കണ്ണൂർ: ഇടതുമുന്നണി കൺവീനറും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ ഇ.പി. ജയരാജന്റെ കുടുംബത്തിന് പങ്കാളിത്തമുള്ള വിവാദമായ കണ്ണൂർ വൈദേകം റിസോർട്ടിനെതിരായ പരാതിയിൽ അന്വേഷണം തുടരാൻ വിജിലൻസ്. റിസോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളിലെ വ്യക്തതയ്ക്കായി കെട്ടിട നിർമ്മാണ എൻജിനിയർമാർ ഉൾപ്പെട്ട വിദഗ്ദ്ധ സംഘത്തിന് രൂപം നൽകും. ഇതിനായി അന്വേഷണ സംഘം വിജിലൻസ് ഡയറക്ടറുടെ അനുമതി തേടും. വിദഗ്ദ്ധ സംഘത്തിന്റെ പരിശോധനയ്ക്കുശേഷമാകും പരാതിയിൽ കേസെടുക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. കൂടുതൽ പരിശോധന ആവശ്യമാണെന്നാണ് വിജിലൻസ് പറയുന്നത്.
റിസോർട്ട് നിർമ്മാണത്തിൽ അഴിമതി ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ജോബിൻ ജേക്കബ് നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം വിജിലൻസ് സംഘം റിസോർട്ടിൽ പ്രാഥമിക പരിശോധന നടത്തിയിരുന്നു. റിസോർട്ട് നിർമ്മാണത്തിന് ആന്തൂർ നഗരസഭ വഴിവിട്ട സഹായം നൽകിയെന്ന ആരോപണത്തിൽ നഗരസഭാ ഓഫീസിലും പരിശോധന നടത്തി.
പരാതിക്കാരനിൽ നിന്നും ഫോൺ വഴിയാണ് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചത്. കേസെടുക്കേണ്ടി വന്നാൽ പരാതിക്കാരന്റെ വിശദമായ മൊഴി രേഖപ്പെടുത്തും. മുൻമന്ത്രി കൂടിയായ ഇ.പി ജയരാജന്റെ സ്വാധീനത്താൽ ആന്തൂർ നഗരസഭാ ചെയർപേഴ്‌സണും സെക്രട്ടറിയും മറ്റുദ്യോഗസ്ഥരും ചേർന്ന് റിസോർട്ടിനായി ഗൂഢാലോചന നടത്തിയെന്ന് പരാതിയിലുണ്ട്. റിസോർട്ട് നിർമ്മാണത്തിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യമുണ്ട്. അതേസമയം, നികുതി സംബന്ധിച്ച കണക്കുകൾ നാളെ ഹാജരാക്കാൻ റിസോർട്ട് അധികൃതരോട് ആദായ നികുതി വകുപ്പ് ടി.ഡി.എസ് വിഭാഗം നിർദ്ദേശിച്ചു. നേരത്തെ നടത്തിയ പരിശോധനയിൽ കസ്റ്റഡിയിലെടുത്ത രേഖകളിൽ വ്യക്തത വരുത്താനാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |