ആലപ്പുഴ: ബൈക്കിൽ കറങ്ങി നടന്ന് മൊബൈൽ ഫോൺ തട്ടിയെടുക്കുന്ന യുവാക്കൾ അറസ്റ്റിൽ. പത്തിയൂർ എരുവ് മുറിയിൽ കുട്ടേത്ത് തെക്കതിൽ വീട്ടിൽ ബിലാദ് (20), കീരിക്കാട് തെക്കുമുറിയിൽ എരിയപുറത്ത് വീട്ടിൽ ഷിഹാസ് (20), പത്തിയൂർ എരുവ മുറിയിൽ വലിയത്ത് കിഴക്കതിൽ വീട്ടിൽ അജിംഷാ (20) എന്നിവരാണ് അറസ്റ്റിലായത്.
ഓച്ചിറ ചൂനാട് റോഡിൽ കഴിഞ്ഞ ദിവസം വൈകിട്ട് യുവാവിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്ത കേസിലാണ് മൂന്നുപേരും അറസ്റ്റിലായത്. നൃത്തവിദ്യാലയത്തിന് മുൻവശത്ത് വച്ചായിരുന്നു സംഭവം. ആദിത്യൻ എന്നയാൾ സൈക്കിൾ ചവിട്ടി വരുമ്പോൾ ബൈക്കിൽ എത്തിയ പ്രതികൾ ഇയാളെ തടഞ്ഞ് നിർത്തി 28,000 രൂപ വിലവരുന്ന ഫോൺ ബലം പ്രയോഗിച്ച് എടുക്കുകയായിരുന്നു. തുടർന്ന് കായംകുളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇത്തരത്തിൽ നിരവധി മൊബൈൽ ഫോണുകൾ ഇവർ പിടിച്ചുപറിച്ചതായി പൊലീസ് പറഞ്ഞു. കായംകുളം ഡി വൈ എസ് പി അജയ് നാഥിന്റെ മേൽനോട്ടത്തിൽ സി ഐ മുഹമ്മദ് ഷാഫി, എസ് ഐ ഉദയകുമാർ വി, പൊലീസ് ഉദ്യോഗസ്ഥരായ ദീപക്ക് ജി, ഷാജഹാൻ, സബീഷ്, ഫിറോസ് എ എസ്, മുഹമ്മദ് ഷാൻ, ദീപക് വാസുദേവൻ, സുന്ദരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |