ഓസ്‌കാർ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ത്യൻ സിനിമാ ലോകം. അതോടൊപ്പം കാർപെന്റേഴ്‌സ് എന്ന വാക്കിനെ ചൊല്ലിയുള്ള വിവാദങ്ങളും തലപൊക്കി. പുരസ്‌കാരം സ്വീകരിച്ച ശേഷം, താൻ കുട്ടിക്കാലത്ത് കാർപെന്റേഴ്‌സിനെ കേട്ടാണ് വളർന്നതെന്ന കീരവാണിയുടെ വാക്കുകളാണ് തെറ്റിദ്ധരിക്കപ്പെട്ടത്. ആശാരിമാർ എന്ന വ്യാഖ്യാനം ചില കോണുകളിൽ നിന്ന് നൽകപ്പെട്ടു. എന്നാൽ കീരവാണി ഉദ്ദേശിച്ചത് കാർപെന്റേഴ്‌സ് എന്ന പാശ്ചാത്യ സംഗീത ബാന്റിനെ കുറിച്ചായിരുന്നു.
ഇപ്പോൾ ആ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. സംഗീതത്തിലെ അളവും തുക്കവും കൃത്യമായി അറിയുന്നവർ തന്നെയാണ് സംഗീതത്തിലെ പെരുന്തച്ചൻമാർ..Carpenters എന്ന സംഗീത ബാൻഡിന് ആ പേര് വരാനുള്ള ക്രിയാത്മകമായ കാരണം പോലും ചിലപ്പോൾ അതായിരിക്കാം എന്ന് ഹരീഷ് കുറിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
''Carpenters നെ ആശാരിമാർ എന്ന് വിളിക്കുന്നത് ലോകത്തിലെ ആദ്യ സംഭവമൊന്നുമല്ല..സംഗീതത്തിലെ അളവും തുക്കവും കൃത്യമായി അറിയുന്നവർ തന്നെയാണ് സംഗീതത്തിലെ പെരുന്തച്ചൻമാർ..Carpenters എന്ന സംഗീത ബാൻഡിന് ആ പേര് വരാനുള്ള ക്രിയാത്മകമായ കാരണം പോലും ചിലപ്പോൾ അതായിരിക്കാം..എനിക്കറിയില്ല...എന്തായാലും മലയാളത്തിലെ ഒരു പുതിയ സംഗീത കൂട്ടായമക്ക് ഇരു കൈയ്യും നീട്ടി സ്വീകരിക്കാൻ പറ്റുന്ന ഒരു പേരാണ് "ആശാരിമാർ"അല്ലെങ്കിൽ "പെരുന്തച്ചൻമാർ''..
എന്റെ അഭിപ്രായത്തിൽ കീരവാണിയും, A.R.റഹ്‌മാനും, അമിതാബച്ചനും, രജനികാന്തും, കമലഹാസനും, മമ്മുട്ടിയും, മോഹൻലാലുമൊക്കെ അവരവരുടെ മേഖലയിലെ നല്ല ആശാരിമാരാണ്..അളവും തൂക്കവും അറിയുന്ന നിർമ്മാണത്തിന്റെ സൗന്ദര്യ ശാസത്രമറിയുന്ന പെരുന്തച്ചൻമാർ...മാദ്ധ്യമ പ്രവർത്തകരുടെ ഒരു ചെറിയ തെറ്റ്..ഒരു വലിയ ശരിയിലേക്ക് വിരൽ ചൂണ്ടുന്നു..ദൈവമേ എന്നെയും ഒരു നല്ല ആശാരിയാക്കി മാറ്റണമേ''
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |