അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യർ. പല ദേശക്കാർ. പല ഭാഷകൾ. കടലിനിപ്പുറം വിട്ടുപോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓർമ്മകൾകൂടി ചേരുമ്പോൾ അത് അനുഭവങ്ങളുടെ കോക് ടെയിലാവുന്നു. എന്നാൽ അധികമാരും പറയാതെ പോയ ഒരു വിഭാഗം കൂടിയുണ്ട് പ്രവാസവുമായി ബന്ധപ്പെട്ട് ...മക്കളെ മറുകരയിൽ ഉപേക്ഷിക്കേണ്ടിവരുന്ന പ്രവാസി അമ്മമാർ!
സ്വന്തം കുഞ്ഞുങ്ങളെ ജന്മനാട്ടിലുപേക്ഷിച്ച് ജീവനോപാധികൾക്കും മറ്റും വിദേശനാടുകളിലേക്ക് വരുന്ന പ്രവാസികളായ അമ്മമാരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. താൻ ജന്മം നൽകിയ മക്കളെ ഒരുനോക്ക് നേരിൽ കാണാൻ കൊതിയോടെ കാത്തിരിക്കുന്ന പലപ്പോഴും അതിന് സാധിക്കാത്ത അമ്മമാരുടെ മനസ് വേദനകളുടെ കൂടാരമാണ്. (ഈ കുറിപ്പിൽ പ്രതിപാദിച്ചിരിക്കുന്ന വ്യക്തികളുടെ പേരുകൾ യഥാർത്ഥമല്ല).
ജനിച്ചു വീണ തന്റെ കുഞ്ഞിനൊപ്പം രണ്ടുമാസത്തോളം താമസിച്ചശേഷം പറക്കമുറ്റാത്ത കുഞ്ഞിനെ ഭർത്താവിന്റെയും അദ്ദേഹത്തിന്റെ മാതാപിതാക്കളുടെയും കൈയിൽ ഏല്‌പിച്ച് പുതുതായി തനിക്ക് ലഭിച്ച ആശുപത്രി ജോലിക്കായി ഒരു വർഷം മുൻപ് പ്രവാസഭൂമിയിലേക്ക് വന്ന നഴ്സാണ് സുജ. ആദ്യമൊക്കെ ഹോസ്റ്റൽ ജീവിതത്തോട് പൊരുത്തപ്പെടാൻ വളരെ പ്രയാസമായിരുന്നു. പിന്നീട് അത് ശീലമായി. ജോലി കഴിഞ്ഞുവന്ന ആദ്യകാലങ്ങളിലൊക്കെ ഉറക്കം ശരിയായിരുന്നില്ല. ഉറങ്ങാൻ കിടക്കുമ്പോൾ കുഞ്ഞിന്റെ കളിചിരികൾ മനസിൽ തെളിഞ്ഞുവരും. പിന്നീട് ഉറങ്ങാൻ കഴിയില്ല. പ്രസവശേഷം ഉടനടിയിൽ ജോലിയിൽ പ്രവേശിച്ചതിനാൽ ശാരീരികമായി ധാരാളം ബുദ്ധിമുട്ടുകളും അനുഭവിച്ചിരുന്നു. ഭർത്താവിനും വീട്ടുകാർക്കൊപ്പമാണ് കുഞ്ഞെങ്കിലും മാതൃത്വത്തിന്റെ വേദന സുജയെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. ഇപ്പോൾ കുഞ്ഞിന് ഒരു വയസ് തികയുന്നു. ഒരു വർഷം കഴിഞ്ഞു മാത്രമേ ആദ്യ അവധിയ്ക്ക് നാട്ടിലേക്ക് പോകാൻ കഴിയൂ. കലണ്ടറിൽ ഓരോ ദിനവും എണ്ണി കാത്തുകഴിയുകയാണ് അവർ. സുജയെപ്പോലെ നിരവധി അമ്മമാരാണ് പ്രവാസികളായി കഴിയുന്നത്.
പ്രവാസി നഴ്സായി ജോലി നോക്കുന്ന സോണിയയുടേയും കമ്പനി ജീവനക്കാരനായ സോജന്റേയും കഥ വ്യത്യസ്തമാണ്. രണ്ടുപേരും ഒരുമിച്ചാണ് താമസം. രണ്ട് കുട്ടികൾ. എന്നാൽ കുട്ടികൾ രണ്ടുപേരും നാട്ടിലാണ്. ഇരുവർക്കും ശമ്പളം കുറവായതിനാൽ മക്കളെ നാട്ടിൽ നിറുത്തിയിരിക്കുകയാണ്. ആൺകുട്ടി അച്ഛന്റെ വീട്ടിലും പെൺകുട്ടി അമ്മയുടെ വീട്ടിലും. രണ്ടുപേരും വിദ്യാർത്ഥികളാണ്. മക്കളുടെ വളർച്ച നേരിൽ കാണാൻ സാധിക്കാത്തതിന്റെയും ഓരോ പ്രായത്തിലും മക്കൾക്ക് നൽകേണ്ട വാത്സല്യവും സംരക്ഷണവും നൽകാൻ സാധിക്കാത്തതിന്റെയും പ്രയാസം രണ്ട് പേരുടെയും വാക്കുകളിലൂടെ മനസിലാക്കാം. മകൻ ലേശം ശുണ്ഠിക്കാരനാണ് . പലപ്പോഴും സോജന്റെ മാതാപിതാക്കൾ പറയുന്നത് അനുസരിക്കാറില്ല. ഫോൺ വിളിക്കുമ്പോൾ വളരെ നല്ല കുട്ടിയായി സംസാരിക്കുമെങ്കിലും പലപ്പോഴും ദേഷ്യസ്വഭാവം പ്രകടിപ്പിക്കാറുണ്ട്. ജോലി ഉപേക്ഷിച്ച് നാട്ടിൽപ്പോയി മക്കളോടൊപ്പം താമസിക്കാൻ ആഗ്രഹമുണ്ടെങ്കിലും സാഹചര്യം അതിന് അനുവദിക്കാറില്ലെന്ന് രണ്ടുപേരും പറയുന്നു.
പെൺകുട്ടികളുടെ ഏറ്റവും വലിയ സുഹൃത്ത് അവരുടെ അമ്മമാരായിരിക്കും. ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഒരുപക്ഷേ അവർ അമ്മമാരുമായാവും പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നത്. സ്വന്തം പെൺമക്കൾ രണ്ടുപേരും നാട്ടിൽ വളരുന്നതിന്റെ ആകുലതകളുമായി ജീവിക്കുകയാണ് നഴ്സായ സോഫി. സോഫിയുടെ ഭർത്താവ് നേരത്തെ ഒരു വാഹനാപകടത്തിൽ മരിച്ചുപോയി. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം, ജീവിതസഹചര്യങ്ങൾ തുടങ്ങിയവ സോഫിയയെ പ്രവാസജീവിതത്തിലേക്ക് നയിച്ചു. വളർന്ന് വരുന്ന രണ്ട് പെൺകുട്ടികളെക്കുറിച്ചുള്ള ആശങ്ക എന്നും സോഫിയയെ അലട്ടിക്കൊണ്ടിരിക്കുന്നു. അല്പനേരം കിട്ടിയാൽ കുഞ്ഞുങ്ങളോട് സംസാരിക്കാനാണ് അവർ ഇഷ്ടപ്പെടുന്നത് . സോഫിയയെപ്പോലെ സ്വന്തം പെൺകുഞ്ഞുങ്ങളെ നാട്ടിലാക്കി പ്രവാസജോലികളിൽ മുഴുകി ജീവിക്കുന്ന അനേകം മാതാക്കൾ നമുക്ക് ചുറ്റിലുമുണ്ട്.
ഭർത്താവിന്റേയും വീട്ടുകാരുടേയും നിർബന്ധത്തിനു വഴങ്ങി സ്വന്തം കുഞ്ഞിനെ നാട്ടിൽ വിട്ടിട്ട് പ്രവാസ ജീവിതത്തിലേക്ക് കടന്ന് വന്നതാണ് രേഖ. അവൾ കഷ്ടപ്പെട്ട് അധ്വാനിക്കുന്ന പണം നാട്ടിലേക്ക് ചെല്ലുന്നതും കാത്തിരിക്കുന്ന കുടുംബം. എന്നാൽ അവൾക്ക് താൻ നൊന്ത് പ്രസവിച്ച മകനെക്കുറിച്ചുള്ള ആധികളാണ്. അവന്റെ കളിചിരികൾ, സ്‌നേഹം, സ്‌കൂളിൽ പോകുന്നതിന്റെ വിശേഷങ്ങൾ ഇങ്ങനെ നിരവധി കാര്യങ്ങൾ രേഖയെ അലട്ടിക്കൊണ്ടിരിക്കുന്നു.
നഴ്സായി ജോലി നോക്കുന്ന ജെനി സ്വരുക്കൂട്ടിയ സമ്പാദ്യമെല്ലാം എടുത്താണ് , മോനെ മെക്കാനിക്കൽ എൻജിനീയറിംഗിന് ചേർത്തത്. എൻജിനീയറായി വന്ന് നല്ലൊരു ജോലിക്ക് കയറിയാൽ ജീവിതം ഭദ്രമാവുമെന്ന് അവർ സ്വപ്നം കണ്ടു. മൂന്നാം വർഷത്തിന് പഠിക്കുന്ന അവന് ഇനി പഠിക്കേണ്ട. മടുത്തു, ഇനി പഠിക്കാൻ വയ്യെന്നാണത്രേ അവൻ പറയുന്നത്. പലപ്പോഴും ഫോണിലൂടെ ഒരുപാട് സമയം ജെനി മകനുമായി വഴക്കടിച്ചു. അവനെന്താ എന്നെ മനസിലാവാത്തതെന്ന് അവർ ചോദിക്കുന്നു. ജീവിതത്തിലെ മുഴുവൻ സമ്പാദ്യവും ചെലവാക്കിയിട്ട് ഇപ്പോൾ ആർക്കും ഉപകാരമില്ലാത്ത വിധത്തിൽ ഞാൻ സമ്പാദിച്ചതെല്ലാം പാഴായി? അത് പറയുമ്പോൾ ജെനിയുടെ കണ്ഠമിടറി.
(കുവൈറ്റിൽ മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ കീഴിൽ കെ.ഒ.സി ഹോസ്പിറ്റലിൽ രജിസ്‌റ്റേഡ് നഴ്സായി ജോലി നോക്കുകയാണ് ലേഖകൻ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |