SignIn
Kerala Kaumudi Online
Thursday, 19 September 2024 8.21 PM IST

ജലബഡ്‌ജറ്റ് സുരക്ഷയൊരുക്കുമോ ?

Increase Font Size Decrease Font Size Print Page

opinion

ഇനിയൊരു ലോക മഹായുദ്ധമുണ്ടെങ്കിൽ അത് കുടിവെള്ളത്തിനു വേണ്ടിയായിരിക്കുമെന്നാണ് പറയുന്നത്. കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വില ഉയരുന്ന ഒരു കാലമാണ് നമ്മേ കാത്തിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ കടുത്ത ജലക്ഷാമം നേരിടുന്നുണ്ട്. കുടിവെള്ള സ്രോതസുകളെല്ലാം മുമ്പെങ്ങും ഇല്ലാത്തവിധം ദിനംപ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികൾ പലതും നീർച്ചാലുകൾ മാത്രമായി,​ ചിലത് മാലിന്യക്കൂമ്പാരങ്ങളും. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും നമുക്ക് അന്യമായി മാറുകയാണ്. ജലസ്രോതസുകളെ എങ്ങനെ വീണ്ടെടുക്കാം. വീണ്ടെടുത്തവയെ ഏതുരീതിയിൽ നിലനിറുത്താം,​ ജല സ്വയംപര്യാപ്തമാകാൻ കേരളം എന്തുചെയ്യണം എന്നിവയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുകയും പദ്ധതികൾ ആവിഷ്‌കരിച്ച് സുതാര്യമായി നടപ്പാക്കുകയും ചെയ്യണം. വരാനിരിക്കുന്ന ലോക ജലദിനം അത്തരം ചർച്ചയിലേക്ക് നയിക്കട്ടെ.

വായുപോലെ മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ജലം. ഈ സന്ദേശം ഉൾക്കൊള്ളുമ്പോഴാണ് കേരള സംസ്ഥാനം തയ്യാറാക്കുന്ന ജലബഡ്‌ജറ്റിന് പ്രസക്തിയേറുന്നത്. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു സംസ്ഥാനം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജലബഡ്‌ജറ്റ് തയാറാക്കുന്നത്. സംസ്ഥാനത്തിന്റെ ജല ലഭ്യതയും ആവശ്യകതയും കണ്ടെത്തുന്നതിനായാണ് ജലബഡ്‌ജറ്റ് തയ്യാറാക്കുന്നത്. ഹരികേരളം മിഷന്റെ നേതൃത്വത്തിൽ ജല അതോറിട്ടി, ജലസേചനം, കൃഷി, മൃഗസംരക്ഷണം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ജല ബഡ്‌ജറ്റ് തയ്യാറാക്കുന്നത്.

എന്നാൽ,​ ഈ ജലബഡ്‌ജറ്റ് ജനത്തിന് ഏതെല്ലാം തരത്തിൽ ഗുണകരമാകും എന്നാണ് അറിയേണ്ടത്. കേരളത്തിലെ ജലസ്രോതസുകൾ സംരക്ഷിക്കുന്നതിന് ജല ബഡ്‌ജറ്റുകൊണ്ട് കഴിയുമോ? കുടിവെള്ളത്തിന് ഓരോ വീടും പരാശ്രയമില്ലാതെ സ്വയംപര്യാപ്തമാകുമോ? ഇതൊക്കെ അറിയേണ്ടത് അനിവാര്യതയാണ്.

ജലസമൃദ്ധി കുറയുന്നു

കേരളം ജലസമൃദ്ധമാണെന്ന പൊതുധാരണയുണ്ട് സമൂഹത്തിന്. ഇടവപ്പാതിയും തുലാമഴയും ആറോ ഏഴോ മാസം നീണ്ടുനിൽക്കും എന്നതുതന്നെയാണ് ഈ ധാരണയുടെ പിൻബലം. ഇതുകൂടാതെ വേനൽ മഴയും ലഭിക്കും. ശരാശരി 300 മില്ലിമീറ്റർ മഴയാണ് കേരളത്തിൽ ഒരു വർഷം ലഭിക്കുക. സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഓരോ വർഷവും ഏറ്റക്കുറച്ചിലുകളുണ്ടാകും. എന്നാലും ഇത്രയും സമൃദ്ധമായി മഴ ലഭിക്കുന്ന പ്രദേശം ഇന്ത്യയിൽ വളരെ കുറവാണെന്നാണ് പൊതുവിലയിരുത്തൽ.

492 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 476.2 മില്ലിമീറ്റർ. അതേസമയം, പാലക്കാട് ഉൾപ്പെടെ നാല് ജില്ലകളിൽ മഴ കുറഞ്ഞു എന്നതും പ്രത്യേകം വിലയിരുത്തണം. സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത് കണ്ണൂരാണ്, 41ശതമാനം കുറവ്. വടക്കുകിഴക്കൻ മൺസൂണിൽ 391.3 എം.എം ലഭിക്കേണ്ടിടത്ത് ആകെ രേഖപ്പെടുത്തിയത് 231.3 എം.എം. തൃശൂർ ജില്ലയിൽ 31 ശതമാനത്തിന്റെയും പാലക്കാട് (22ശതമാനം ), മലപ്പുറം (24ശതമാനം), കാസർകോട് (21ശതമാനം ) എന്നിങ്ങനെയാണ് മഴ കുറവുള്ള മറ്റു ജില്ലകൾ.

ജലബഡ്ജറ്റ്

ഇങ്ങനെ

ഓരോ പ്രദേശത്തും അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രത്യേകം ജല ബഡ്ജറ്റുകൾ തയ്യാറാക്കുകയാണ് ആദ്യ നടപടി. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും ഓരോസമയത്തും ഉപഭോഗത്തിന് വേണ്ടിവരുന്ന ജലത്തിന്റെ അളവ്, ലഭ്യമായ ജലത്തിന്റെ അളവ് എന്നിവ കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്താനായിരുന്നു പദ്ധതി. ആവശ്യമായ ജലം ലഭ്യമല്ലെങ്കിൽ, സാങ്കേതിക വിദ്യയുടെ ഉൾപ്പെടെ സഹായത്തോടെ ആ കുറവ് പരിഹരിക്കുകയാണ് ലക്ഷ്യം. കിണറുകൾ, കുളങ്ങൾ, ജലസംഭരണികൾ തുടങ്ങി എല്ലാ ജലസ്രോതസുകളിലും ലഭ്യമാകുന്ന ജലത്തിന്റെ അളവ് കാലികമായി രേഖപ്പെടുത്തും. ഇവയുടെ അടിസ്ഥാനത്തിൽ ജല ആവശ്യവും ജല ലഭ്യതയും തമ്മിലുള്ള വ്യത്യാസം ജലസേചന വകുപ്പ് കണ്ടെത്തും. ഈ വ്യത്യാസം പരിഹരിക്കുന്നതിന് വിദഗ്ദ്ധരുടെ സഹായത്തോടെ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതുമാണ് ലക്ഷ്യം.

ദീർഘവീക്ഷണത്തോടെ

പദ്ധതികൾ വേണം

44 നദികളും നിരവധി തോടുകളും കായലുകളും കുളങ്ങളും കേരളത്തിലുണ്ട്. എന്നാലിതൊക്കെ പഴങ്കഥയായി. പശ്ചിമഘട്ടത്തിൽനിന്ന് വെള്ളം അതിവേഗത്തിൽ കടലിലെത്തുന്നത് തടഞ്ഞിരുന്ന തണ്ണീർതടങ്ങളും നെൽവയലുകളും നികത്തുന്നത് നിർബാധം തുടരുകയാണ്. കുന്നുകൾ ഇടിച്ചുനിരത്തിക്കൊണ്ടേയിരിക്കുന്നു. തോടുകൾ നികത്തി റോഡാക്കി. കുളങ്ങൾ നികത്തി വീടുവെച്ചു. കാവുകൾ വെട്ടിത്തെളിച്ചു. ശുദ്ധജല തടാകങ്ങൾ മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായി. കുടിവെള്ള പൈപ്പ് പദ്ധതികൾ ആവശ്യമില്ലാത്ത സംസ്ഥാനമായിരുന്ന കേരളമിപ്പോൾ കുടിവെള്ള പദ്ധതിയില്ലാതെ മുന്നോട്ട് പോകാനാവാത്ത സ്ഥിതിയിലാണ്. കോടിക്കണക്കിന് രൂപ മുതൽ മുടക്കി നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതികളിൽ പലതും നോക്കുകുത്തികളാണിപ്പോൾ. വേനൽകാലത്ത് പുഴയിലോ, ശുദ്ധജല തടാകത്തിലോ ആവശ്യത്തിന് വെള്ളമുണ്ടെങ്കിലേ പദ്ധതി വിജയിക്കുകയുള്ളൂ. എന്നാൽ, വേനൽകാലത്ത് ഭൂഗർഭ നിരപ്പ് വളരെ താഴുന്നതാണ് പതിവ് രീതി. വരുംവർഷങ്ങൾ സ്ഥിതി ഇതിലും രൂക്ഷമാക്കുമെന്ന് പഠനറിപ്പോർട്ടുകളുണ്ട്. ദീർഘകാലത്തേക്കുള്ള പദ്ധതികളാണാവശ്യം.

കേരളത്തിൽ എല്ലാ ഗ്രാമീണ ഭവനങ്ങളിലും പൈപ്പിലൂടെ ശുദ്ധജലമെത്തിക്കുന്ന ജലജീവൻ പദ്ധതി ഈ വർഷം പൂർത്തിയാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ആകെയുള്ള 67.15 ലക്ഷം ഗ്രാമീണ ഭവനങ്ങളിൽ 21.42 ലക്ഷം പേർക്ക് ഈ വർഷം കണക്ഷൻ നൽകാനാകുമെന്നാണ് പ്രതീഷ.


ജനപങ്കാളിത്തത്തോടെ

നടപ്പാക്കണം

കേരളത്തിലെ എല്ലാ തദ്ദേശസ്വയംഭരണ പ്രദേശങ്ങളെയും അടിസ്ഥാനമാക്കി ജല ബഡ്‌ജറ്റ് തയാറാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത പഞ്ചായത്തുകളിലാണ് ജലബഡ്‌ജറ്റ് തയാറാക്കുന്നത്. ഒരു പ്രദേശത്തിന്റെ ജലസ്രോതസുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങൾക്ക് സുസ്ഥിരമായ ജലവിതരണം സാദ്ധ്യമാക്കുന്നതിന് ജലബഡ്‌ജറ്റ് ഏറെ പ്രയോജനകരമാകുമെന്നതിൽ സംശയമില്ല. ജലബഡ്‌ജറ്റ് തയാറാക്കുന്നതിനായുള്ള വിവര ശേഖരണം, വിശകലനം, റിപ്പോർട്ട് തയാറക്കൽ തുടങ്ങിയ നിരവധി കാര്യങ്ങൾ നടക്കേണ്ടതായിട്ടുണ്ട്. ജനപങ്കാളിത്തോടെ പദ്ധതി നടപ്പാക്കുന്നതാവും നല്ലത്. ജനങ്ങളുടെ സേവനം ഏതെല്ലാം തരത്തിൽ ഇതിൽ പ്രയോജനപ്പെടുത്താമെന്ന് പരിശോധിക്കണം.
പദ്ധതി നാഥനില്ലാ കളരിയായി മാറരുത്. നിക്ഷേപത്തിലുൾപ്പെടെ ജനങ്ങളുടെ സഹകരണം തേടാവുന്നതാണ്. കുടിവെള്ളം സൗജന്യമായി പോലും ലഭ്യമാക്കേണ്ട സർക്കാർ വെള്ളത്തിന്റെ വിലവർദ്ധിപ്പിച്ച് ജനത്തെ ബുദ്ധിമുട്ടിക്കുന്നത് എന്തുകൊണ്ടാണ്. ആരാണ് ഇവിടുത്തെ പണം കൊള്ളയടിക്കുന്നത്. ഇവിടെ നടത്തിയ വൻകിട പദ്ധതികളുടെ ഇപ്പോഴത്തെ നിലയെക്കുറിച്ച് ഒരു പഠനം നടത്തി വിവരങ്ങൾ പുറത്തുവിടണം. മുൻകാലങ്ങളിലെ പിഴവുകൾ ജലബഡ്ജറ്റിൽ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത ഭരണകൂടത്തിന് വേണം. അത് കൃത്യമായി ഓഡിറ്റ് ചെയ്യാൻ പൊതുജനം തയ്യാറാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: WATER BUDGET
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.