മനുഷ്യാവകാശലംഘനങ്ങൾ നടക്കുന്നതൊക്കെ പൊലീസ് സ്റ്റേഷനിലോ ജയിലിലോ ഏറ്റുമുട്ടൽ വെടിവയ്പ്പിലോ ഒക്കെ ആണെന്നാണല്ലോ നമ്മുടെ പൊതുവിചാരം. എന്നാൽ മനുഷ്യാവകാശമാണ് എവിടെയും വഞ്ചിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നത്. അധികാരത്തിന്റെ ഉദാസീനത
കൊണ്ട് കഷ്ടനഷ്ടങ്ങൾ അനുഭവിക്കേണ്ടിവരുമ്പോൾ, സുരക്ഷിതമെന്ന് കരുതുന്നിടത്തു മനഃപൂർവം അരക്ഷിതത്വം സൃഷ്ടിക്കുമ്പോൾ, നിലവിലുണ്ടെന്ന് കരുതുന്ന അവകാശങ്ങൾ യാതൊരു നീതീകരണവും മുന്നറിയിപ്പുമില്ലാതെ അപഹരിക്കപ്പെടുമ്പോൾ, ശാരീരികമായി ദണ്ഡമേൽപ്പിക്കപ്പെടുമ്പോൾ, ഭീഷണിപ്പെടുത്തുമ്പോൾ , ലൈംഗികമായി ഉപദ്രവിക്കപ്പെടുമ്പോൾ, അർഹതപ്പെട്ട ഇടങ്ങളിൽനിന്ന് ഒഴിവാക്കപ്പെടുമ്പോഴൊക്കെ മനുഷ്യാവകാശങ്ങൾക്ക് ക്ഷതം സംഭവിച്ചുകൊണ്ടേയിരിക്കുന്നു.
അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ഇന്നോ മറ്റോ ആണെന്ന് തെറ്റിദ്ധരിച്ചെഴുതിയല്ല ഈ കുറിപ്പ്. എല്ലാ വർഷവും ഡിസംബർ പത്തിന് നമ്മളൊക്കെ മനുഷ്യാവകാശ സംരക്ഷകരുടെ വേഷമിടുകയും സമുചിതമായ ആഘോഷങ്ങൾക്ക് ശേഷം അന്ന് വൈകുന്നേരം തന്നെ അതഴിച്ചുവയ്ക്കുകയും ചെയ്യാറുണ്ടല്ലോ. ഇപ്പോൾ മനുഷ്യാവകാശത്തെക്കുറിച്ചു ചിന്തിക്കാൻ പ്രേരിപ്പിച്ചത്
(പ്രകോപിപ്പിച്ചത്) കേരള സർവകലാശാലാ ലൈബ്രറിയിലെ ഒരനുഭവമാണ്. (ആ ലൈബ്രറിയെ എന്നും എന്റെ സർവകലാശാലയായി കാണുകയും ആദരിക്കുകയും ചെയ്യുന്നയാളാണ് ഞാൻ. അവിടത്തെ സ്റ്റാഫ് അംഗങ്ങൾ ക്ഷമയോടെയും മര്യാദയോടെയും കാര്യക്ഷമതയോടെയും പ്രവർത്തിക്കുന്നവരുമാണ്.) അവരെക്കുറിച്ചല്ല പരാതി. ഞാനൊരു പിശുക്കനല്ല. ആവശ്യത്തിന് പണം വ്യയം ചെയ്യുന്നതിന് എനിക്ക് മടിയില്ല. എന്നാൽ നീതീകരിക്കാനാവാത്ത തരത്തിൽ ഒരു രൂപ ചെലവിടുന്നത് പോലും എന്നെ അസ്വസ്ഥനാക്കും.
പലതരം സാമ്പത്തിക നീതികേടുകളുണ്ട്. ചൂഷണം, കബളിപ്പിക്കൽ, തെറ്റിദ്ധരിപ്പിക്കൽ, അപഹരിക്കൽ എന്നിങ്ങനെ പലവിധം. എന്നാൽ അതൊന്നും വലിയ അസ്വസ്ഥതയ്ക്കു ഹേതുവാകാറില്ല. കാരണം കബളിപ്പിക്കൽ തന്ത്രം അഥവാ ചൂഷണതന്ത്രം പ്രയോഗിച്ച വ്യക്തിക്ക് ചില ഗതികേടുകളുണ്ടാവും. എന്നാൽ ഇവിടെ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ സംഭവിച്ചത് ചൂഷണമല്ല, കബളിപ്പിക്കലല്ല, തെറ്റിദ്ധരിപ്പിക്കലല്ല, അപഹരിക്കലല്ല. കൃത്യമായ മനുഷ്യാവകാശ ലംഘനം മാത്രം. ലൈബ്രറിയിൽ നിന്ന് പുസ്തകമെടുത്തിട്ടു നിശ്ചിത ദിവസം തിരികെ കൊടുത്തില്ലെങ്കിൽ ഫൈൻ അടയ്ക്കണം. വീഴ്ച വരുത്തുന്ന ഓരോ ദിവസവും ഒരു രൂപയോ മറ്റോ ആയിരുന്നു പിഴത്തുക. ഞാൻ രണ്ടുപുസ്തകങ്ങൾ എടുത്തത് തിരികെ കൊടുക്കേണ്ട സമയം ഡിസംബറിൽ കഴിഞ്ഞു. കൂടുതൽ ഫൈൻ
കൊടുക്കേണ്ടെന്ന് കരുതി ഈ അടുത്ത ദിവസം പുസ്തകങ്ങൾ പുതുക്കാൻ കൊടുത്തയച്ചു, ഫൈനടയ്ക്കാനായി നൂറുരൂപയും ഏല്‌പ്പിച്ചു. പക്ഷേ ദൂതൻ തിരികെ വന്നത് അറുനൂറു രൂപയുടെ രസീതുമായി. ഫൈൻ തുക സർവകലാശാല വർദ്ധിപ്പിച്ചതാണ് കാരണം.
ങ്‌ഹേ? ഇതൊക്കെ നമ്മൾ അറിയണ്ടേ? ഇതൊക്കെ രഹസ്യമായി ചെയ്യേണ്ടതാണോ? കൂടുതൽ ഗവേഷണം നടത്തിയപ്പോൾ സംഗതി നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിരുന്നതായി അറിയാൻ കഴിഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് മുതൽ പുസ്തകം വൈകുന്ന ഓരോ ദിവസവും ആദ്യ മാസം രണ്ടുരൂപ, രണ്ടാം മാസം നാലുരൂപ, മൂന്നാം മാസം അഞ്ചു രൂപ എന്ന നിരക്കുകൾ പ്രാബല്യത്തിൽ വന്നുവത്രേ. സർവകലാശാല സിൻഡിക്കേറ്റ് മേയ് മാസത്തിലെടുത്ത തീരുമാനമാണ്.
നിരക്ക് വർദ്ധിപ്പിച്ചതിൽ പരാതിയില്ല. പാചക ഗ്യാസിനും പെട്രോളിനും സിമെന്റിനും കമ്പിക്കും കടുകിനും മുളകിനുമെല്ലാം വില വർദ്ധിച്ചില്ലേ? പിന്നെ പിഴത്തുക എന്തിനു വർദ്ധിപ്പിക്കാതിരിക്കണം? പരാതി അതല്ല. പഴയ നിരക്കുകൾ മാറിയെന്ന വിവരം അറിയിക്കാൻ സ്വീകരിച്ച മാർഗമാണ് പ്രശ്നം. ഒരു രൂപയല്ലേ പിഴയുള്ളൂ എന്ന് കരുതി പുസ്തകം കൈവശം വച്ചുകൊണ്ടിരിക്കുന്ന മടിയന്മാരെ ഒരു കാർഡ് വഴിയോ, അല്ലെങ്കിൽ പണച്ചെലവില്ലാതെ ഒരു ഇ - മെയിൽ വഴിയോ, അതുമല്ലെങ്കിൽ ഒരുഗ്രൂപ്പ് എസ്.എം.എസ് വഴിയോ ഒന്നറിയിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു? എത്ര ഹൃദ്യമാകുമായിരുന്നു? അംഗങ്ങൾക്ക് ഈ വിവരം അറിയാൻ അവകാശമുണ്ടെന്നതിനു അംഗീകാരമാവുമായിരുന്നു
എന്നതാണ് പരമപ്രധാനം. ആ വിവരം അറിഞ്ഞ ഉടനെ തന്നെ എത്രപേർ പുസ്തകം ഉടനേ തിരികെ തരുമായിരുന്നില്ലേ!. (നൂറ്റിനാല്പതു രൂപയുടെയും ഇരുനൂറു രൂപയുടെയും രണ്ടു പുസ്തകങ്ങൾക്കാണ് ഞാൻ അറുനൂറു രൂപ പിഴയൊടുക്കിയത്.) ഈ പ്രധാനവിവരം അറിയാനുള്ള അംഗങ്ങളുടെ അവകാശത്തിനു വിലയില്ലേ? അത് നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമല്ലെങ്കിൽ
പിന്നെ എന്താണ്?
അംഗങ്ങൾക്ക് എടുക്കാനല്ലേ ഈ പുസ്തകങ്ങൾ? അംഗങ്ങളില്ലെങ്കിൽ ഒരു ലൈബ്രറി എത്ര മൃതപ്രായമായിരിക്കും. അംഗങ്ങളല്ലേ ഒരു ലൈബ്രറിയുടെ ഏറ്റവും പ്രധാന ഘടകം? അംഗങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിച്ചത് എങ്ങനെ നീതീകരിക്കും? പക്ഷേ ആരോടാണ് എന്റെ പ്രതിഷേധവും ധാർമ്മികരോഷവും? ഒരു വ്യക്തിയോടല്ല. നിരക്ക് വർദ്ധിപ്പിച്ച അധികാരികളോടല്ല. നടപ്പിൽ വരുത്തിയ ഉദ്യോഗസ്ഥരോടല്ല. രസീത് മുറിച്ചുതന്ന സ്റ്റാഫംഗത്തോടല്ല. ഒരു മനോഭാവത്തോടാണ്. 'ഇതൊക്കെ മതി; ഇവരെയൊക്കെ എന്തിനു ഇതൊക്കെ അറിയിക്കണം. ഞങ്ങളുടെ നോട്ടീസ് ബോർഡ് ഇവർക്ക് വന്ന് നോക്കിക്കൂടെ?' എന്ന തുച്ഛീകരണ മനോഭാവത്തോടാണ് പ്രതിഷേധം. കാലം മാറിയതും പഴയ ശീലങ്ങളെ ടെക്‌നോളജി അപ്രസക്തവും പരിഹാസ്യവുമാക്കിയതും അറിയാത്തതിലാണ് സങ്കടം.
വിരൽ ചൂണ്ടി 'മാറ്റുവിൻ ചട്ടങ്ങളെ ' എന്ന് പറഞ്ഞ് തൊട്ടുമുന്നിൽ നിൽക്കുന്ന മഹാകവിയെ കേൾക്കാത്തതിലാണ് വിഷമം. ഈ മനോഭാവത്തിന്റെ പകർപ്പവകാശം യൂണിവേഴ്സിറ്റി ലൈബ്രറിക്ക് മാത്രമല്ലെന്ന അറിവിലാണ് നൈരാശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |