അമ്പലപ്പുഴ: നാട്ടുകാർക്ക് സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യാൻ സ്ഥാപിച്ചിരുന്ന ടാപ്പ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. ഇതോടെ നൂറു കണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാക്കനിയായി.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡ് വണ്ടാനം ഗുരുമന്ദിരത്തിന് വടക്ക് പുന്നത്താഴയിൽ മുഹമ്മദ് ഹനീഫ് നാട്ടുകാർക്കായി സ്ഥാപിച്ച പൈപ്പാണ് നശിപ്പിച്ചത്. പ്രദേശത്തെ കുടിവെള്ള ക്ഷാമം കണക്കിലെടുത്ത് തന്റെ കിണറ്റിലെ വെള്ളം 30 വർഷമായി ഇദ്ദേഹം തികച്ചും സൗജന്യമായിട്ടാണ് നൽകിയിരുന്നത്. രാത്രിയിൽ ഇവിടെ നിന്ന് വെള്ളമെടുക്കുന്നത് ബുദ്ധിമുട്ടായതോടെയാണ് വീടിന് മുന്നിൽ 24 മണിക്കൂറും കുടിവെള്ളമെടുക്കാൻ കഴിയുന്ന ടാപ്പ് സ്ഥാപിച്ചത്. വളഞ്ഞ വഴി മുതൽ പുന്നപ്ര വരെയുള്ളവരാണ് എല്ലാ ദിവസവും ഇവിടെ നിന്ന് വെള്ളമെടുത്തിരുന്നത്. സ്കൂൾ വിദ്യാർത്ഥികളും ടാപ്പ് ഉപയോഗിച്ചിരുന്നു. ഫിൽട്ടർ ചെയ്ത 4000 ലിറ്റർ വെള്ളം പ്രതിദിനം വിതരണം ചെയ്തിരുന്ന ടാപ്പാണ് തകർത്തത്. നാളുകൾക്കു മുമ്പും സമാനമായ രീതിയിൽ ഇവിടെ ആക്രമണം നടന്നിരുന്നു.
തീരപ്രദേശമായ ഇവിടെ കടുത്ത വേനലിൽ കുടിവെള്ളം തുള്ളിപോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകളിൽ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലപ്പോഴും വെള്ളം കിട്ടാറില്ല. ഈ സാഹചര്യത്തിൽ ഏറെ ആശ്വാസകരമായിരുന്ന സംവിധാനമാണ് തകർക്കപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |