ചുകൊടുത്തു. ഇതുപോലെ അനേകം സംഭവങ്ങൾക്ക് മരാമത്തുവകുപ്പ് നിത്യസാക്ഷിയാണ്.

മരാമത്തു പണികളുടെ ഗുണനിലവാരം കുറയാൻ പ്രധാന കാരണം അഴിമതിയാണ്. കരാർ തുകയുടെ പകുതിയോളം പലർക്കുമായി വീതിക്കപ്പെടേണ്ടിവരുന്നു. ആ സാഹചര്യത്തിൽ ഏതുനിർമ്മാണവും ശരാശരി നിലവാരം പോലും നിലനിറുത്താനിടയില്ല. നിർമ്മിതി ഏതായാലും അതിൽനിന്ന് മുതലെടുക്കാൻ ആറ്റുനോറ്റിരിക്കുന്നവർ ചുറ്റിലുമുള്ളപ്പോൾ ഗുണമേന്മയെക്കുറിച്ച് ശഠിക്കാൻ ആർക്കാവും? അതുകൊണ്ട് മരാമത്തു പണികളുമായി ബന്ധപ്പെട്ട കൈക്കൂലി ഇടപാടുകൾക്ക് എങ്ങനെ അന്ത്യം കുറിക്കാമെന്നാണ് യഥാർത്ഥത്തിൽ ചിന്തിക്കേണ്ടത്. ഇതിൽ വിജയിച്ചാൽ സ്വാഭാവികമായും മരാമത്തുപണികൾ നല്ല നിലവാരത്തിലെത്തും. പരിശോധനാ റിപ്പോർട്ട് ചൂണ്ടിക്കാട്ടി ആരെയും വിരട്ടേണ്ട സാഹചര്യവും ഉണ്ടാവില്ല.

TAGS: PWD QUALITY CHECKING MOBILE LAB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.