SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.20 PM IST

അഗ്നിശമനസേനയുടെ ആത്മസമർപ്പണം

photo

മാർച്ച് രണ്ട്, ഉച്ചകഴിഞ്ഞ് 3.15 നാണ് തൃക്കാക്കര ഫയർ സ്റ്റേഷനിലേക്ക് ബ്രഹ്മപുരം മാലിന്യപ്ലാന്റിന് തീപിടിച്ചെന്ന ഫോൺ കോൾ എത്തുന്നത്. ബ്രഹ്മപുരത്തെ തീ തൃക്കാക്കര ഫയർ ഫോഴ്സി​ന് പുത്തരി​യല്ല. അതുകൊണ്ടുതന്നെ കാര്യമായ മുൻകരുതലൊന്നുമില്ലാതെ 3.16ന് സ്റ്റേഷൻ ഓഫീസർ കെ.എൻ. സതീശന്റെ നേതൃത്വത്തിൽ രണ്ട് ഫയർ ടെൻഡറുകളിലായി ഒൻപത് ഉദ്യോഗസ്ഥർ ബ്രഹ്മപുരത്തേക്ക് തിരിച്ചു.

മാലിന്യപ്ലാന്റിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് മാത്രം തീ പിടിക്കാറാണ് പതി​വ്. എന്നാൽ ഇത്തവണ 110 ഏക്കറിൽ മുഴച്ചുനിൽക്കുന്ന മാലിന്യമലയുടെ നാലുഭാഗത്തുനിന്നും തീ ഉയർന്നിരുന്നു. കറുത്ത വിഷപ്പുക പരിസരമാകെ നിറഞ്ഞു. സ്ഥിതി ഗുരുതരമെന്ന് വിലയിരുത്തിയ സ്റ്റേഷൻ ഓഫീസർ മേലുദ്യോഗസ്ഥർക്കും സമീപ സ്റ്റേഷനുകളിലേക്കും അടിയന്തര സന്ദേശം നല്കി. എറണാകുളം റീജിണൽ ഫയർ ഓഫീസർ ജെ.എസ്. സുജിത് കുമാർ, ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ എന്നിവർ സംഭവസ്ഥലത്തേക്ക് കുതിച്ചു. അപ്പോഴേക്കും സ്റ്റേഷൻ ഓഫീസർ സതീശൻ അവസരത്തിനൊത്തുയർന്ന പടനായകനെപ്പോലെ പോരാട്ടം ആരംഭിച്ചിരുന്നു. സ്ഥിതി വഷളാവുകയാണെന്ന് കണ്ടപ്പോൾ ഉന്നതഉദ്യോഗസ്ഥരും സ്റ്റേഷൻ ഓഫീസറുമടങ്ങുന്ന മൂവർസംഘം അടിയന്തരയോഗം ചേർന്ന് 'മിഷൻ സേഫ് ബ്രത്ത്' ആക്ഷൻ പ്ലാൻ തയ്യാറാക്കി. അന്നു തുടങ്ങിയ പഴുതടച്ച ഫയർഫൈറ്റിംഗ് 13 ന് വൈകിട്ടാണ് അവസാനിച്ചത്.

ആദ്യത്തെ മൂന്നുദിവസം ഏറെ ദുഷ്കരമായിരുന്നു. സ്വസ്ഥമായി ശ്വാസമെടുക്കാൻ കഴിയാത്ത അവസ്ഥ. ആവശ്യത്തിന് കുടിവെള്ളമോ കാനിസ്റ്റർ മാസ്കോ കൈവശമില്ലായിരുന്നു. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ നിന്നായി 25 ഫയർ ടെൻഡറുകളും 14 ഹൈപ്രഷർ പമ്പ് സെറ്റുമെത്തിച്ച് 24 മണിക്കൂറും ഇടതടവില്ലാതെ വെള്ളം പമ്പുചെയ്താണ് മൂന്നാം ദിവസം അഗ്നിനാളങ്ങളെ തെല്ലൊന്ന് ശമിപ്പിച്ചത്. 400 ൽപ്പരം ഉദ്യോഗസ്ഥരും വിവിധ ഷിഫ്ടുകളിലായി 650 സിവിൽ ഡിഫൻസ് വോളന്റിയർമാരും രക്ഷാദൗത്യത്തിൽ പങ്കാളികളായി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആദ്യ ദിവസംതന്നെ ജില്ലാ ഫയർ ഓഫീസർക്ക് ചികിത്സ തേടേണ്ടിവന്നു. 13-ാം ദിവസം റീജിണൽ ഓഫീസറും ചികിത്സതേടി. അടിയന്തര ചികിത്സ കഴിഞ്ഞ് അന്നുതന്നെ തിരിച്ചെത്തിയ ജില്ലാ ഫയർ ഓഫീസർ പിന്നീടിതുവരെ ബ്രഹ്മപുരത്തുനിന്ന് പിന്മാറിയിട്ടില്ല. ഇതിനിടെ 30 പേരെ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ കാരണം ദൗത്യസംഘത്തിൽ നിന്ന് പിൻവലിച്ചു. നാലുപേർക്ക് കൈകാലുകളിൽ മുറിവും ഒരാളുടെ കാലിന് ഒടിവും സംഭവിച്ചു. ഒരുദ്യോഗസ്ഥൻ ചതുപ്പി​ൽ കഴുത്തറ്റം താണെങ്കി​ലും തലനാരിഴയ്ക്ക് രക്ഷപെടുത്താനായി. അവസാന പുകച്ചുരുളും ശമിപ്പിച്ചേ പിന്മാറൂ എന്ന നിശ്ചയദാർഢ്യത്തിൽ സേന പോരാട്ടം തുടർന്നു. കേരള ഫയർഫോഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഗ്നിരക്ഷാ ദൗത്യമാണ് ബ്രഹ്മപുരത്ത് നടക്കുന്നത്.

മാർച്ച് എട്ട് കേരള അഗ്നിശമനസേന പതാക ദിനമായിരുന്നു. അതും കൊച്ചിയിലുണ്ടായൊരു മഹാദുരന്തത്തിന്റെ ഓർമ്മ പുതുക്കലാണ്. 1984 മാർച്ച് എട്ടിന് അമ്പലമുകളിലുള്ള കൊച്ചിൻ റിഫൈനറിയിലുണ്ടായ തീപിടുത്തത്തെ തുടർന്ന് നാഫ്ത ടാങ്ക് പൊട്ടിത്തെറിച്ച് കൊച്ചി പ്രദേശം മുഴുവൻ കത്തിപടരുമായിരുന്ന ദുരന്തത്തെ അഗ്നിരക്ഷാസൈനികർ അതികഠിന പ്രയത്‌നത്താൽ വരുതിയിലാക്കി. ഇത്തവണ ആ ദിനത്തിൽ അത്രത്തോളം തന്നെ ഭീകരമായൊരു ദുരന്തത്തിൽനിന്ന് കൊച്ചിക്കാരെ രക്ഷിക്കാനുള്ള പോരാട്ടത്തിൽ മുഴുകേണ്ടിവന്നു ഫയർഫോഴ്സിന്.

ബ്രഹ്മപുരം മാലി​ന്യമലയി​ൽ അഴിമതിയുടെ വിഷവും കലർന്നത് കൊച്ചി​ക്ക് വെല്ലുവിളിയായി. കത്തിയതാണെങ്കിലും കത്തിച്ചതാണെങ്കിലും പാപഭാരം ഏറ്റുവാങ്ങാൻ നിയുക്തരായ കേരള ഫയർഫോഴ്സ് അവിടെ ചൊരിഞ്ഞ ത്യാഗത്തിന്റെ മഹത്വം മലയാളി മറക്കരുത്. ചീഞ്ഞുനാറിയ പ്ലാസ്റ്റിക്ക് കൂമ്പാരത്തിൽ പെരുമാറിയ കൈകൾ സോപ്പിട്ട് വൃത്തിയാക്കാതെ ദുർഗന്ധപൂരിതമായ ചുറ്റുപാടിലിരുന്ന് ഭക്ഷണം കഴിക്കേണ്ടിവന്ന സേനാംഗങ്ങളുടെ ഗതികേട് ചെറുതായിരുന്നില്ല.

സാധാരണ എന്ത് ദുരന്തമുണ്ടായാലും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകാൻ കുറെ സന്നദ്ധപ്രവർത്തകരും നാട്ടുകാരുമെങ്കിലുമുണ്ടാകും. എന്നാൽ ബ്രഹ്മപുരത്തെ വിഷപ്പുകയിൽ ഒളിഞ്ഞിരിക്കുന്ന അപകടം മണത്തിട്ടാവാം അവിടെ അഗ്നിരക്ഷാസേനയെ സഹായിക്കാൻ അവരുടെ സ്വന്തം സിവിൽ ഡിഫൻസ് വിംഗ് അല്ലാതെ പുറത്തുനിന്ന് ആരുമുണ്ടായില്ല. തീയും പുകയും ഏതാണ്ട് പൂർണമായും കെട്ടടങ്ങി. എങ്കിലും അവസാന പുകച്ചുരുളിന്റെ സാദ്ധ്യതയും ഇല്ലാതാക്കിയേ മടങ്ങൂ എന്ന പ്രതിജ്ഞയെടുത്തിരിക്കുകയാണ് ഈ ധീരജവാന്മാർ. അവരുടെ ആത്മത്യാഗത്തിനും കർമ്മകുശലതയ്ക്കും മുന്നിൽ ശിരസ് നമിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FIRE FORCE FIGHT IN BRAHMAPURAM PLANT FIRE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.