SignIn
Kerala Kaumudi Online
Wednesday, 14 October 2026 9.27 AM IST

പ്രതിപക്ഷ  പ്രതിഷേധം   തണുപ്പിക്കാൻ  അനുരഞ്ജന നീക്കവുമായി മന്ത്രി കെ രാധാകൃഷ്ണന്‍, മുഖ്യമന്ത്രിയും വി ഡി സതീശനും ചർച്ച നടത്തിയേക്കും

sabha

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം തണുപ്പിക്കാൻ അനുരഞ്ജന നീക്കവുമായി സർക്കാർ. ഇതിന്റെ ഭാഗമായി പാര്‍ലമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തിയേക്കും എന്നും റിപ്പോർട്ടുണ്ട്.

വി ഡി സതീശന്റെ മുറിയിലെത്തിയാണ് മന്ത്രി രാധാകൃഷ്ണൻ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. സഹകരിക്കുന്നതിൽ വിയോജിപ്പില്ലെന്നും എന്നാൽ പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളിൽ തീർപ്പുണ്ടാവണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അടിയന്തരപ്രമേയ നോട്ടീസ് തള്ളുന്ന സാഹചര്യം ഒഴിവാക്കണം. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷ എം എല്‍ എമാരെ ആക്രമിച്ച വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ക്കെതിരേയും രണ്ട് ഭരണപക്ഷ എം എല്‍ എമാര്‍ക്ക് എതിരേയും നടപടി വേണം. പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്നും വി ഡി സതീശൻ മന്ത്രിയോട് ആവശ്യപ്പെട്ടു. ഇവ അംഗീകരിക്കാമെങ്കിൽ സഭാ നടപടികളുമായി സഹകരിക്കാമെന്ന നിലപാടിലാണ് പ്രതിപക്ഷം. മുഖ്യമന്ത്രിയുമായുളള ചർച്ചയ്ക്ക് തടസമില്ലെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. എന്നാൽ പ്രതിപക്ഷം മുന്നോട്ടുവച്ച ആവശ്യങ്ങൾ എല്ലാം അംഗീകരിക്കാൻ ഭരണപക്ഷം തയ്യാറാകുമോ എന്ന് വ്യക്തമല്ല.

പ്രതിപക്ഷ ബഹളത്തെത്തുടർന്ന് കഴിഞ്ഞ ദിവസത്തേതിന് സമാനമായ രീതിയിൽ ഇന്നും ചോദ്യോത്തര വേള റദ്ദാക്കി സഭ പിരിയുകയായിരുന്നു. ഒമ്പത് മിനിട്ട് മാത്രമാണ് ഇന്ന് സഭ സമ്മേളിച്ചത്. ചോദ്യോത്തര വേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം മുദ്രാവാക്യങ്ങളുയർത്തി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളിൽ വാദി പ്രതിയായ പോലെയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വാദികളായ ഏഴ് എംഎൽഎമാർ പ്രതികളായി എന്നും പ്രതിപക്ഷ നേതാവ് വി ഡ‍ി സതീശൻ പറഞ്ഞു.ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. ഇതിനെതിരെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. ചോദ്യോത്തര വേളക്കിടയിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. തുടർന്ന് സ്പീക്കർ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫാക്കി.

മറുവശത്ത് ഭരണപക്ഷവും പ്രതിപക്ഷത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർത്തി. മുദ്രാവാക്യം വിളികളുമായി പ്രതിഷേധമുയർത്തിയ പ്രതിപക്ഷം, പ്ലക്കാർഡുമായി നടുത്തളത്തിൽ ഇറങ്ങി. തുടർന്ന് സ്പീക്കർ ചോദ്യോത്തരവേളയുടെ ബാക്കി റദ്ദ് ചെയ്യുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABHA, OPOSITION, CHIEF MINISTER, PROTESTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA