SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.02 AM IST

സഹോദരൻ അയ്യപ്പനെന്ന ധീരമാതൃക

sahodaran-ayyappan

കേരളത്തിലെ സാമൂഹിക വിപ്ളവചരിത്രം പരിശോധിച്ചാൽ അതിൽ അരനൂറ്റാണ്ടിലെ സേവനചരിത്രത്തിനുടമയായ സഹോദരൻ അയ്യപ്പൻ പ്രത്യേക പരിഗണനയ്ക്ക് അർഹനാണെന്ന സത്യം ബോദ്ധ്യപ്പെടും. ശ്രീനാരായണ ദർശനങ്ങൾ പ്രയോഗവത്‌കരിക്കാൻ ജീവിതകാലം മുഴുവൻ തീവ്രയത്നം നടത്തിയ, ഗുരുദേവന്റെ ഗൃഹസ്ഥശിഷ്യരിൽ പ്രഥമഗണനീയനാണ് അദ്ദേഹം.

കവി, യുക്തിവാദി, സോഷ്യലിസ്റ്റ്, ജനാധിപത്യവാദി, ദേശീയവാദി, നിയമസഭാ സാമാജികൻ, ഭരണാധികാരി, പത്രപ്രവർത്തകൻ തുടങ്ങിയ നിലകളിലുള്ള അദ്ദേഹത്തിന്റെ സേവനത്തിന്റെ മുഖ്യലക്ഷ്യവും ശ്രീനാരായണ ദർശനങ്ങളുടെ പ്രയോഗവത്‌കരണമായിരുന്നു.

1093 കന്നിയിലാണ് (1917 സെപ്തംബർ) 'സഹോദരൻ" മാസിക പ്രസിദ്ധീകരണമാരംഭിക്കുന്നത്. കേരള ചരിത്രത്തിൽ സ്ഫോടനാത്മകമെന്ന് രേഖപ്പെടുത്തപ്പെട്ട 'മിശ്രഭോജന" വിപ്ളവം നടന്ന് നാലുമാസം കഴിഞ്ഞപ്പോഴായിരുന്നു അത്.

ആദ്യലക്കത്തിൽത്തന്നെ, 'പ്രസ്താവന" എന്ന തലക്കെട്ടി​ൽ എഴുതി​യ, പത്രത്തി​ന്റെ 'നയപ്രഖ്യാപനം" തുടങ്ങുന്നതിങ്ങനെ:-

''മനുഷ്യരെല്ലാം സഹോദരന്മാരാകുന്നു. ഇതാണ് എല്ലാ മതങ്ങളും ഘോഷിക്കുന്ന ധർമ്മതത്വം. ആസ്തികന്മാരുടെ പരമമായ ആദർശം ഇതുതന്നെയാണ്. നാസ്തികന്മാരും അതിനെ വിസമ്മതിക്കുന്നില്ല. കൃഷ്ണനും ബുദ്ധനും ക്രിസ്തുവും മുഹമ്മദും ലോകഗതിയെ ഈ ഉൽകൃഷ്ട ആദർശത്തിലേക്കു തിരിക്കുന്നു. എല്ലാ മനുഷ്യരും സഹോദരഭാവത്തിൽ കഴിഞ്ഞുകൊള്ളണമെന്നുള്ള ധർമ്മരഹസ്യത്തെ ഈ അതിമാനുഷന്മാർ ഉപദേശിക്കയും സ്വജീവിതം കൊണ്ട് ഉദാഹരിക്കുകയും ചെയ്യുന്നു."

'സഹോദരൻ" മാസികയുടെ ലക്ഷ്യം കൃത്യമായി രണ്ടാം പുസ്തകം ആദ്യത്തിൽ ഇങ്ങനെ പ്രസ്താവിച്ചു അദ്ദേഹം:-

1. പൊതുജനാഭിപ്രായം പ്രതിഫലിപ്പിക്കുക

2. പൊതുജനോദ്ദേശ്യത്തോടെ വ്യാഖ്യാനിക്കുക

3. പൊതുജന മനഃസാക്ഷിയെ തട്ടിയുണർത്തുക.

4. മനുഷ്യർക്കാവശ്യമുള്ള സകല സംഗതികളും പ്രതിപാദിക്കുക.

1917-ൽ മാസികയായി ആരംഭിച്ച് പിന്നീട് വാരികയായി നാല്പതുവർഷത്തോളം പ്രസിദ്ധീകരണം തുടർന്നുപോയ സഹോദരനിൽ സമൂഹത്തെ സംബന്ധിക്കുന്ന എല്ലാ വിഷയങ്ങളും ഉൾക്കൊണ്ടിരുന്നു.

പത്രത്തിൽ വന്ന പല മുഖപ്രസംഗങ്ങളും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയിട്ടുണ്ട്. '' സ്റ്റാഫ് സെലക്ഷൻ ബോർഡിനെ മറികടന്നുകൊണ്ട്, പ്രധാന ഉദ്യോഗങ്ങളിൽ പലതിലും രാജാക്കന്മാരുടെ മക്കൾക്കും മറ്റും നിയമനം കൊടുത്തതിനെ നിശിതമായി വിമർശിച്ചുകൊണ്ട്, 1941- സെപ്തംബറിൽ സഹോദരൻ എഴുതിയ 'തമ്പുരാക്കന്മാരും അവരുടെ മക്കളും" എന്ന മുഖപ്രസംഗത്തിലെ പ്രസക്തഭാഗം ഇങ്ങനെ:-

'' നാടുവാഴുന്ന തമ്പുരാക്കന്മാരുടെ മക്കളും ജാമാതാക്കളും സർവീസിലിരിക്കുമ്പോൾ, മറ്റുദ്യോഗസ്ഥന്മാർക്ക്, അവരെപ്പറ്റിയുള്ള ഭയഭക്തിമൂലം അവരുടെ ജോലികൾ വേണ്ടത്ര തന്റേടത്തോടും ന്യായനിഷ്ഠയോടും കൂടി നടത്തുവാൻ പലവിധത്തിൽ പ്രയാസം നേരിടും. അങ്ങനെ വരുന്നത് സർവീസിന്റെ കാര്യക്ഷമതയ്ക്കും ശുദ്ധിക്കും വലിയ ഹാനി വരുത്താതിരിക്കില്ല.....

........ തമ്പുരാക്കന്മാരുടെ മക്കൾക്കും ജാമാതാക്കൾക്കുമായിരിക്കും സർവീസ് പ്രവേശത്തിനു സൗകര്യം. അതോർത്താൽ സാധാരണക്കാർക്കിനി, സർവീസിൽ കാര്യമായ ഉദ്യോഗങ്ങളിൽ കടക്കാൻ എന്തുമാർഗമാണുള്ളത് !.... വലിയ വലിയ വ്യവസായങ്ങൾ തുടങ്ങാൻ മതിയായ മൂലധനം കൈവശമുള്ളവരാണ് തമ്പുരാക്കന്മാരിലും അവരുടെ മക്കളിലും അധികം പേരും. അവർ ആ വഴിക്കു തിരിഞ്ഞ് രാജ്യത്തിന് മാർഗദർശികളാകാൻ നോക്കാതെ, അവരേക്കാൾ ബുദ്ധിയും പ്രാപ്തിയും ഉള്ളവരായി കണ്ടേക്കാവുന്ന സാധുക്കളായ സാധാരണക്കാർ പ്രവേശിച്ചു നടത്തേണ്ട സർക്കാർ ജീവനങ്ങൾ, അവരിൽനിന്നു തട്ടിപ്പറിക്കുന്ന പ്രകാരത്തിൽ അനുഭവപ്പെടുന്നതായ ഉദ്യോഗാഭിലാഷത്തിനു വിധേയമാകുന്നത് കഷ്ടമാണ്." (ജി. പ്രിയദർശനൻ, ''സഹോദരൻ അയ്യപ്പൻ; പ്രക്ഷോഭകാരിയായ പത്രപ്രവർത്തകൻ" - ഗ്രന്ഥത്തിൽ ഉദ്ധരിച്ചുചേർത്തത്.)

പ്രകോപനാത്മകമായ ഒരു അന്തരീക്ഷം രാജസ്ഥാനത്തുപോലും സൃഷ്ടിക്കപ്പെട്ടു എന്നതാണ് ആ മുഖപ്രസംഗം ഉളവാക്കിയ പ്രത്യാഘാതം. സഹോദരനെ അറസ്റ്റുചെയ്തേക്കും എന്നുവരെ പലരും ഭയപ്പെട്ടു. പക്ഷേ സഹോദരൻ കുലുങ്ങിയില്ല; ഒന്നും സംഭവിച്ചുമില്ല.

മുഖപ്രസംഗങ്ങളിലൂടെ മഹാത്മാഗാന്ധിയേയും മഹാകവി ടാഗോറിനേയും പോലും വിമർശിക്കാൻ സഹോദരൻ മടിച്ചില്ല. ; അതുപോലെ വിഖ്യാതമായ എത്രയോ മുഖപ്രസംഗങ്ങൾ!

സഹോദരന്റെ ചിരന്തനസുഹൃത്തും പ്രശസ്ത ചിന്തകനുമായ വി.ടി. ഭട്ടതിരിപ്പാട് ഒരിക്കൽ പറഞ്ഞതിങ്ങനെ:

'കെ. അയ്യപ്പന്റെ 'സഹോദരൻ" പത്രം, മാളികപ്പുറത്തു കഴിഞ്ഞിരുന്ന നമ്പൂതിരിമാരെ താഴത്തേക്ക്, മനുഷ്യസമുദായത്തിലേക്ക് ഇറക്കിക്കൊണ്ടുവരികയും, എല്ലാവരുടേയും സുഖദുഃഖങ്ങളിൽ പങ്കുകൊള്ളേണ്ടവരാണ് അവരെന്ന് ബോദ്ധ്യമാക്കിക്കൊടുക്കുകയും ചെയ്തു. അങ്ങനെ നമ്പൂതിരി സമുദായത്തിലും ഒരു പരിവർത്തനത്തിനു വഴിതെളിച്ച പത്രമാണ് 'സഹോദരൻ."

സമകാലിക പ്രശ്നങ്ങളെക്കുറിച്ചുള്ള മുഖപ്രസംഗങ്ങളും കുറിപ്പുകളും നിരന്തരം 'സഹോദര"നിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഹൃദ്യവും ശുദ്ധവും ഓജസുറ്റതുമായ ഒരു ഗദ്യശൈലി കരുപ്പിടിപ്പിക്കാൻ സഹോദരനു കഴിഞ്ഞു.

അന്യസമുദായങ്ങളിലെ മാത്രമല്ല, സ്വന്തം സമുദായങ്ങളിലെയും അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ - ഇവയെ വിമർശിക്കാൻ ഒരിക്കലും മടികാണിച്ചിരുന്നില്ല, അദ്ദേഹം. വിദ്യാഭ്യാസവും സർക്കാർ നടപടികളും മലയാളത്തിലാക്കണമെന്ന് തന്റെ പത്രത്തിലൂടെ തുടർച്ചയായി ആവശ്യപ്പെടാനും മറന്നില്ല സഹോദരൻ.

ഒരു തൊഴിലാളി സംഘടനയ്ക്കും അയ്യപ്പൻമാസ്റ്റർ രൂപം കൊടുത്തിരുന്നു; '' ആദിവൈപ്പിൻ തൊഴിലാളിസംഘം" എന്നായിരുന്നു അതിന്റെ പേര്. ഈ സംഘത്തിന്റെ നാവായിരുന്നു, ആഴ്ചയിൽ മൂന്ന് ദിവസം മാത്രം പ്രസിദ്ധപ്പെടുത്തുന്ന ''വേലക്കാരൻ" എന്ന പത്രം; ചെറായി, കരുത്തലത്തോടിനു സമീപമായിരുന്നു പത്രത്തിന്റെ ഓഫീസ്. അധികം ആയുസുണ്ടായിരുന്നില്ല ആ പത്രത്തിന്.

ധാരാളം എഴുത്തുകാരെ, തന്റെ പത്രത്തിലൂടെ അദ്ദേഹം വളർത്തിയെടുത്തിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീർ, പോഞ്ഞിക്കര റാഫി, കെടാമംഗലം പപ്പുക്കുട്ടി തുടങ്ങിയവർ എഴുതിത്തുടങ്ങുന്നത്, 'സഹോദരൻ" പത്രത്തിലൂടെയാണ്.

'യുക്തിവാദി" മാസി​ക തുടക്കത്തി​ൽ രണ്ടുവർഷത്തോളം പുറത്തിറക്കി​യത് സഹോദരൻ അയ്യപ്പനായി​രുന്നു. സാമൂഹി​ക രാഷ്ട്രീയ സാംസ്കാരി​ക രംഗങ്ങളി​ൽ അനവരതം പ്രവർത്തി​ച്ചുകൊണ്ടുതന്നെ, അത്തരം രംഗങ്ങളി​ലൂടെ കൈവരി​ക്കാനാകുന്ന നേട്ടങ്ങൾക്കുവേണ്ടി​ ആരുടെ മുന്നി​ലും തലകുനി​ക്കാതെ പത്രപ്രവർത്തനം നടത്തി​ പത്രാധി​പർ സഹോദരൻ അയ്യപ്പൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SAHODARAN AYYAPPAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.