SignIn
Kerala Kaumudi Online
Sunday, 19 May 2024 8.03 PM IST

പെയ്യാനൊരുങ്ങി വിഷമേഘങ്ങൾ

photo

ബ്രഹ്മപുരം വിഷപുകയുടെ ആശങ്ക പെയ്തുതീർന്നിട്ടില്ല. രണ്ടാഴ്ചയോളം ശ്വസിച്ച വിഷവായു ജീവനെയും ജീവിതത്തെയും എങ്ങനെയൊക്കെ ബാധിക്കുമെന്ന ഭീതി ഒഴിയാതെയുണ്ട് പിന്നാലെ. കടമ്പ്രയാറിനോടു ചേർന്നാണ് ബ്രഹ്മപുരം സംസ്കരണകേന്ദ്രം. മഴ തുടങ്ങുന്നതോടെ, കത്തിയ പ്ളാസ്റ്റിക് ചാരത്തിൽ നിന്നു ഹാനികരമായ ഘനലോഹങ്ങൾ ഉൾപ്പെടെ കടമ്പ്രയാറിലേക്ക് ഒഴുകിയെത്തുമെന്നും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പരിസ്ഥിതിപ്രവർത്തകരുടെ മുന്നറിയിപ്പ് . എന്നാൽ ആദ്യ വേനൽമഴയിൽ അമ്ളാംശം ഉണ്ടായിരുന്നെന്ന പ്രചാരണങ്ങൾക്ക് ശാസ്ത്രീയ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

മാലിന്യക്കൂനയിൽ നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം നേരത്തെതന്നെ കടമ്പ്രയാറിനെ മലിനമാക്കിയിരുന്നു. നിലവിൽ പ്ളാന്റ് മുഴുവൻ പ്ളാസ്റ്റിക് കത്തിയ ചാരം മൂടിയ നിലയിലാണ്. കനത്തമഴയിൽ ഈ ചാരം മുഴുവൻ ഒലിച്ച് കടമ്പ്രയാറിലും അതുവഴി കൊച്ചിക്കായലിലും എത്തുമെന്നുറപ്പാണ്. ഇതു ജലാശയങ്ങളിലെ മത്സ്യസമ്പത്തിനെ ബാധിക്കും. തീപിടിത്തം മൂലമുള്ള പരിസ്ഥിതിമലിനീകരണം, അതുണ്ടാക്കുന്ന ദീർഘകാലആരോഗ്യപ്രശ്നങ്ങൾ എന്നിങ്ങനെയുള്ള ആധികൾ ജനങ്ങളുടെ ഉറക്കം കെടുത്തുന്നു.

കൊച്ചിക്ക്

ഇത് പുത്തരിയല്ല

2013 മുതൽ എല്ലാ വേനൽക്കാലത്തും പ്ളാന്റിലെ പ്ളാസ്റ്റിക് മാലിന്യത്തിന് തീ പിടിക്കുന്നത് സാധാരണമായതിനാൽ അതിനെ ലാഘവത്തോടെ കാണുകയായിരുന്നു കൊച്ചി കോർപ്പറേഷന്റെയും സർക്കാരിന്റെയും പതിവ് രീതി. ആദ്യ കാലങ്ങളിൽ മണ്ണിട്ട് തീ കെടുത്തിയിരുന്നു. 2019 ൽ നാലുദിവസം കഴിഞ്ഞാണ് തീയണയ്‌ക്കാൻ കഴിഞ്ഞത്. ഇത്തവണ കണക്കുകൂട്ടലുകളെല്ലാം തെറ്റി. ബ്രഹ്മപുരത്തെ തീവിഴുങ്ങി. ആ വിഷപുകയിൽ കൊച്ചി മുഴുവൻ മുങ്ങി. ആഗോളമാദ്ധ്യമങ്ങളിൽ ബ്രഹ്മപുരം പ്രധാന വാർത്തയായി.

മാലിന്യപ്രശ്നം

15 വർഷം മുമ്പും

ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ചു നൽകണമെന്ന നിയമം വന്നത് രണ്ടായിരത്തിലാണ്. എന്നാൽ 1998 ൽ തന്നെ കൊച്ചി അതു നടപ്പാക്കി. മാലിന്യം സംസ്കരിക്കാൻ സ്ഥലത്തിനുവേണ്ടി കോർപ്പറേഷൻ അലഞ്ഞുനടന്ന ഒരു കാലമുണ്ട്. 15 വർഷം മുമ്പ്. പിന്നീട് വി.എസ്. സർക്കാർ ബ്രഹ്മപുരത്ത് 110 ഏക്കർ ഭൂമി ഏറ്റെടുത്തു നൽകി. 2008ൽ ജൈവമാലിന്യ സംസ്കരണത്തിനായി ഇവിടെ പ്ളാന്റ് നിർമ്മിച്ചു. ഒരു ലോറി മാലിന്യം പോലും സംസ്കരിക്കാൻ നിവൃത്തിയില്ലാതിരുന്ന കൊച്ചി കോർപ്പറേഷൻ 2009ൽ ഏറ്റവും ശുചിത്വമുള്ള നഗരത്തിനുള്ള കേന്ദ്രസർക്കാരിന്റെ പുരസ്കാരം നേടി. പ്ളാസ്റ്റിക് ഷ്രെഡ് ചെയ്ത് റോഡ് നിർമ്മാണത്തിന് ഉപയോഗിച്ചു. ബ്രഹ്മപുരത്തേക്ക് പ്ളാസ്റ്റിക് കൊണ്ടുപോകരുതെന്ന അന്നത്തെ നിയമം അട്ടിമറിച്ചതാണ് 4.5 ലക്ഷം ഘനമീറ്റർ പ്ളാസ്റ്റിക് മലയുടെ രൂപീകരണത്തിലേക്ക് എത്തിച്ചത്.

കൊച്ചി നഗരത്തിൽ നിന്ന് 17 കിലോ മീറ്റർ അകലെ വടവുകോട് - പുത്തൻകുരിശ് പഞ്ചായത്തിലെ ബ്രഹ്മപുരത്ത് കൊച്ചി കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 110 ഏക്കർ സ്ഥലത്താണ് പ്ളാന്റ് സ്ഥിതിചെയ്യുന്നത്.

കൊച്ചി കോർപ്പറേഷന് പുറമെ കളമശേരി, തൃക്കാക്കര, അങ്കമാലി, ആലുവ, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികൾ, ചേരാനല്ലൂർ, കുമ്പളങ്ങി, വടവുകോട്- പുത്തൻകുരിശ് പഞ്ചായത്തുകൾ എന്നിവയാണ് പ്ളാന്റിലേക്ക് മാലിന്യം എത്തിക്കുന്നത്.

നിത്യേനയെത്തിയത്

306 ടൺ മാലിന്യം

ജൈവമാലിന്യം - 206 ടൺ

അജൈവമാലിന്യം - 100 ടൺ

സംസ്കരിക്കുന്നത് - 32 ടൺ

സംസ്കരിക്കാനുള്ളത് - 274 ടൺ

ജൈവമാലിന്യം വിൻട്രോ രീതിയിൽ സംസ്കരിച്ച് യന്ത്രസഹായത്തോടെ പൊടിച്ച് വളമാക്കുന്നു. പ്ളാസ്റ്റിക് മാലിന്യം സംസ്കരിക്കാൻ മുനിസിപ്പാലിറ്റികൾക്ക് സ്വന്തം നിലയിലുള്ള സംവിധാനമാണുള്ളത്.

ബയോമൈനിംഗിന് മുമ്പ് കെട്ടികിടന്നത് - 5.52 ലക്ഷം ഘനമീറ്റർ മാലിന്യം.

ബയോമൈനിംഗിന് ശേഷം ബാക്കിയായത് - 4.55 ലക്ഷം ഘനമീറ്റർ

ആർ.ഡി.എഫ് ( കത്തിക്കാൻ കഴിയുന്നവ ): 2.66 ലക്ഷം ഘനമീറ്റർ

പുനരുപയോഗിക്കാവുന്നവ: 5283 ഘനമീറ്റർ

പാഴ് വസ്തുക്കൾ - 1.50 ലക്ഷം ഘനമീറ്റർ

ബയോമൈനിംഗിലൂടെ സംസ്കരിച്ച് കഴിഞ്ഞത്: 97,510 ഘനമീറ്റർ

ഒഴിയാതെ പ്ളാസ്റ്റിക്

ജൈവമാലിന്യ സംസ്കരണമാണ് ബ്രഹ്മപുരത്ത് പേരിനെങ്കിലും നടക്കുന്നത്. പ്ളാസ്റ്റിക് മാലിന്യത്തിൽ നിന്ന് ആർ.ഡി.എഫ് (റെഫ്യൂസ് ഡിറൈവ്ഡ് ഫ്യുവൽ) ബ്ളോക്കുകൾ ഉണ്ടാക്കാൻ ലക്ഷ്യമിട്ടു പ്ളാന്റ് നിർമ്മിച്ചെങ്കിലും പരാജയമായി. സിമന്റ് ഫാക്ടറികളിലും വൈദ്യുതി പ്ളാന്റുകളിലും ഇന്ധനമായി ഉപയോഗിക്കുന്ന വസ്തുക്കളാണ് ആർ.ഡി.എഫ്. ബ്രഹ്മപുരത്ത് സംഭരിക്കുന്ന പ്ളാസ്റ്റിക് കിലോയ്ക്ക് ഒന്നരരൂപ നിരക്കിൽ കൈമാറാൻ ഭാരത് ട്രേഡേഴ്സ് എന്ന കമ്പനിയുമായി 2012 മുതൽ കോർപ്പറേഷന് ധാരണയുണ്ട്. എന്നാൽ പുനരുപയോഗിക്കാവുന്ന പ്ളാസ്റ്റിക് മാത്രമേ അവർ ഏറ്റെടുക്കുന്നുള്ളൂ. ബാക്കിയുള്ളവ അവിടെ തള്ളുകയായിരുന്നു പതിവ്. ഭാരത് ട്രേഡേഴ്സ് കമ്പനിക്ക് സ്ഥിരമായി കരാർ നീട്ടികൊടുക്കുന്നത് വിവാദമായതോടെ ഇപ്പോൾ ക്ളീൻ കേരള കമ്പനിയ്ക്ക് പ്ളാസ്റ്റിക് കൈമാറാൻ ധാരണയായി.

മാലിന്യസംസ്കരണത്തിനായി കോർപ്പറേഷൻ കഴിഞ്ഞ 15 വർഷം ചെലവഴിച്ചത് ഏകദേശം 150 കോടി രൂപയാണ്. മാലിന്യം സംസ്കരിക്കുന്നതിന് കരാർ കമ്പനിക്ക് 2022 വരെ ഒരു ടണ്ണിന് 550 രൂപ വീതമാണ് നല്കിയിരുന്നത്. 2022 ൽ ഒരു വർഷത്തേക്ക് പുതിയ കരാർ‌ നല്കിയപ്പോൾ ടണ്ണിന് തുക 492 രൂപയാക്കി കുറച്ചു.

ബ്രഹ്മപുരത്തേക്ക്

മാലിന്യമെത്തിക്കാൻ

ലോറിവാടക

2015-16 : 3.23 കോടി രൂപ

2016-17: 3.69 കോടി

2017-18: 4.77 കോടി

2018-19: 6.87 കോടി

2019-20: 7.83 കോടി

സംസ്കരണ ചെലവ്

2015-16 : 3.77 കോടി

2016-17: 3.97 കോടി

2017-18 : 4.52 കോടി

2018-19 : 4.77 കോടി

2019-20: 3.81 കോടി

എല്ലാ മാലിന്യവും

ബ്രഹ്മപുരത്തേക്ക്

2010 ഓടെ കേരളത്തിലെ മറ്റ് തദ്ദേശസ്ഥാപനങ്ങളെല്ലാം വികേന്ദ്രീകൃത മാലിന്യ സംസ്കരണ രീതികളിലേക്ക് തിരിഞ്ഞപ്പോഴും ബ്രഹ്മപുരം എന്ന അക്ഷയഖനി ഉള്ളതിനാൽ കോർപ്പറേഷൻ ആ വഴിക്ക് ചിന്തിച്ചില്ല. എല്ലാ മാലിന്യങ്ങളും ബ്രഹ്മപുരത്തേക്ക് എന്നതായിരുന്നു നയം. വീടുകളിലും കടകളിലും നിന്ന് ജൈവമാലിന്യം ശേഖരിക്കുന്ന അതേ ആളുകൾ തന്നെ ആഴ്ചയിൽ ഒരിക്കൽ പ്ളാസ്റ്റിക് എടുക്കുന്നതാണ് ഇവിടുത്തെ രീതി. ഹരിതകർമ്മസേന രൂപീകരണം പ്രഖ്യാപനത്തിൽ ഒതുങ്ങി. മാലിന്യം ശേഖരിക്കുന്നതിനു യൂസർ ഫീ ഈടാക്കുന്നുണ്ടെങ്കിലും ഈ തുക കോർപ്പറേഷന് ലഭിക്കില്ല. ഈ ഇനത്തിൽ ലക്ഷങ്ങളുടെ വരുമാനനഷ്‌ടമാണു കോർപ്പറേഷന് സംഭവിക്കുന്നത്.

(തുടരും )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BRAMAPURAM
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.